---
title: "ചുരത്തിലൂടെയുള്ള പാതിരായാത്ര വേണ്ട! കണ്ണൂരിൽ നിന്ന് വയനാട്ടിലേക്ക് യാത്രാവിലക്ക്; കർശന യാത്രാ നിയന്ത്രണവുമായി കളക്ടർ"
english_title: "Kannur Collector Imposes Travel Restrictions To Wayanad Due To Heavy Rain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376697/kannur-wayanad-travel-restrictions-heavy-rain-collector-order"
published_at: "2026-08-05T08:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72a88b62ec4_kannur-wayanad-travel-restrictions-heavy-rain-collector-order.jpg"
keywords: ["Kerala Rain", "Kannur Collector", "Palchuram Travel Ban", "Landslide Alert"]
---

# ചുരത്തിലൂടെയുള്ള പാതിരായാത്ര വേണ്ട! കണ്ണൂരിൽ നിന്ന് വയനാട്ടിലേക്ക് യാത്രാവിലക്ക്; കർശന യാത്രാ നിയന്ത്രണവുമായി കളക്ടർ

> **Lead Summary:** കണ്ണൂർ: വയനാട്ടിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂരിൽ നിന്ന് വയനാട്ടിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം. അപകട സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ പി. വിഷ്ണുരാജ് അറിയിച്ചു.

## Article Content

കണ്ണൂർ: വയനാട്ടിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂരിൽ നിന്ന് വയനാട്ടിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം. അപകട സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ പി. വിഷ്ണുരാജ് അറിയിച്ചു.

കണ്ണൂരിന്റെയും വയനാടിന്റെയും അതിർത്തി പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ, റോഡിലേക്ക് പാറ വീഴൽ, വെള്ളം കയറൽ, ഗതാഗത സ്തംഭനം എന്നിവയുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വളരെ അടിയന്തര ആവശ്യങ്ങൾക്ക് അല്ലാതെ വയനാട്ടിലേക്കുള്ള യാത്ര അനുവദിക്കില്ലെന്ന് കളക്ടർ വ്യക്തമാക്കി.

രോഗികൾ, അത്യാവശ്യ സർക്കാർ സേവനങ്ങൾ, അവശ്യവസ്തുക്കളുടെ ഗതാഗതം എന്നിവയ്ക്ക് മാത്രമായിരിക്കും ഇളവ്.പാൽച്ചുരം റോഡിൽ നിലവിലുള്ള രാത്രിയാത്ര നിരോധനം തുടരും. വൈകുന്നേരം 6 മണി മുതൽ പുലർച്ചെ 6 മണി വരെ പാൽച്ചുരം ചുരം വഴിയുള്ള യാത്ര പൂർണമായും നിരോധിച്ചിട്ടുണ്ട്. കനത്ത മഴയിൽ ചുരം മേഖലയിൽ കാഴ്ച പരിമിതിയും റോഡിൽ വെള്ളക്കെട്ടും ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ഈ നിയന്ത്രണം.

പ്രതികൂല കാലാവസ്ഥാ സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് കളക്ടർ അഭ്യർഥിച്ചു. യാത്രകൾ കഴിയുന്നത്ര ഒഴിവാക്കണമെന്നും അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങണമെന്നും നിർദേശം നൽകി. വയനാട്ടിൽ കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയെ തുടർന്ന് നിരവധി സ്ഥലങ്ങളിൽ ചെറിയ മണ്ണിടിച്ചിലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും സാധ്യതയുണ്ട്. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. എമർജൻസി സാഹചര്യങ്ങൾക്ക് 1077 എന്ന ദുരന്തനിവാരണ കൺട്രോൾ റൂം നമ്പറുമായി ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു. കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്നും സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുമെന്നും കളക്ടർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376697/kannur-wayanad-travel-restrictions-heavy-rain-collector-order)