---
title: "സ്നേഹ മെർലിൻ അറസ്റ്റിൽ...! 14കാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസ്, തളിപ്പറമ്പ്  സ്വദേശിനി കുടുങ്ങിയത്  മയ്യിലിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ  "
english_title: "Kasaragod POCSO Case: Woman with 3 Prior Cases Arrested for Sexually Abusing 14-Year-Old Girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376789/kasaragod-pocso-case-sneha-merlin-arrested-kannur"
published_at: "2026-08-05T13:29:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72f0f3f38c9_kasaragod-pocso-case-sneha-merlin-arrested-kannur.jpg"
keywords: ["Kasaragod POCSO Case", "Sneha Merlin Arrest", "Kasaragod POCSO", "Child Abuse", "POCSO Case"]
---

# സ്നേഹ മെർലിൻ അറസ്റ്റിൽ...! 14കാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസ്, തളിപ്പറമ്പ്  സ്വദേശിനി കുടുങ്ങിയത്  മയ്യിലിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ  

> **Lead Summary:** കാസർകോട്: കാസർകോട് 14കാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി സ്നേഹ മെർലിൻ അറസ്റ്റിൽ. തളിപ്പറമ്പ് പുള്ളിപ്പറമ്പ് സ്വദേശിനിയായ 25കാരിയെ കണ്ണൂർ മയ്യിലിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ മേൽപ്പറമ്പ് പൊലീസാണ് പിടികൂടിയത്.

## Article Content

കാസർകോട്: കാസർകോട് 14കാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി സ്നേഹ മെർലിൻ അറസ്റ്റിൽ. തളിപ്പറമ്പ് പുള്ളിപ്പറമ്പ് സ്വദേശിനിയായ 25കാരിയെ കണ്ണൂർ മയ്യിലിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ മേൽപ്പറമ്പ് പൊലീസാണ് പിടികൂടിയത്.

ഇരുപത്തിയഞ്ചുകാരിക്കെതിരെ ഇത് നാലാമത്തെ പോക്സോ കേസാണ്. ഇതിനുമുമ്പ് മൂന്ന് പോക്സോ കേസുകളും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് സ്നേഹ.

ഒരു വർഷത്തോളം സ്നേഹ പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നു. അമ്മ വീട്ടിലുള്ള സമയത്തും പീഡനം നടന്നതായി പെൺകുട്ടി മൊഴി നൽകി. ഇന്നലെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തത്.

പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയതിന് ശേഷമാണ് സ്നേഹയുടെ അതിക്രമം പുറത്തുവന്നത്. സ്നേഹയും ലഹരി വിൽപ്പന കേസിലെ പ്രതിയായ പെൺകുട്ടിയുടെ അമ്മയും കണ്ണൂരിലെ ജയിലിൽ വെച്ചാണ് പരിചയപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.

2025 മാർച്ച് 14നാണ് സ്നേഹ മെർലിൻ അവസാനമായി അറസ്റ്റിലായത്. 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലായിരുന്നു അത്. സ്കൂൾ വിദ്യാർഥിനിയുടെ ബാഗിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ കണ്ടെത്തിയതിനെ തുടർന്ന് അധ്യാപകർ വിവരമറിയിക്കുകയും ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിൽ പീഡന വിവരം പുറത്തുവരികയുമായിരുന്നു.

ആവർത്തിച്ച് പോക്സോ കേസുകളിൽ പ്രതിയായിട്ടും ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റം ചെയ്തതാണ് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376789/kasaragod-pocso-case-sneha-merlin-arrested-kannur)