---
title: "റാഗിംഗ് പരാതിപ്പെട്ടതിന് അതിക്രൂരമായ ശിക്ഷ; ഹോസ്റ്റൽ മുറിയിൽ ഒമ്പതാം ക്ലാസുകാരെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുതകർത്ത് സീനിയർ വിദ്യാർഥികൾ"
english_title: "Odisha Ragging Case: 20 Class 9 Students Beaten by Seniors in Rayagada Hostel, Headmaster Served Notice"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376717/odisha-rayagada-hostel-ragging-students-beaten-headmaster-notice"
published_at: "2026-08-05T10:09:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72c192af680_odisha-rayagada-hostel-ragging-students-beaten-headmaster-notice.jpg"
keywords: ["Odisha Ragging Case", "Student Beaten", "School Violence", "Anti Ragging"]
---

# റാഗിംഗ് പരാതിപ്പെട്ടതിന് അതിക്രൂരമായ ശിക്ഷ; ഹോസ്റ്റൽ മുറിയിൽ ഒമ്പതാം ക്ലാസുകാരെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുതകർത്ത് സീനിയർ വിദ്യാർഥികൾ

> **Lead Summary:** **ഭുവനേശ്വർ: **ഹോസ്റ്റലിൽ സീനിയർ വിദ്യാർഥികളുടെ തുടർച്ചയായ റാഗിംഗിനും പീഡനത്തിനുമെതിരെ പരാതി നൽകിയതിന്, ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ഇരുപതിലധികം പേരെ പത്താം ക്ലാസ് സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ചു.ഒഡിഷയിലെ റായഗഡ ജില്ലയിലാണ് സംഭവം.

## Article Content

**ഭുവനേശ്വർ: **ഹോസ്റ്റലിൽ സീനിയർ വിദ്യാർഥികളുടെ തുടർച്ചയായ റാഗിംഗിനും പീഡനത്തിനുമെതിരെ പരാതി നൽകിയതിന്, ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ഇരുപതിലധികം പേരെ പത്താം ക്ലാസ് സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ചു.ഒഡിഷയിലെ റായഗഡ ജില്ലയിലാണ് സംഭവം.

എസ്എസ്ഡി ഹൈസ്കൂൾ ഹോസ്റ്റലിലാണ് മനുഷ്യത്വരഹിതമായ ഈ ആക്രമണം അരങ്ങേറിയത്. പത്താം ക്ലാസിലെ ഒരു വിദ്യാർഥിയുടെ നേതൃത്വത്തിലുള്ള സംഘം, ജൂനിയർ കുട്ടികളെ ഒരു മുറിയിലേക്ക് വിളിച്ചുവരുത്തി ക്രിക്കറ്റ് ബാറ്റുകളും വടികളും ഉപയോഗിച്ച് നടുക്കുന്ന രീതിയിൽ മർദ്ദിക്കുകയായിരുന്നു.

ഹോസ്റ്റലിൽ സീനിയർ വിദ്യാർഥികളിൽ നിന്ന് തങ്ങൾ നേരിടുന്ന ക്രൂരമായ റാഗിംഗും പീഡനവും ചൂണ്ടിക്കാട്ടി വിദ്യാർഥികൾ ഹെഡ്മാസ്റ്റർക്ക് പരാതി നൽകിയതിന്റെ വൈരാഗ്യമാണ് ഈ നൃശംസതയ്ക്ക് കാരണം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥികളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ ഭീകരത പുറത്തുവന്നതോടെ രക്ഷിതാക്കളെയും അധികൃതർ വിവരമറിയിച്ചു.

ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം സംഭവത്തിൽ അടിയന്തര അന്വേഷണം പ്രഖ്യാപിക്കുകയും, റാഗിംഗ് പരാതികൾ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര അലംഭാവം കാട്ടിയതിന് സ്കൂൾ ഹെഡ്മാസ്റ്റർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് തങ്ങൾ വിവരമറിഞ്ഞതെന്നാണ് ഹെഡ്മാസ്റ്റർ പ്രതാപ് ചന്ദ്ര സൗന്തയുടെ വിശദീകരണം. പത്താം ക്ലാസിലെ ചില വിദ്യാർഥികൾ ഒമ്പതാം ക്ലാസുകാരെ മർദ്ദിച്ചിട്ടുണ്ട്.

രാത്രി വൈകിയാണ് സംഭവം നടന്നതെന്നതിനാൽ അപ്പോൾ തന്നെ വിവരം അറിഞ്ഞില്ല. പരിക്കേറ്റ കുട്ടികളുടെ രക്ഷിതാക്കളെ വിവരമറിയിക്കുകയും ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു, അദ്ദേഹം വ്യക്തമാക്കി.

എന്നാൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും കടുത്ത നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്ന് പരിക്കേറ്റ വിദ്യാർഥികൾ വെളിപ്പെടുത്തുന്നു. ഹോസ്റ്റലിൽ സീനിയർ വിദ്യാർഥികളുടെ പീഡനം ഏറെ നാളായി തുടരുകയാണെന്ന് ആക്രമണത്തിനിരയായ ശുഭം നായിക് എന്ന വിദ്യാർഥി പറയുന്നു.

സീനിയർ വിദ്യാർഥികൾ സ്ഥിരമായി വടികൾ ഉപയോഗിച്ച് ഞങ്ങളെ മർദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ട്. അധ്യാപകരോട് പലതവണ പരാതി നൽകിയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ഹോസ്റ്റൽ പരിസരത്ത് മാസങ്ങളായി ഞങ്ങൾ കടുത്ത പീഡനത്തിനിരയാണ്, ശുഭം നായിക് കൂട്ടിച്ചേർത്തു. സ്കൂൾ ഹോസ്റ്റലുകളിലെ സുരക്ഷയെക്കുറിച്ചും കുട്ടികളുടെ ജീവനെയും കുറിച്ച് കടുത്ത ആശങ്ക ഉയർത്തുന്നതാണ് ഈ സംഭവം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376717/odisha-rayagada-hostel-ragging-students-beaten-headmaster-notice)