---
title: "ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും പീഡനം; വീട്ടിൽ നിന്ന് വലിച്ചിറക്കി ബലാത്സംഗക്കേസ് പ്രതിയെ ജനക്കൂട്ടം തല്ലിക്കൊന്നു "
english_title: "Jharkhand: Man Accused of Rape Beaten to Death by Mob in Chatra, 3 Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376766/jharkhand-chatra-mob-lynching-rape-accused-killed"
published_at: "2026-08-05T12:29:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72e021b48a6_jharkhand-chatra-mob-lynching-rape-accused-killed.jpg"
keywords: ["Jharkhand Mob Lynching", "Rape Accused Killed", "Mob Violence India", "Jharkhand Police"]
---

# ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും പീഡനം; വീട്ടിൽ നിന്ന് വലിച്ചിറക്കി ബലാത്സംഗക്കേസ് പ്രതിയെ ജനക്കൂട്ടം തല്ലിക്കൊന്നു 

> **Lead Summary:** **ഛത്ര: ** ബലാത്സംഗക്കേസ് പ്രതിയെ ഗ്രാമവാസികൾ കൂട്ടംചേർന്ന് അടിച്ചുകൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഝാർഖണ്ഡിലെ ഛത്ര ജില്ലയിലാണ് സംഭവം. 2023-ലെ മറ്റൊരു പീഡനക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്നയാൾ, ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഗ്രാമത്തിലെ മറ്റൊരു പെൺകുട്ടിയെയും പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് ജനക്കൂട്ടം ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.

## Article Content

**ഛത്ര: ** ബലാത്സംഗക്കേസ് പ്രതിയെ ഗ്രാമവാസികൾ കൂട്ടംചേർന്ന് അടിച്ചുകൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഝാർഖണ്ഡിലെ ഛത്ര ജില്ലയിലാണ് സംഭവം. 2023-ലെ മറ്റൊരു പീഡനക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്നയാൾ, ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഗ്രാമത്തിലെ മറ്റൊരു പെൺകുട്ടിയെയും പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് ജനക്കൂട്ടം ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരത്തോടെ പ്രാഥമിക ആവശ്യങ്ങൾക്കായി പുറത്തുപോയ പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുടുംബാംഗങ്ങൾ രാത്രി മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ പെൺകുട്ടി തനിക്ക് നേരിട്ട ദുരനുഭവം വീട്ടുകാരോട് വിവരിച്ചു.

തുടർന്ന് പ്രകോപിതരായ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് പ്രതിയെ വീട്ടിൽ നിന്ന് വലിച്ചിറക്കി ലാത്തികളും കല്ലുകളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ടാണ്ട്വ സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്.ഡി.പി.ഒ) പ്രഭാത് രഞ്ജൻ ബർവാറാണ് മൂന്ന് പേരുടെ അറസ്റ്റ് വിവരം സ്ഥിരീകരിച്ചത്. 2023-ലെ കേസിൽ ജയിലിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയതെന്നും എസ്.ഡി.പി.ഒ വ്യക്തമാക്കി. നിലവിൽ പ്രദേശത്ത് ക്രമസമാധാനം നിലനിർത്തുന്നതിനായി പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും സംഭവത്തിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്നും കമ്മീഷൻ ചെയർമാൻ ഹിദായത്തുള്ള ഖാൻ ആവശ്യപ്പെട്ടു. അദ്ദേഹം ഛത്ര ഡെപ്യൂട്ടി കമ്മീഷണറുമായും പോലീസ് സൂപ്രണ്ടുമായും സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376766/jharkhand-chatra-mob-lynching-rape-accused-killed)