---
title: " വിചാരണക്കോടതി വിധിയിൽ പിഴവുണ്ടെന്ന്;  കാട്ടാക്കട പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ ശിക്ഷാവിധി മരവിപ്പിച്ചു"
english_title: "Supreme Court Stays Life Sentence of Priyaranjan in Kattakada Adhisekhar Hit-and-Run Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376774/kattakada-adhisekhar-case-supreme-court-stay-life-sentence-priyanjan-bail"
published_at: "2026-08-05T12:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72e7619584f_kattakada-adhisekhar-case-supreme-court-stay-life-sentence-priyanjan-bail.jpg"
keywords: ["Adhisekhar Death Case", "Kattakada Accident Death", "Supreme Court", "Court"]
---

#  വിചാരണക്കോടതി വിധിയിൽ പിഴവുണ്ടെന്ന്;  കാട്ടാക്കട പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ ശിക്ഷാവിധി മരവിപ്പിച്ചു

> **Lead Summary:** തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജന് സുപ്രീംകോടതിയുടെ ഇടക്കാല ആശ്വാസം. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ മരവിപ്പിച്ച കോടതി, പ്രതിക്ക് ജാമ്യം കൂടി അനുവദിച്ചു.

## Article Content

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജന് സുപ്രീംകോടതിയുടെ ഇടക്കാല ആശ്വാസം. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ മരവിപ്പിച്ച കോടതി, പ്രതിക്ക് ജാമ്യം കൂടി അനുവദിച്ചു.

ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിയിൽ പിഴവുണ്ടെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ആദിശേഖറിനെ കൊല്ലാനുള്ള ഉദ്ദേശം പ്രതിക്ക് ഇല്ലായിരുന്നു എന്ന് വിചാരണക്കോടതി തന്നെ പറഞ്ഞിരുന്നു. ഈ നിരീക്ഷണം ഉണ്ടായിട്ടും ജീവപര്യന്തം ശിക്ഷ വിധിച്ചതിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നടപടി.

2023 ആഗസ്റ്റ് 30നാണ് സംഭവം. പൂവച്ചൽ സ്വദേശിയായ 15കാരൻ ആദിശേഖർ പുളിങ്കോട് ക്ഷേത്രത്തിന് മുന്നിലൂടെ നടക്കുമ്പോൾ പൂവച്ചൽ സ്വദേശി പ്രിയരഞ്ജൻ ഓടിച്ച കാറിടിച്ച് മരിക്കുകയായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന പ്രിയരഞ്ജൻ ഓണം പ്രമാണിച്ച് നാട്ടിൽ വന്നതായിരുന്നു.

തുടക്കത്തിൽ അപകടമാണെന്നായിരുന്നു കരുതിയത്.എന്നാൽ സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കേസിന് വഴിത്തിരിവുണ്ടായത്. കുട്ടിയെ മനപ്പൂർവം വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി.

മാസങ്ങൾക്ക് മുമ്പ് ക്ഷേത്രപരിസരത്ത് പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ മകനെ കൊലപ്പെടുത്തിയതാണെന്ന് ആദിശേഖറിന്റെ മാതാപിതാക്കൾ പൊലീസിന് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി.

കേസിൽ വിചാരണക്കോടതി പ്രിയരഞ്ജന് ജീവപര്യന്തം കഠിനതടവ് വിധിച്ചിരുന്നു. ഈ വിധിക്കെതിരെ പ്രതി നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. കൊല്ലാനുള്ള ഉദ്ദേശമില്ലെന്ന് കോടതി നിരീക്ഷിച്ചിട്ടും കടുത്ത ശിക്ഷ വിധിച്ചത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ശിക്ഷ മരവിപ്പിച്ചതോടൊപ്പം അപ്പീൽ തീർപ്പാകുന്നത് വരെ പ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതോടെ പ്രിയരഞ്ജൻ ജയിലിൽ നിന്ന് പുറത്തിറങ്ങും. കേസ് സുപ്രീംകോടതി പിന്നീട് വീണ്ടും പരിഗണിക്കും. സംഭവം നാടിനെ മുഴുവൻ നടുക്കിയിരുന്നു. വിധിയിൽ കുടുംബവും നാട്ടുകാരും ആശങ്ക അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376774/kattakada-adhisekhar-case-supreme-court-stay-life-sentence-priyanjan-bail)