---
title: "വിവാഹം കഴിഞ്ഞത് എട്ട് മാസംമുൻപ്, ഭർത്താവിന്റെ ലഹരി ഉപയോഗം ചോദ്യംചെയ്തതിന് പീഡനമെന്ന് കുടുംബം; കണ്ണൂരിലെ യുവതിയുടെ ആത്മഹത്യയിൽ അന്വേഷണം "
english_title: "Kannur Poythumkadavu Woman Death Case Husband Booked For Abetment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376708/kannur-poythumkadavu-woman-death-husband-case"
published_at: "2026-08-05T09:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72b75967820_kannur-poythumkadavu-woman-death-husband-case.jpg"
keywords: ["Kannur Suicide", "Fatimath Risa Death", "Valapattanam Police", "Suicide Case"]
---

# വിവാഹം കഴിഞ്ഞത് എട്ട് മാസംമുൻപ്, ഭർത്താവിന്റെ ലഹരി ഉപയോഗം ചോദ്യംചെയ്തതിന് പീഡനമെന്ന് കുടുംബം; കണ്ണൂരിലെ യുവതിയുടെ ആത്മഹത്യയിൽ അന്വേഷണം 

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ പൊയ്ത്തുംകടവിൽ 20കാരി ഫാത്തിമത്ത് റിസ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിസയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കല്യാണം കഴിഞ്ഞ് 8 മാസം മാത്രമാണ് ആയത്.

## Article Content

**കണ്ണൂർ: **കണ്ണൂർ പൊയ്ത്തുംകടവിൽ 20കാരി ഫാത്തിമത്ത് റിസ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിസയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കല്യാണം കഴിഞ്ഞ് 8 മാസം മാത്രമാണ് ആയത്.

ഭർത്താവ് ആസിഫിന്റെ പീഡനമാണ് മരണകാരണമെന്ന് റിസയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ആസിഫ് ലഹരി ഉപയോഗിക്കുന്നത് റിസ കണ്ടതും ഇത് ചോദ്യം ചെയ്തതുമാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും കുടുംബം പറഞ്ഞു. റിസ സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശത്തിലും വാട്സ്ആപ്പ് ചാറ്റുകളിലും ഇക്കാര്യങ്ങൾ വ്യക്തമാണെന്ന് കുടുംബം ചൂണ്ടിക്കാട്ടി.

മുറിയിൽ നിന്ന് കിട്ടിയ കുറിപ്പും അവർ തെളിവായി നൽകിയിട്ടുണ്ട്.റിസ മരിച്ച ദിവസം തന്നെ ആസിഫ് വിദേശത്തേക്ക് പോയെന്നും കുടുംബം പറഞ്ഞു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. മുൻപ് ഭർതൃവീട്ടിൽ വച്ചും റിസ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി അവർ പറഞ്ഞു.

ആത്മഹത്യാ പ്രേരണ കുറ്റത്തിന് ആസിഫിനെ പ്രതി ചേർത്ത് വളപട്ടണം പൊലീസ് കേസെടുത്തിട്ടുണ്ട്. ദുബായിൽ ജോലി ചെയ്തിരുന്ന ആസിഫ് മാസത്തിൽ പലതവണ നാട്ടിലെത്തി ഒന്നോ രണ്ടോ ദിവസം നിന്ന് തിരികെ പോകുന്ന പതിവുണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു. വിദേശത്തേക്ക് കടന്ന പ്രതിയെ തിരികെയെത്തിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

***നിങ്ങൾക്കോ നിങ്ങൾക്ക് അറിയാവുന്ന ആർക്കെങ്കിലുമോ മാനസിക സമ്മർദ്ദമോ വിഷമോ ഉണ്ടെങ്കിൽ ഒറ്റയ്ക്ക് താങ്ങേണ്ടതില്ല. സഹായത്തിനായി: AASRA ഹെൽപ്ലൈൻ: 91-9820466726 Sneha: 044-24640050 എമർജൻസി: 112 സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ സംസാരിക്കുക, അല്ലെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുക.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376708/kannur-poythumkadavu-woman-death-husband-case)