---
title: "സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ പെരുമാറ്റം മാറുമോ?; രോഗീസൗഹൃദ പരിശീലനം നിർബന്ധമാക്കി ആരോഗ്യവകുപ്പ്"
english_title: "Kerala Health Dept Mandates Patient-Friendly Training for All Hospital Staff Except Doctors"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376701/kerala-health-dept-patient-friendly-training-hospital-staff"
published_at: "2026-08-05T08:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72b03fcd520_kerala-health-dept-patient-friendly-training-hospital-staff.jpg"
keywords: ["Kerala Health Department", "Kozhikode Medical College", "Kerala Government Hospitals", "Patient Care", "Medical College Training"]
---

# സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ പെരുമാറ്റം മാറുമോ?; രോഗീസൗഹൃദ പരിശീലനം നിർബന്ധമാക്കി ആരോഗ്യവകുപ്പ്

> **Lead Summary:** **കോഴിക്കോട്: **സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മികച്ച അനുഭവം ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ നിർണായക ഇടപെടൽ. മെഡിക്കൽ ഓഫീസർമാരൊഴികെയുള്ള എല്ലാ ജീവനക്കാർക്കും രോഗീസൗഹൃദ പരിശീലനം നൽകാനുള്ള ഉത്തരവ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഈ പരിശീലനം ഘട്ടംഘട്ടമായി നടപ്പാക്കും.

## Article Content

**കോഴിക്കോട്: **സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മികച്ച അനുഭവം ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ നിർണായക ഇടപെടൽ. മെഡിക്കൽ ഓഫീസർമാരൊഴികെയുള്ള എല്ലാ ജീവനക്കാർക്കും രോഗീസൗഹൃദ പരിശീലനം നൽകാനുള്ള ഉത്തരവ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഈ പരിശീലനം ഘട്ടംഘട്ടമായി നടപ്പാക്കും.

രോഗികളിൽനിന്നും കൂട്ടിരിപ്പുകാരിൽനിന്നും ജീവനക്കാരുടെ മോശം പെരുമാറ്റം, സഹായ മനോഭാവമില്ലായ്മ, വിവരങ്ങൾ കൃത്യമായി നൽകാത്തത് എന്നിവയെക്കുറിച്ച് നിരന്തരം പരാതികൾ ലഭിക്കുന്ന സാഹചര്യത്തിലാണ് വകുപ്പിന്റെ ഈ തീരുമാനം. പ്രത്യേകിച്ച് സുരക്ഷാ ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള പരാതികൾ പല ആശുപത്രികളിലും തർക്കങ്ങളിലേക്ക് വരെ നയിക്കുന്നുണ്ട്. ഇത് പരിഹരിക്കുകയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.

**

എന്താണ് പരിശീലനത്തിൽ ഉൾപ്പെടുക?**

രോഗീപരിചരണത്തിന്റെ അടിസ്ഥാന തത്വങ്ങൾ, രോഗത്തെക്കുറിച്ചും ആശുപത്രിയിലെ നടപടിക്രമങ്ങളെക്കുറിച്ചും കൃത്യവും മാന്യവുമായ ആശയവിനിമയം, പൊതുജനങ്ങളോടുള്ള സമീപനം, തൊഴിൽ ധാർമികത, നല്ല പെരുമാറ്റം, പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്ന രീതികൾ എന്നിവയാണ് പരിശീലന പാഠ്യപദ്ധതിയിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്.

**ആർക്കെല്ലാം പരിശീലനം?**

മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, വനിതാ-ശിശു ആശുപത്രികൾ, മോഡൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെ നഴ്സുമാർ, ഓഫീസ് ജീവനക്കാർ, അറ്റൻഡർമാർ, സുരക്ഷാ ജീവനക്കാർ, കരാർ ജീവനക്കാർ, ഔട്ട്സോഴ്സിംഗ് ഏജൻസി വഴി നിയമിക്കപ്പെട്ടവർ ഉൾപ്പെടെ എല്ലാവരും പരിശീലനത്തിൽ പങ്കെടുക്കണം.

പരിശീലനം രണ്ട് തലങ്ങളിലായാണ് നടക്കുക. മെഡിക്കൽ കോളേജുകളിലെ ജീവനക്കാർക്ക് പരിശീലനത്തിനുള്ള പാഠ്യപദ്ധതി രൂപവത്കരിക്കുന്നതിനും ആദ്യഘട്ട പരിശീലനം നൽകുന്നതിനുമുള്ള ചുമതല അപ്പെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിംഗ് സെന്ററിനാണ്. ഓരോ മെഡിക്കൽ കോളേജിൽനിന്നും നാലുപേരെ വീതം ഇവിടെ പരിശീലിപ്പിക്കും. ഈ നാലുപേരാണ് പിന്നീട് അതത് മെഡിക്കൽ കോളേജുകളിലെ മറ്റ് ജീവനക്കാർക്ക് പരിശീലനം നൽകേണ്ടത്.

ജില്ലാ ആശുപത്രി മുതൽ താലൂക്ക് ആശുപത്രികൾ വരെയുള്ള സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ആണ് പരിശീലനം നൽകുക. ഇവിടെ പരിശീലനം ലഭിക്കുന്നവർ ജില്ലാതലത്തിലും അതത് ആശുപത്രികളിലും ബാക്കിയുള്ളവർക്ക് ക്ലാസുകൾ സംഘടിപ്പിക്കണം.

**എങ്ങനെ നടപ്പാക്കും?**

ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധത്തിൽ പത്ത് പേരടങ്ങുന്ന ബാച്ചുകളായാണ് പരിശീലനം നടത്തേണ്ടത്. മെഡിക്കൽ എജുക്കേഷൻ ഡയറക്ടറും ഹെൽത്ത് സർവീസസ് ഡയറക്ടറും ഇതിന്റെ മേൽനോട്ട ചുമതല വഹിക്കും. ഉത്തരവ് ഇറങ്ങി രണ്ട് മാസത്തിനകം സംസ്ഥാനത്തെമ്പാടുമുള്ള പരിശീലനം പൂർത്തിയാക്കാനാണ് നിർദേശം.

പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കുന്നവർക്ക് കടുത്ത നടപടിയുണ്ടാകും. പ്രത്യേകിച്ച് സുരക്ഷാ ജീവനക്കാർ പരിശീലനത്തിൽ പങ്കെടുത്തില്ലെങ്കിൽ അവരെ ജോലിയിൽ തുടരാൻ അനുവദിക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. സ്ഥിരം ജീവനക്കാരും കരാർ ജീവനക്കാരും ഔട്ട്സോഴ്സിംഗ് വഴിയുള്ളവരും ഉൾപ്പെടെ ആരും ഇതിൽനിന്ന് ഒഴിവില്ല.

രോഗികൾക്ക് ആശ്വാസവും ആദരവും നൽകുന്ന ആശുപത്രി സംസ്കാരം സൃഷ്ടിക്കുക എന്നതാണ് ഈ പരിശീലനത്തിലൂടെ ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376701/kerala-health-dept-patient-friendly-training-hospital-staff)