---
title: "അമിത വേഗത: വളയത്ത് എട്ട് വയസ്സുകാരിയുടെ മരണം; സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു"
english_title: "valayam Accident 8 Year Old Girl Dies After Bus Scooter Collision Case Filed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376676/valayam-bus-accident-8-year-girl-dies-case"
published_at: "2026-08-04T23:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72260a65c72_valayam-bus-accident-8-year-girl-dies-case.jpg"
keywords: ["Valayam Accident", "Valayam Police Case", "Private Bus Accident", "Child Death"]
---

# അമിത വേഗത: വളയത്ത് എട്ട് വയസ്സുകാരിയുടെ മരണം; സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു

> **Lead Summary:** **കോഴിക്കോട് ( വളയം) : നാദാപുരം** വളയത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുവയസുകാരി മരിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. വടകര - കുറുവന്തേരി റൂട്ടിൽ സർവീസ് നടത്തുന്ന KL 18 AE 7519 നമ്പർ അഷ്മിക എന്ന സ്വകര്യബസിലെ ഡ്രൈവർക്കെതിരെ നൽകിയ പരാതിക്ക് പിന്നാലെയാണ് വളയം പൊലീസ് കേസെടുത്തത്.

## Article Content

**കോഴിക്കോട് ( വളയം) : നാദാപുരം** വളയത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുവയസുകാരി മരിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. വടകര - കുറുവന്തേരി റൂട്ടിൽ സർവീസ് നടത്തുന്ന KL 18 AE 7519 നമ്പർ അഷ്മിക എന്ന സ്വകര്യബസിലെ ഡ്രൈവർക്കെതിരെ നൽകിയ പരാതിക്ക് പിന്നാലെയാണ് വളയം പൊലീസ് കേസെടുത്തത്.

വളയം കുയ്തേരി കോയോളിന്റെ വീട്ടുകുന്നിൽ മുഹമ്മദിന്റെ മകൾ ഫാത്തിമ മുഹമ്മദ് (8) ആണ് തിങ്കളാഴ്ച ഉമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ സ്വകാര്യ ബസ് ഇടിച്ച് മരിച്ചത്. മനുഷ്യജീവന് അപകടം വരുത്തക്ക വിധത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ചെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. ബിഎൻഎസ് നിയമപ്രകാരം വളയം പൊലീസ് സി ഐ ഷാജു കെ ആണ് കേസ് രജിസ്റ്റർ ചെയ്തത്.

ഉമ്മ സൽമയ്ക്കും മറ്റ് രണ്ട് സഹോദരങ്ങൾക്കുമൊപ്പം സ്കൂട്ടറിൽ കുയ്തേരിയിലെ വീട്ടിൽ നിന്ന് ഉമ്മയുടെ വീടായ താനക്കോട്ടൂർ കോമത്ത് വീട്ടിലേക്ക് പോകവേയാണ് അപകടം. റോഡിലെ വെള്ളക്കെട്ട് കാരണം സ്കൂട്ടർ വലതുവശത്തുകൂടി എടുത്തപ്പോൾ എതിർദിശയിൽ നിന്ന് വന്ന സ്വകാര്യ ബസ്സിൽ ഇടിച്ച് സ്കൂട്ടർ ബസ്സിനടിയിൽപ്പെട്ടു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ഉടൻ വളയം ഗവ. ആശുപത്രിയിൽ എത്തിച്ചു. ഇവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി ആംബുലൻസിൽ തലശ്ശേരിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. അപകടത്തിൽ ഉമ്മ സൽമയ്ക്കും ( 32) മക്കളായ അബ്‌ദുള്ള, റബീഹ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട് .

ഫാത്തിമയുടെ മൃതദേഹം ഇന്നലെ തലശ്ശേരി ജില്ലാ ഗവ. ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ വളയം പോലീസ് ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം ചെറുമോത്ത് വലിയ പള്ളി ഖബറിസ്ഥാനിൽ ഖബറടക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376676/valayam-bus-accident-8-year-girl-dies-case)