---
title: "യെമൻ തീരത്ത് ഇന്ത്യൻ വാണിജ്യ കപ്പലിന് നേരെ ആക്രമണം; 14 നാവികരെ രക്ഷപ്പെടുത്തി"
english_title: "Indian Commercial Ship MSV Faize Noor Oliya Attacked Near Yemen Coast 14 Crew Rescued"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376690/indian-ship-msv-faize-noor-oliya-attacked-yemen-coast-crew-rescued"
published_at: "2026-08-05T07:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72957984fa9_indian-ship-msv-faize-noor-oliya-attacked-yemen-coast-crew-rescued.jpg"
keywords: ["Yemen Attack", "Indian Ship", "MSV Faize Noor", "Bab Al Mandab", "Red Sea Security"]
---

# യെമൻ തീരത്ത് ഇന്ത്യൻ വാണിജ്യ കപ്പലിന് നേരെ ആക്രമണം; 14 നാവികരെ രക്ഷപ്പെടുത്തി

> **Lead Summary:** **ന്യൂഡൽഹി: **യെമൻ തീരത്തിന് സമീപം ഇന്ത്യൻ വാണിജ്യ കപ്പലിന് നേരെ ആക്രമണം. എംഎസ്‌വി ഫൈസ് നൂർ ഒലിയ എന്ന കപ്പലിനാണ് ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാരുൾപ്പെടെ 14 നാവികരെയും യെമൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി.

## Article Content

**ന്യൂഡൽഹി: **യെമൻ തീരത്തിന് സമീപം ഇന്ത്യൻ വാണിജ്യ കപ്പലിന് നേരെ ആക്രമണം. എംഎസ്‌വി ഫൈസ് നൂർ ഒലിയ എന്ന കപ്പലിനാണ് ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാരുൾപ്പെടെ 14 നാവികരെയും യെമൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി.

ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ അതീവ ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റിയാദിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

യെമന്റെ തെക്ക് തീരത്ത് നിന്ന് ഏകദേശം 13 നോട്ടിക്കൽ മൈൽ അകലെ സഞ്ചരിക്കുമ്പോഴാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ എംഎസ്‌വി ഫൈസ് നൂർ ഒലിയ മറിഞ്ഞ് മുങ്ങി. ഉടൻ തന്നെ യെമൻ നാവികസേനയും കോസ്റ്റ് ഗാർഡും സംയുക്ത രക്ഷാപ്രവർത്തനം നടത്തി. കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇവരിൽ 13 പേരും ഇന്ത്യക്കാരാണ്. രക്ഷപ്പെടുത്തിയവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും പ്രഥമശുശ്രൂഷ ഉൾപ്പെടെയുള്ള വൈദ്യസഹായം നൽകുകയും ചെയ്തു. ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപം യെമന്റെ പടിഞ്ഞാറൻ തീരത്ത് സമുദ്ര സുരക്ഷയെ കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ഈ ആക്രമണം. ഈ മേഖലയിൽ നാഷണൽ റെസിസ്റ്റൻസ് ഫോഴ്‌സിനെ നയിക്കുന്നത് യെമനിലെ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ അംഗമായ താരെഖ് സലേഹാണ്.

സമീപകാലത്ത് ചെങ്കടലിലൂടെയും ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയും കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. ഇത് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും വ്യാപാരത്തെയും ബാധിക്കുന്നുണ്ട്. സംഭവത്തിൽ ഇന്ത്യയുടെ പ്രതിഷേധം യെമൻ അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.

രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവികരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ചെങ്കടൽ മേഖലയിൽ സഞ്ചരിക്കുന്ന ഇന്ത്യൻ കപ്പലുകൾക്ക് കൂടുതൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376690/indian-ship-msv-faize-noor-oliya-attacked-yemen-coast-crew-rescued)