---
title: "ആയങ്കിക്ക് വീണ്ടും കൈവിലങ്ങോ...? കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിക്ക് മുൻകൂർ ജാമ്യമില്ലെന്ന് ഹൈക്കോടതി"
english_title: "Kerala High Court Denies Anticipatory Bail To Arjun Aayanki In Threat Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376685/high-court-denies-anticipatory-bail-arjun-aayanki-kothamangalam-case"
published_at: "2026-08-05T06:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a728c31cc38c_high-court-denies-anticipatory-bail-arjun-ayanki-kothamangalam-case.jpg"
keywords: ["Kothamangalam SHO Threat Case", "Arjun Aayanki", "High Court", "Anticipatory Bail"]
---

# ആയങ്കിക്ക് വീണ്ടും കൈവിലങ്ങോ...? കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിക്ക് മുൻകൂർ ജാമ്യമില്ലെന്ന് ഹൈക്കോടതി

> **Lead Summary:** കൊച്ചി: കോതമംഗലം എസ്എച്ച്ഒയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അർജുൻ ആയങ്കിക്ക് മുൻകൂർ ജാമ്യം നൽകാൻ ഹൈക്കോടതി വിസമ്മതിച്ചു. അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.

## Article Content

കൊച്ചി: കോതമംഗലം എസ്എച്ച്ഒയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അർജുൻ ആയങ്കിക്ക് മുൻകൂർ ജാമ്യം നൽകാൻ ഹൈക്കോടതി വിസമ്മതിച്ചു. അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.

കേസ് ഗൗരവതരമാണെന്നും അർജുൻ ആയങ്കിയുടെ കസ്റ്റഡി അന്വേഷണത്തിന് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തിൽ ഇടപെടാനും സാധ്യതയുണ്ടെന്നും ഹൈക്കോടതി വിലയിരുത്തി.

സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെ ആറ് പേരെ മെയ് മാസത്തിൽ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ പുന്നേക്കാടുള്ള ഒരു റിസോർട്ടിൽ വച്ചായിരുന്നു പൊലീസ് നടപടി.

അർജുൻ ആയങ്കിക്കൊപ്പം മരട് അനീഷിന്റെ കൂട്ടാളികളും കസ്റ്റഡിയിലുണ്ടായിരുന്നു. ഇവർ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.ഈ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അർജുൻ ആയങ്കി ഫേസ്ബുക്കിലൂടെ കോതമംഗലം സിഐ പ്രശാന്തിനെ ഭീഷണിപ്പെടുത്തിയത്.

> "കോതമംഗലം സർക്കിൾ ഏമാന് ഒരു മനസ്സ് തുറന്ന കത്ത്" എന്ന പേരിലായിരുന്നു ഭീഷണി പോസ്റ്റ്. സമാധാനമായി പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കാൻ അനുവദിക്കില്ലെന്നായിരുന്നു പോസ്റ്റിലെ പ്രധാന പരാമർശം. ആരെയൊക്കെയോ പ്രീതിപ്പെടുത്താൻ വേണ്ടിയായിരുന്നു തങ്ങൾക്കെതിരായ നടപടിയെന്നും പോസ്റ്റിൽ ആരോപിച്ചു.

പൊലീസ് നടപടിയിൽ തങ്ങളാരും ക്ഷമിച്ച് വീട്ടിൽ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ലെന്നും, ഇത്രയേറെ പേരുടെ ജീവിതം ഒറ്റരാത്രികൊണ്ട് കീഴ്മേൽ മറിച്ച തന്നെ വെറുതെ വിടില്ലെന്നും അർജുൻ ആയങ്കി പോസ്റ്റിൽ പറഞ്ഞിരുന്നു. ഈ പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് കോതമംഗലം പൊലീസ് ഭീഷണിപ്പെടുത്തൽ, പൊലീസ് ഉദ്യോഗസ്ഥനെ കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്തത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376685/high-court-denies-anticipatory-bail-arjun-aayanki-kothamangalam-case)