---
title: "‘ഡോൾഫിൻ’ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി മഴ ശക്തമാകാൻ സാധ്യത, നാശനഷ്ടം കനക്കുന്നു"
english_title: "Heavy Rain Alert in Kerala: Orange Alert in 9 Districts, Schools Closed in 10 Districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376778/kerala-heavy-rain-orange-alert-9-districts-dam-opened"
published_at: "2026-08-05T13:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72e9303f221_kerala-heavy-rain-orange-alert-9-districts-dam-opened.jpg"
keywords: ["Kerala Rain", "Heavy Rain", "Dolphin Cyclone", "IMD", "Kerala Weather"]
---

# ‘ഡോൾഫിൻ’ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി മഴ ശക്തമാകാൻ സാധ്യത, നാശനഷ്ടം കനക്കുന്നു

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി മഴ ശക്തമാകാൻ സാധ്യത. പസഫിക് മഹാസമുദ്രത്തിലെ ‘ഡോൾഫിൻ’ ചുഴലിക്കാറ്റിന്റെയും തെക്കൻ തമിഴ്നാട് തീരത്തെ ചക്രവാത ചുഴിയുടെയും സ്വാധീനമാണ് കാലാവസ്ഥയിൽ മാറ്റം വരുത്തുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി മഴ ശക്തമാകാൻ സാധ്യത. പസഫിക് മഹാസമുദ്രത്തിലെ ‘ഡോൾഫിൻ’ ചുഴലിക്കാറ്റിന്റെയും തെക്കൻ തമിഴ്നാട് തീരത്തെ ചക്രവാത ചുഴിയുടെയും സ്വാധീനമാണ് കാലാവസ്ഥയിൽ മാറ്റം വരുത്തുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാലാണ് ജാഗ്രതാ നിർദേശം. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് മഴയുടെ തീവ്രത കൂടുതൽ.

മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചു.അടുത്ത മൂന്നു ദിവസവും 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കനത്ത മഴ കണക്കിലെടുത്ത് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

**നാശനഷ്ടം കനക്കുന്നു**

മഴക്കെടുതിയിൽ ഇതുവരെ 26 പേർ മരിച്ചു. ഇന്ന് രാവിലെ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 462 ദുരിതാശ്വാസ ക്യാമ്പുകളിലായി 27,048 പേർ കഴിയുന്നുണ്ട്. മഴക്കെടുതിയിൽ 67.44 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി അറിയിച്ചു.

കനത്ത മഴയെത്തുടർന്ന് 53 വീടുകൾ പൂർണമായും 588 വീടുകൾ ഭാഗികമായും തകർന്നു. നിരവധി റോഡുകളിലും ഗതാഗത തടസ്സം നേരിടുന്നുണ്ട്.ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 14 ഡാമുകളുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു. കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായത്തിൽ ‘ഡോൾഫിൻ’ ചുഴലിക്കാറ്റിന്റെ പരോക്ഷ സ്വാധീനം കാരണം കേരളതീരത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.

അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376778/kerala-heavy-rain-orange-alert-9-districts-dam-opened)