---
title: "രക്തസമ്മർദ്ദത്തിനും ഫംഗൽ അണുബാധയ്ക്കുമുള്ള മരുന്നുകൾ കാൻസർ പട്ടികയിൽ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് "
english_title: "WHO IARC Cancer Risk Hydrochlorothiazide Voriconazole Tacrolimus"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376752/who-iarc-cancer-risk-medicines-hydrochlorothiazide-tacrolimus"
published_at: "2026-08-05T11:39:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72d438c4b12_who-iarc-cancer-risk-medicines-hydrochlorothiazide-tacrolimus.jpg"
keywords: ["Cancer", "Hydrochlorothiazide", "Voriconazole", "Tacrolimus"]
---

# രക്തസമ്മർദ്ദത്തിനും ഫംഗൽ അണുബാധയ്ക്കുമുള്ള മരുന്നുകൾ കാൻസർ പട്ടികയിൽ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് 

> **Lead Summary:** **[**ലോകാരോഗ്യ സംഘടനയുടെ കാൻസർ ഗവേഷണ വിഭാഗമായ ഐ.എ.ആർ.സി. മൂന്ന് പ്രധാന മരുന്നുകളെ കാർസിനോജെനിക് അഥവാ കാൻസറിന് കാരണമാകുന്ന ഗ്രൂപ്പ് 1 പട്ടികയിൽ ഉൾപ്പെടുത്തി.

## Article Content

**[**ലോകാരോഗ്യ സംഘടനയുടെ കാൻസർ ഗവേഷണ വിഭാഗമായ ഐ.എ.ആർ.സി. മൂന്ന് പ്രധാന മരുന്നുകളെ കാർസിനോജെനിക് അഥവാ കാൻസറിന് കാരണമാകുന്ന ഗ്രൂപ്പ് 1 പട്ടികയിൽ ഉൾപ്പെടുത്തി.

രക്തസമ്മർദ്ദം, ഫംഗൽ അണുബാധകൾ, അവയവദാനം എന്നിവയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകളാണ് ഈ പട്ടികയിലുള്ളത്. ഹൈഡ്രോക്ലോറോത്തിയസൈഡ്, വോറിക്കോണസോൾ, ടാക്രോളിമസ് എന്നീ മരുന്നുകളാണ് പുതിയ വിലയിരുത്തലിന്റെ ഭാഗമായി നിരീക്ഷണത്തിലുള്ളത്.

ഉയർന്ന രക്തസമ്മർദ്ദത്തിന് നൽകുന്ന ഹൈഡ്രോക്ലോറോത്തിയസൈഡ് ദീർഘകാലം ഉപയോഗിക്കുന്നത് ചർമ്മത്തിലും ചുണ്ടുകളിലും കാണപ്പെടുന്ന സ്ക്വാമസ് സെൽ കാർസിനോമ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സൂര്യപ്രകാശത്തോടുള്ള ചർമ്മത്തിന്റെ സംവേദനക്ഷമത വർദ്ധിപ്പിച്ച് ഡി.എൻ.എ തകരാറുകൾക്ക് കാരണമാകുന്നതിലൂടെയാണ് ഈ പാർശ്വഫലമുണ്ടാകുന്നത്.

അതുപോലെ ഫംഗൽ അണുബാധകൾക്കുള്ള വോറിക്കോണസോൾ സ്കിൻ കാർസിനോമ സാധ്യതയും, അവയവമാറ്റ മാറ്റിവെക്കലിനുശേഷം ശരീരത്തിന്റെ പ്രതിരോധശേഷി നിയന്ത്രിക്കാൻ നൽകുന്ന ടാക്രോളിമസ് നോൺ-ഹോഡ്ജ്കിൻ ലിംഫോമ സാധ്യതയും കൂട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഈ മരുന്നുകൾ കഴിക്കുന്നവർ സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തിന് കൃത്യമായ സംരക്ഷണം നൽകുക, സൺസ്ക്രീൻ ഉപയോഗിക്കുക, പതിവായി ചർമ്മ പരിശോധനകൾ നടത്തുക തുടങ്ങിയ മുൻകരുതലുകളിലൂടെ അപകടസാധ്യത ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.

എന്നാൽ ജീവന് ഭീഷണിയായേക്കാവുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കേണ്ട മരുന്നുകളായതിനാൽ, യാതൊരു കാരണവശാലും സ്വയം തീരുമാനമെടുത്ത് ഇവ കഴിക്കുന്നത് നിർത്തരുതെന്നും ആരോഗ്യവിദഗ്ധർ കർശന മുന്നറിയിപ്പ് നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376752/who-iarc-cancer-risk-medicines-hydrochlorothiazide-tacrolimus)