---
title: "കാലവർഷക്കെടുതി: സംസ്കാര കർമ്മങ്ങൾക്ക് 10,000, മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ"
english_title: "Kerala Monsoon Relief: CM VD Satheesan Announces Rs 8 Lakh Aid for Families of Deceased"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376753/kerala-monsoon-relief-8-lakh-aid-vd-satheesan-462-camps"
published_at: "2026-08-05T11:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72d6d87d160_kerala-monsoon-relief-8-lakh-aid-vd-satheesan-462-camps.jpg"
keywords: ["VD Satheesan", "Flood Relief Fund", "Kerala Camps", "Kerala Weather", "Kerala Rain"]
---

# കാലവർഷക്കെടുതി: സംസ്കാര കർമ്മങ്ങൾക്ക് 10,000, മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളം കയറിയ വീടുകൾക്കും സംസ്കാര കർമ്മങ്ങൾക്കും പ്രത്യേക സഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളം കയറിയ വീടുകൾക്കും സംസ്കാര കർമ്മങ്ങൾക്കും പ്രത്യേക സഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരിതബാധിതർക്കുള്ള പ്രധാന സഹായങ്ങളുടെ ഭാഗമായി, വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും 10,000 രൂപ ധനസഹായം നൽകും. സംസ്കാര കർമ്മങ്ങൾ നടത്തുന്നതിനായി കുടുംബങ്ങൾക്ക് 10,000 രൂപ വീതവും അനുവദിക്കും. കൂടാതെ 2024-ൽ തൃശൂരിൽ കാലവർഷക്കെടുതിയിൽ ബാക്കി നൽകാനുള്ള ധനസഹായവും സർക്കാർ അനുവദിച്ചിട്ടുണ്ട്.

നിലവിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ 26 പേർ മരിച്ചു. 11 പേർക്ക് പരിക്കേൽക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്താകെ 462 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വരുന്ന എട്ടാം തീയതി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.

ഭാവിയിലെ ദുരന്തങ്ങൾ ഒഴിവാക്കുന്നതിനായി രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ ആധുനിക കാലാവസ്ഥാ പ്രവചന സംവിധാനവും ഫ്ലഡ് മാപ്പിംഗും നടപ്പിലാക്കും. ഡാമുകളിലെ മണലും നദികളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും നീക്കം ചെയ്യാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡാം മാനേജ്‌മെന്റിനായി കൃത്രിമ ബുദ്ധി (AI) സംവിധാനങ്ങൾ കൊണ്ടുവരുമെന്നും, ദുരന്ത നിവാരണത്തിനായി പ്രഗത്ഭരായ ഒരു വലിയ സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ നദീതീര കയ്യേറ്റങ്ങൾ കണ്ടെത്താൻ ലാൻഡ് ഓഡിറ്റിംഗ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയദർശിനി വിവാദത്തിൽ മന്ത്രി തന്നെ തെറ്റ് പറ്റിയെന്ന് വ്യക്തമാക്കിയതാണെന്നും ആ ചർച്ചകളിലേക്ക് കൂടുതൽ കടക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376753/kerala-monsoon-relief-8-lakh-aid-vd-satheesan-462-camps)