---
title: "ആലപ്പുഴ മഴക്കെടുതിയിൽ....! കടൽ ക്ഷോഭത്തിൽ വീട് തകർന്നു; മങ്കൊമ്പിൽ വ്യാപക മട വീഴ്ച, മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു"
english_title: "Heavy Rain Wreaks Havoc in Alappuzha and Kottayam, 8321 People in Relief Camps"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376733/alappuzha-rain-damage-sea-erosion-relief-camp-warning"
published_at: "2026-08-05T10:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72cb7fe4417_alappuzha-rain-damage-sea-erosion-relief-camp-warning.jpg"
keywords: ["Kerala Rain", "Alappuzha Flood", "Kottayam Flood", "Relief Camp"]
---

# ആലപ്പുഴ മഴക്കെടുതിയിൽ....! കടൽ ക്ഷോഭത്തിൽ വീട് തകർന്നു; മങ്കൊമ്പിൽ വ്യാപക മട വീഴ്ച, മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു

> **Lead Summary:** ആലപ്പുഴ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനൊപ്പം കടൽക്ഷോഭവും രൂക്ഷമായതോടെ ആലപ്പുഴ ജില്ലയിൽ വ്യാപക നാശനഷ്ടം. പലയിടങ്ങളിലും വെള്ളം കയറി ജനജീവിതം ദുസ്സരമായി. പുറക്കാട് കടൽ ക്ഷോഭത്തിൽ ഒരു വീട് ഭാഗികമായി തകർന്നു.

## Article Content

ആലപ്പുഴ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനൊപ്പം കടൽക്ഷോഭവും രൂക്ഷമായതോടെ ആലപ്പുഴ ജില്ലയിൽ വ്യാപക നാശനഷ്ടം. പലയിടങ്ങളിലും വെള്ളം കയറി ജനജീവിതം ദുസ്സരമായി. പുറക്കാട് കടൽ ക്ഷോഭത്തിൽ ഒരു വീട് ഭാഗികമായി തകർന്നു.

പുറക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ അനീഷ് രാജേന്ദ്രന്റെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. കുടുംബം നിലവിൽ പുറക്കാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. പ്രദേശത്തെ ഏഴോളം വീടുകളിൽ കടലേറ്റം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതിനിടെ മടവീണതിനെ തുടർന്ന് മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രത്തിലെ പത്ത് ഏക്കറോളം കൃഷി പൂർണമായും നശിച്ചു. തോട്ടപ്പള്ളി പൊഴിമുഖം കൂടുതൽ മുറിക്കാനുള്ള നടപടികൾ ആരംഭിച്ചു.

നിലവിൽ 70 മീറ്ററോളം മാത്രമാണ് പൊഴി മുറിഞ്ഞിട്ടുള്ളത്. രാവിലെ കുട്ടനാട്ടിൽ നിന്നുമുള്ള വെള്ളം സുഗമമായി കടലിലേക്ക് ഒഴുകുന്നുണ്ടെന്നാണ് അധികൃതരുടെ റിപ്പോർട്ട്.

അതേസമയം കനത്ത വെള്ളക്കെട്ടിൽ വലഞ്ഞ് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകൾ. നിരണം, എടത്വ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ക്യാംപുകളിൽ ഉൾപ്പെടെ വെള്ളം കയറിയത് ദുരിതം ഇരട്ടിയാക്കി. ആറന്മുളയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതും മഴ മാറി നിൽക്കുന്നതും ആശ്വാസമാണ്. എന്നാൽ ഉൾപ്രദേശങ്ങൾ വെള്ളത്തിൽ തന്നെയാണ്.

റാന്നിയിൽ വെള്ളം കയറിയ വീടുകളിലും കടകളിലും ഇന്ന് ശുചീകരണം ആരംഭിക്കും. കോട്ടയം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. മുല്ലപ്പെരിയാർ-ഇടുക്കി അണക്കെട്ടുകളിൽ ജലനിരപ്പ് നേരിയ രീതിയിൽ ഉയർന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 121 അടിയായി.

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2,349 അടിയായി. കഴിഞ്ഞവർഷത്തേതിനേക്കാൾ 28 അടി വെള്ളം കുറവാണ്. കഴിഞ്ഞ നാലുദിവസത്തിനിടയ്ക്ക് അണക്കെട്ടിൽ 20 അടി വെള്ളം ഉയർന്നു.

**കോട്ടയത്തും സ്ഥിതി ഗുരുതരം**

കോട്ടയം ജില്ലയിലും രാത്രി കനത്ത മഴയാണ് പെയ്തത്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് നിലനിൽക്കുന്നു. ജില്ലയിൽ ആകെ 154 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇവിടങ്ങളിലായി 8321 പേരാണ് കഴിയുന്നത്. വീടുകളിൽ കുടുങ്ങി പോയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ദുരന്ത നിവാരണ സേന തുടരുകയാണ്.കള്ളക്കടൽ മുന്നറിയിപ്പ്

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചെല്ലാനം മുതൽ അഴീക്കൽ വരെയുള്ള തീരങ്ങളിലാണ് ജാഗ്രതാ നിർദേശം.

നാളെ രാത്രി വരെ ഈ ജില്ലകളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം. ബീച്ചുകളിലേക്കുള്ള യാത്രകളും വിനോദ പരിപാടികളും പൂർണമായി ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.

കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തീരദേശ പൊലീസും ഫിഷറീസ് വകുപ്പും നിരീക്ഷണം ശക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376733/alappuzha-rain-damage-sea-erosion-relief-camp-warning)