---
title: "ലഹരി മാഫിയയുടെ 'ടീച്ചർ ഗ്യാങ്' കുടുങ്ങുന്നു; കീർത്തനയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്, കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും "
english_title: "Vadakara MDMA Case: Court to Consider Custody Plea of Teacher Keerthana on Wednesday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376714/vadakara-mdma-case-teacher-keerthana-custody-plea-"
published_at: "2026-08-05T09:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72bb9eef00d_vadakara-mdma-case-teacher-keerthana-custody-plea.jpg"
keywords: ["MDMA Case", "Vadakara MDMA Case", "Vadakara Crime News", "Rizwan Arrest"]
---

# ലഹരി മാഫിയയുടെ 'ടീച്ചർ ഗ്യാങ്' കുടുങ്ങുന്നു; കീർത്തനയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്, കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും 

> **Lead Summary:** **വടകര: ** കേരളത്തെ ഞെട്ടിച്ച എംഡിഎംഎ പണമിടപാട് കേസിൽ കേസിൽ റിമാൻഡിൽ കഴിയുന്ന പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപിക കീർത്തനയെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ വടകര എൻഡിപിഎസ് കോടതി ഇന്ന് പരിഗണിക്കും.

## Article Content

**വടകര: ** കേരളത്തെ ഞെട്ടിച്ച എംഡിഎംഎ പണമിടപാട് കേസിൽ കേസിൽ റിമാൻഡിൽ കഴിയുന്ന പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപിക കീർത്തനയെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ വടകര എൻഡിപിഎസ് കോടതി ഇന്ന് പരിഗണിക്കും.

കീർത്തനയെ കസ്റ്റഡിയിൽ ലഭിച്ചാലുടൻ ചോദ്യം ചെയ്യൽ കടുപ്പിക്കാനാണ് പ്രത്യേക അന്വേഷകസംഘത്തിന്റെ തീരുമാനം. ഇതിനുശേഷമാകും കേസിലെ മറ്റ് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്. വടകര താഴെ അങ്ങാടി സ്വദേശി റിസ്വാനിൽ നിന്നാണ് ലഹരി ഇടപാടിൽ അധ്യാപികമാർക്കുള്ള പങ്കിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

തുടർന്ന് സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്‌മ എന്നിവരെയും ഡെലിവറി ബോയ് ജിജിൻ കുര്യാക്കോസിനെയും പിടികൂടുകയായിരുന്നു. നിലവിൽ എല്ലാ പ്രതികളും ജുഡീഷ്യൽ റിമാൻഡിലാണെങ്കിലും, ഇവർ ഇതിനോടകം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

എംഡിഎംഎ ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരും ഇടപാടുകാരുമായ നൂറുകണക്കിന് പേരാണ് ഈ ലഹരി ശൃംഖലയുടെ പിന്നിലുള്ളത്. ഇവരിൽ നിന്നെല്ലാം വൻതോതിൽ പണം സ്വീകരിച്ച വയനാട് സ്വദേശിക്കായുള്ള അന്വേഷണവും പൊലീസും ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ കൂടുതൽ ഉന്നതർ കുടുങ്ങുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

അതിനിടെ കേസിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടന്നു കഴിഞ്ഞു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ആറുമാസത്തിനിടെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് നടന്നിട്ടുള്ളതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കീർത്തനയുടെ അക്കൗണ്ടിൽ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ 9 ലക്ഷം രൂപയുമാണ് എത്തിയിട്ടുള്ളത്. ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന ഇവരുടെ അക്കൗണ്ടിലേക്ക് ഇത്രയധികം പണം എത്തിയത് ലഹരി വിൽപ്പനയിലൂടെയാണെന്ന ഉറച്ച നിഗമനത്തിലാണ് പൊലീസ് ഉള്ളത്. ഇതേതുടർന്നാണ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കങ്ങൾ ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376714/vadakara-mdma-case-teacher-keerthana-custody-plea-)