---
title: "വാട്സാപ്പ് സന്ദേശങ്ങളിലൂടെ മാൽവെയർ തട്ടിപ്പ് വ്യാപിക്കുന്നു; കോടികൾ നഷ്ടപ്പെടുന്നതായി സൈബർ പോലീസ് മുന്നറിയിപ്പ്"
english_title: "WhatsApp Malware Scam Alert in Kerala: Cyber Police Warn Against Fake Account Statement Files"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376711/whatsapp-malware-scam-kerala-cyber-police-warning-2026"
published_at: "2026-08-05T09:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72b8ec78b1b_whatsapp-malware-scam-kerala-cyber-police-warning-2026.jpg"
keywords: ["WhatsApp scam", "Kerala cyber crime", "fake account statement", "loan app fraud", "cyber police Kerala", "online fraud"]
---

# വാട്സാപ്പ് സന്ദേശങ്ങളിലൂടെ മാൽവെയർ തട്ടിപ്പ് വ്യാപിക്കുന്നു; കോടികൾ നഷ്ടപ്പെടുന്നതായി സൈബർ പോലീസ് മുന്നറിയിപ്പ്

> **Lead Summary:** **കൊച്ചി: **വ്യാജ ‘അക്കൗണ്ട് സ്റ്റേറ്റ്മെന്റ്’ ഫയലുകൾ അയച്ച് കമ്പനികളെ ലക്ഷ്യമിടുന്ന പുതിയ സൈബർ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബർ പോലീസ്. എ.പി.കെ ഫയലുകൾ ഉപയോഗിച്ചുള്ള വ്യാജ എം പരിവാഹൻ തട്ടിപ്പിന് സമാനമായ രീതിയിലാണ് ഇപ്പോൾ വാട്സാപ്പ് വഴി മാൽവെയർ പ്രചരിപ്പിക്കുന്നത്.

## Article Content

**കൊച്ചി: **വ്യാജ ‘അക്കൗണ്ട് സ്റ്റേറ്റ്മെന്റ്’ ഫയലുകൾ അയച്ച് കമ്പനികളെ ലക്ഷ്യമിടുന്ന പുതിയ സൈബർ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബർ പോലീസ്. എ.പി.കെ ഫയലുകൾ ഉപയോഗിച്ചുള്ള വ്യാജ എം പരിവാഹൻ തട്ടിപ്പിന് സമാനമായ രീതിയിലാണ് ഇപ്പോൾ വാട്സാപ്പ് വഴി മാൽവെയർ പ്രചരിപ്പിക്കുന്നത്.

**തട്ടിപ്പ് എങ്ങനെ നടക്കുന്നു**

സ്ഥിരമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ബിസിനസ് സ്ഥാപനങ്ങൾ, വിതരണക്കാർ, ഉപഭോക്താക്കൾ എന്നിവരുടെ ഹാക്ക് ചെയ്യപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്കാണ് ആദ്യം സന്ദേശം എത്തുന്നത്. ‘അക്കൗണ്ട് സ്റ്റേറ്റ്മെന്റ്’ എന്ന പേരിൽ .vbs എക്സ്റ്റൻഷനുള്ള ഫയലുകളാണ് അയക്കുന്നത്.

ഈ ഫയൽ ഒരിക്കൽ തുറന്നാൽ കമ്പനിയിലെ കമ്പ്യൂട്ടറിലോ ലാപ്ടോപ്പിലോ മാൽവെയർ ഇൻസ്റ്റാൾ ആകുന്നു. പിന്നീട് കമ്പ്യൂട്ടറിന്റെ മുഴുവൻ നിയന്ത്രണവും തട്ടിപ്പുകാർക്ക് ലഭിക്കും. ബ്രൗസറുകളിൽ സേവ് ചെയ്ത പാസ്വേഡുകൾ, ബാങ്ക് വിവരങ്ങൾ, മറ്റ് രഹസ്യ രേഖകൾ എന്നിവയെല്ലാം ചോർത്തിയെടുക്കുന്നു.

അടുത്ത ഘട്ടത്തിൽ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ വാട്സാപ്പ് അക്കൗണ്ട് ഹൈജാക്ക് ചെയ്യുന്നു. അവരുടെ പേരിൽ വ്യാജ ചാറ്റുകൾ ഉണ്ടാക്കി കീഴ്ജീവനക്കാരോട് അടിയന്തരമായി പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുന്നു. പല സ്ഥാപനങ്ങൾക്കും ഇത്തരത്തിൽ കോടികൾ നഷ്ടമായതായി സൈബർ പോലീസ് പറയുന്നു.

**സൈബർ പോലീസിന്റെ നിർദേശങ്ങൾ**

1. വാട്സാപ്പ് വഴി വരുന്ന ഫയലുകളോ ലിങ്കുകളോ തുറക്കുന്നതിന് മുൻപ് അയച്ചയാളെ നേരിട്ട് ഫോണിൽ വിളിച്ച് ഉറപ്പുവരുത്തുക.

2. സംശയാസ്പദമായ .vbs, .exe, .apk പോലുള്ള എക്സ്റ്റൻഷനുകളുള്ള ഫയലുകൾ ഡൗൺലോഡ് ചെയ്യരുത്, റൺ ചെയ്യരുത്.

3. വാട്സാപ്പ് സന്ദേശം മാത്രം നോക്കി ഔദ്യോഗിക ഇരട്ട സ്ഥിരീകരണമില്ലാതെ ഒരു ഫണ്ട് ട്രാൻസാക്ഷനും നടത്തരുത്.

നേരത്തെയുള്ള തട്ടിപ്പുകളുടെ ഓർമ

കുറച്ച് മാസം മുൻപ് കേരളത്തിൽ വ്യാപകമായത് വ്യാജ എം പരിവാഹൻ എ.പി.കെ തട്ടിപ്പാണ്. പിഴ അടക്കണമെന്ന സന്ദേശത്തിനൊപ്പം എത്തുന്ന എ.പി.കെ ഫയൽ ഡൗൺലോഡ് ചെയ്താൽ ഫോൺ പൂർണമായും തട്ടിപ്പുകാരുടെ കൈകളിലെത്തും. ഫയൽ ഡിലീറ്റ് ചെയ്താലും ഫോൺ നിയന്ത്രണം തിരിച്ചുകിട്ടില്ല. ഗൂഗിൾ പേ, ഫോൺ പേ, ബാങ്ക് ആപ്പുകൾ വരെ അവർ നിരീക്ഷിക്കുന്നു.

**വായ്പാ ആപ്പ് തട്ടിപ്പും വർധിക്കുന്നു **

തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അന്തർദേശീയ ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘത്തെ അടുത്തിടെ പോലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 18 ഉത്തരേന്ത്യക്കാരെ അറസ്റ്റ് ചെയ്യുകയും 50 കമ്പ്യൂട്ടറുകൾ കണ്ടെടുക്കുകയും ചെയ്തു. വിദേശികളാണ് കൂടുതലും ഇരകൾ.

വായ്പാ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നവരുടെ കോൺടാക്ട്, എസ്എംഎസ്, കോൾ ഡീറ്റെയിൽസ്, ക്യാമറ, മൈക്രോഫോൺ, ലൊക്കേഷൻ, സ്റ്റോറേജ് എന്നിവയുടെ അനുമതി തട്ടിപ്പുകാർ നേടുന്നു. പിന്നീട് ആധാർ, പാൻ കാർഡ്, ബാങ്ക് വിവരങ്ങൾ, ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നു.

ലോൺ അപ്രൂവ്ഡ് എന്ന് കാണിച്ച് ചെറിയ തുക അയച്ച് വിശ്വാസം നേടിയ ശേഷം പ്രോസസിങ് ഫീ, ജിഎസ്ടി, ഇൻഷുറൻസ്, സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നീ പേരുകളിൽ പണം ആവശ്യപ്പെടുന്നു. പണം കൈപ്പറ്റിയാൽ വീണ്ടും പുതിയ കാരണങ്ങൾ പറഞ്ഞ് കൂടുതൽ തുക ചോദിക്കുകയും ഒടുവിൽ അപ്രത്യക്ഷരാകുകയും ചെയ്യുന്നു.

ഫോട്ടോ മോർഫ് ചെയ്ത് കുടുംബത്തിനും സുഹൃത്തുക്കൾക്കും അയക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ 2,317 സ്ത്രീകൾ വായ്പാ ആപ്പ് തട്ടിപ്പിൽ പെട്ടതായി കണക്കുണ്ട്.

ഇത്തരം തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് സൈബർ പോലീസിന്റെ അഭ്യർഥന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376711/whatsapp-malware-scam-kerala-cyber-police-warning-2026)