---
title: "വിവരങ്ങൾ പൂർണമായും രഹസ്യം; വാട്‌സാപ്പിൽ പ്രായം ചോദിച്ചുകൊണ്ടുള്ള പുതിയ അപ്ഡേറ്റ് എത്തി"
english_title: "WhatsApp Testing Age Verification Feature in India for DPDP Act Compliance"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376741/whatsapp-age-verification-india-dpdp-act-username-feature"
published_at: "2026-08-05T11:09:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72cda58aeaa_whatsapp-age-verification-india-dpdp-act-username-feature.jpg"
keywords: ["WhatsApp Age Verification", "Telegram Signal", "Child Data Privacy", "WhatsApp"]
---

# വിവരങ്ങൾ പൂർണമായും രഹസ്യം; വാട്‌സാപ്പിൽ പ്രായം ചോദിച്ചുകൊണ്ടുള്ള പുതിയ അപ്ഡേറ്റ് എത്തി

> **Lead Summary:** **** ഇന്ത്യയിൽ ഡിജിറ്റൽ പേഴ്‌സണൽ ഡേറ്റാ പ്രൊട്ടക്ഷൻ (ഡി.പി.ഡി.പി.) നിയമം കർശനമാകുന്നതിന്റെ ഭാഗമായി പുതിയ സുരക്ഷാ മാറ്റങ്ങളുമായി വാട്‌സാപ്പ് രംഗത്ത്. ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കുന്നതിനായുള്ള പ്രത്യേക ഫീച്ചറുകളാണ് ആപ്ലിക്കേഷൻ ഇപ്പോൾ ഇന്ത്യയിൽ പരീക്ഷിച്ചുതുടങ്ങിയിരിക്കുന്നത്.

## Article Content

**** ഇന്ത്യയിൽ ഡിജിറ്റൽ പേഴ്‌സണൽ ഡേറ്റാ പ്രൊട്ടക്ഷൻ (ഡി.പി.ഡി.പി.) നിയമം കർശനമാകുന്നതിന്റെ ഭാഗമായി പുതിയ സുരക്ഷാ മാറ്റങ്ങളുമായി വാട്‌സാപ്പ് രംഗത്ത്. ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കുന്നതിനായുള്ള പ്രത്യേക ഫീച്ചറുകളാണ് ആപ്ലിക്കേഷൻ ഇപ്പോൾ ഇന്ത്യയിൽ പരീക്ഷിച്ചുതുടങ്ങിയിരിക്കുന്നത്.

പുതിയ മാറ്റങ്ങളുടെ ഭാഗമായി പ്രായം ആവശ്യപ്പെട്ടുകൊണ്ടുള്ള പോപ്പ്-അപ്പ് സന്ദേശങ്ങൾ ഉപയോക്താക്കൾക്ക് ലഭിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാൽ ഈ വിവരങ്ങൾ പൂർണമായും രഹസ്യമായിരിക്കുമെന്നും നിലവിൽ ഇത് നിർബന്ധമാക്കിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ നിയമപ്രകാരം 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും മാതാപിതാക്കളുടെയോ നിയമപരമായ രക്ഷിതാക്കളുടെയോ മുൻകൂർ അനുമതി ആവശ്യമാണ്. കുട്ടികളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ, ട്രാക്കിങ്, ഡേറ്റാ ദുരുപയോഗം എന്നിവ കർശനമായി തടയുകയാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

ഔദ്യോഗികമായി നിയമം പൂർണമായി നിലവിൽ വരുന്നതിനു മുൻപ് തന്നെ സിസ്റ്റം സജ്ജമാക്കുകയാണ് വാട്‌സാപ്പിന്റെ ലക്ഷ്യം. ഇതിനിടയിൽ, ഫോൺ നമ്പർ പങ്കിടാതെ മറ്റ് ഉപയോക്താക്കളുമായി ചാറ്റ് ചെയ്യാൻ സഹായിക്കുന്ന ‘യൂസർനെയിം’ ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് വാട്‌സാപ്പ് തത്കാലത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്.

ഈ ഫീച്ചർ വ്യാജ അക്കൗണ്ടുകൾ നിർമ്മിക്കുന്നതിനും വിവിധ തട്ടിപ്പുകൾക്കും കാരണമായേക്കാമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഐ.ടി. മന്ത്രാലയം കമ്പനിക്ക് നോട്ടീസ് അയച്ചിരുന്നു. സർക്കാരുമായി നടത്തുന്ന ചർച്ചകൾ പൂർത്തിയാകുന്നതുവരെ ഈ സേവനം ഇന്ത്യയിൽ നടപ്പിലാക്കില്ലെന്ന് വാട്‌സാപ്പ് ഉറപ്പുനൽകിയിട്ടുണ്ട്.

ടെലഗ്രാം, സിഗ്നൽ തുടങ്ങിയ മറ്റ് പ്രമുഖ മെസേജിങ് ആപ്പുകൾക്കും യൂസർനെയിം സംവിധാനത്തിലെ തട്ടിപ്പുകൾ തടയുന്നതുമായി ബന്ധപ്പെട്ട് ഐ.ടി. മന്ത്രാലയം കർശന നിർദ്ദേശങ്ങളും നോട്ടീസും നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376741/whatsapp-age-verification-india-dpdp-act-username-feature)