---
title: "യുവതിയുടെ പേരിൽ കെണി..! കോഴിക്കോട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി, നഗ്ന ഫോട്ടോ എടുത്ത് അമ്മയുടെ ഫോണിലേക്ക് അയച്ചു, അന്വേഷണം ആരംഭിച്ച് പൊലീസ് "
english_title: "Kozhikode Youth Kidnapped in Bengaluru, Nude Photos Taken, Rs 8 Lakh Ransom Demanded"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376749/kozhikode-youth-kidnapped-bengaluru-nude-photo-ransom-"
published_at: "2026-08-05T11:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72d3784a49e_kozhikode-youth-kidnapped-bengaluru-nude-photo-ransom.jpg"
keywords: ["Kozhikode Kidnapping", "Bengaluru Crime", "Nude Photo Extortion", "Chevayoor Police", "Cyber Crime"]
---

# യുവതിയുടെ പേരിൽ കെണി..! കോഴിക്കോട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി, നഗ്ന ഫോട്ടോ എടുത്ത് അമ്മയുടെ ഫോണിലേക്ക് അയച്ചു, അന്വേഷണം ആരംഭിച്ച് പൊലീസ് 

> **Lead Summary:** **കോഴിക്കോട് : **സുഹൃത്തിനെ കാണാൻ ബെംഗളൂരുവിൽ എത്തിയ ഇരുപത്തൊന്നുകാരനെ ആറംഗ സംഘം ഫ്ലാറ്റിൽ നിന്ന് തട്ടിക്കൊണ്ടുപോയി നഗ്ന ഫോട്ടോയെടുത്ത് എട്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി.

## Article Content

**കോഴിക്കോട് : **സുഹൃത്തിനെ കാണാൻ ബെംഗളൂരുവിൽ എത്തിയ ഇരുപത്തൊന്നുകാരനെ ആറംഗ സംഘം ഫ്ലാറ്റിൽ നിന്ന് തട്ടിക്കൊണ്ടുപോയി നഗ്ന ഫോട്ടോയെടുത്ത് എട്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി.

കോഴിക്കോട് സിവിൽ സ്റ്റേഷൻ ഫ്ലോറിക്കൻ റോഡ് സ്വദേശിയായ യുവാവാണ് ചേവായൂർ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ യുവതി ഉൾപ്പെടെയുള്ള സംഘത്തിനെതിരെ ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 24-ാം തീയതിയാണ് യുവാവ് ബെംഗളൂരുവിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ എത്തിയത്.

അവിടെ കഴിയുന്നതിനിടയിൽ, യുവാവിന്റെ മറ്റൊരു സുഹൃത്തായ യുവതിയുടെ പേരുപറഞ്ഞ് സ്ഥലത്തെത്തിയ ആറംഗ സംഘം ഇയാളെ ബലമായി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കോഴിക്കോട് പയമ്പ്ര ചായിത്താഴത്തെ രഹസ്യ കേന്ദ്രത്തിലെത്തിക്കുകയും, മൊബൈൽ ഫോണിൽ നഗ്ന ഫോട്ടോയെടുത്ത് യുവാവിന്റെ അമ്മയുടെ ഫോണിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇതിനുശേഷമാണ് എട്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്.

എങ്കിലും, തടങ്കലിൽ കഴിഞ്ഞിരുന്ന രഹസ്യ കേന്ദ്രത്തിൽ നിന്ന് യുവാവ് സാഹസികമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അദ്ദേഹം നേരിട്ടെത്തി ചേവായൂർ ഇൻസ്പെക്ടർക്ക് പരാതി നൽകി. ബെംഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പ്രതികളിൽ യുവതി ഉൾപ്പെടെ മൂന്നുപേരെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബാക്കി മൂന്നുപേർ നഗരത്തിലുള്ള യുവാക്കളാണെന്നാണ് സൂചന. പരാതിക്കാരൻ നൽകിയ വിവരങ്ങളുടെയും സൈബർ പൊലീസിന്റെയും സഹായത്തോടെ പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376749/kozhikode-youth-kidnapped-bengaluru-nude-photo-ransom-)