---
title: "'മാധ്യമപ്രവർത്തകരെ അവിടെത്തന്നെ കുഴിച്ചുമൂടണം'; ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല, ഒടുവിൽ ക്ഷമാപണം നടത്തി വ്‌ളോഗര്‍ നിസാം "
english_title: "Malappuram Vlogger Nizam Apologises After Threatening Journalists At Panakkad Landslide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376687/malappuram-panakkad-vlogger-nizam-apology-journalists-threat"
published_at: "2026-08-05T06:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7290d5814b5_malappuram-panakkad-vlogger-nizam-apology-journalists-threat.jpg"
keywords: ["Panakkad Landslide", "Nizam Vlogger", "KUWJ", "Media Attack", "Kerala Rain"]
---

# 'മാധ്യമപ്രവർത്തകരെ അവിടെത്തന്നെ കുഴിച്ചുമൂടണം'; ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല, ഒടുവിൽ ക്ഷമാപണം നടത്തി വ്‌ളോഗര്‍ നിസാം 

> **Lead Summary:** മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ആഹ്വാനം നൽകിയ വ്‌ളോഗർ നിസാം ഒടുവിൽ ക്ഷമാപണം നടത്തി. ദുരന്തമുഖത്ത് ജോലി ചെയ്ത മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച് വീഡിയോ ചെയ്തതിന് പിന്നാലെ കെയുഡബ്ല്യുജെ നൽകിയ പരാതിയെ തുടർന്നാണ് നടപടി.

## Article Content

മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ആഹ്വാനം നൽകിയ വ്‌ളോഗർ നിസാം ഒടുവിൽ ക്ഷമാപണം നടത്തി. ദുരന്തമുഖത്ത് ജോലി ചെയ്ത മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച് വീഡിയോ ചെയ്തതിന് പിന്നാലെ കെയുഡബ്ല്യുജെ നൽകിയ പരാതിയെ തുടർന്നാണ് നടപടി.

മലപ്പുറം പാണക്കാട്ടുണ്ടായ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെ ലക്ഷ്യം വച്ചായിരുന്നു നിസാമിന്റെ വിവാദ വീഡിയോ. മണ്ണിടിച്ചിലിൽ ചെളിയിൽ വീഴുകയും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത ഒരു മാധ്യമപ്രവർത്തകന്റെ ദൃശ്യങ്ങൾ കാണിച്ചായിരുന്നു അധിക്ഷേപം.

> "മണ്ണിടിച്ചിൽ പോലെയുള്ള ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെ അവിടെത്തന്നെ കുഴിച്ചുമൂടണം" എന്നായിരുന്നു വ്‌ളോഗറുടെ ആഹ്വാനം. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ വ്യാപക പ്രതിഷേധമുയർന്നു. ദുരന്തമുഖത്ത് പ്രതികൂല സാഹചര്യങ്ങളിലും സ്വന്തം ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് നേരെ ഇത്തരത്തിൽ അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് തികച്ചും അപലപനീയവും നിയമവിരുദ്ധവുമാണെന്ന് കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് ചൂണ്ടിക്കാട്ടി.

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കാണ് കെയുഡബ്ല്യുജെ പരാതി നൽകിയത്. മാധ്യമപ്രവർത്തകരുടെ ജീവന് ഭീഷണിയുണ്ടാക്കാൻ ശ്രമിച്ച വ്‌ളോഗർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പരാതിയും പ്രതിഷേധവും ശക്തമായതോടെയാണ് നിസാം പിന്നീട് സാമൂഹ്യമാധ്യമങ്ങളിലൂടെ ക്ഷമാപണം നടത്തിയത്.

തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വ്‌ളോഗർ വിശദീകരിച്ചു. ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരായ ഇത്തരം ആഹ്വാനങ്ങൾ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്ന് മാധ്യമ സംഘടനകൾ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376687/malappuram-panakkad-vlogger-nizam-apology-journalists-threat)