---
title: "ആഹാ ഇത് കൊള്ളാമല്ലോ...! ഫോൺ സ്ക്രീനിൽ ഒരു ക്ലിക്ക് മതി; കെഎസ്ആർടിസി ടിക്കറ്റ് ബുക്കിംഗ് ഇനി വാട്സാപ്പിൽ"
english_title: "KSRTC WhatsApp Ticket Booking Launched: Book Bus Tickets via AI Chatbot"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376734/ksrtc-whatsapp-ticket-booking-ai-cp-john-"
published_at: "2026-08-05T10:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72ca76aad9c_ksrtc-whatsapp-ticket-booking-ai-cp-john.jpg"
keywords: ["KSRTC", "WhatsApp Ticket Booking", "KSRTC Online Booking", "Bus Ticket Kerala"]
---

# ആഹാ ഇത് കൊള്ളാമല്ലോ...! ഫോൺ സ്ക്രീനിൽ ഒരു ക്ലിക്ക് മതി; കെഎസ്ആർടിസി ടിക്കറ്റ് ബുക്കിംഗ് ഇനി വാട്സാപ്പിൽ

> **Lead Summary:** **തിരുവനന്തപുരം: **കെഎസ്ആർടിസി യാത്രക്കാർക്ക് കൂടുതൽ എളുപ്പത്തിൽ ടിക്കറ്റുകൾ ലഭ്യമാക്കുന്ന പുതിയ എഐ അധിഷ്ഠിത വാട്സാപ്പ് ടിക്കറ്റ് ബുക്കിങ് സംവിധാനത്തിന് തുടക്കമാകുന്നു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ വെച്ച് വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ഗതാഗതമന്ത്രി സി.പി. ജോൺ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

## Article Content

**തിരുവനന്തപുരം: **കെഎസ്ആർടിസി യാത്രക്കാർക്ക് കൂടുതൽ എളുപ്പത്തിൽ ടിക്കറ്റുകൾ ലഭ്യമാക്കുന്ന പുതിയ എഐ അധിഷ്ഠിത വാട്സാപ്പ് ടിക്കറ്റ് ബുക്കിങ് സംവിധാനത്തിന് തുടക്കമാകുന്നു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ വെച്ച് വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ഗതാഗതമന്ത്രി സി.പി. ജോൺ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

യാത്രക്കാർക്ക് വളരെ വേഗത്തിലും ലളിതമായും സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുന്ന വിധത്തിലാണ് പുതിയ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. എന്നാൽ, വലിയ അവകാശവാദങ്ങളോടെയും കൃത്യമായ ആസൂത്രണമില്ലാതെയും നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യയാത്ര ഉൾപ്പെടെയുള്ള മുൻ പദ്ധതികൾ വരുത്തിയ തിരിച്ചടികളിൽ നിന്നും നഷ്ടങ്ങളിൽ നിന്നും കരകയറാൻ കെഎസ്ആർടിസി ഇപ്പോൾ കനത്ത പരിശ്രമമാണ് നടത്തുന്നത്.

ഇത്തരം പദ്ധതികളുടെ ആഘാതം മൂലം പ്രതിദിന ടിക്കറ്റ് വരുമാനത്തിൽ വൻ ഇടിവാണ് ഉണ്ടായത്. ഇത് കെഎസ്ആർടിസിയുടെ സാമ്പത്തിക ബാധ്യതകൾ താങ്ങാനാവാത്ത വിധം വർധിപ്പിച്ചിരിക്കുകയാണ്. ഈ പ്രതിസന്ധികൾക്കിടയിലാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പുതിയ ഡിജിറ്റൽ മാറ്റങ്ങളുമായി കോർപ്പറേഷൻ മുന്നോട്ട് പോകുന്നത്.

അതേസമയം സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി പി ജോൺ. വാക്കുകൾ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നുവെന്നും പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയിലെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ചുള്ള പ്രസംഗത്തിലാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്.

സർക്കാരിന് സ്ത്രീകളോട് വിവേചനമില്ലെന്നും സൗജന്യ യാത്ര അവരുടെ അവകാശമാണെന്നും മന്ത്രി വ്യക്തമാക്കി. ആരും ആവശ്യപ്പെട്ടിട്ടല്ല, സ്വയം തോന്നിയാണ് ഖേദം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയദർശിനി പദ്ധതി കെഎസ്ആര്‍ടിസിക്ക് ബാധ്യതയല്ലെന്നും യുഡിഎഫ് സർക്കാരിന്റെ ഈ അഭിമാനപദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി അറിയിച്ചു.

സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ കെബിടിഎയുടെ സംസ്ഥാന സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം. ബസിന് പണമില്ലെന്ന് പറയുന്ന സ്ത്രീകൾ പണം നൽകി മക്കളെ സ്വകാര്യ സ്കൂളുകളിൽ വിടുകയാണെന്നും ജനങ്ങൾ ദാരിദ്ര്യം അഭിനയിക്കുകയാണെന്നുമായിരുന്നു മന്ത്രിയുടെ ആക്ഷേപം. പരാമർശം പുറത്തുവന്നതോടെ പ്രതിപക്ഷ നേതാക്കളടക്കം വ്യാപക വിമർശനവുമായി രംഗത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376734/ksrtc-whatsapp-ticket-booking-ai-cp-john-)