---
title: "താടിവെച്ച ശ്രീറാം വെങ്കിട്ടരാമനെന്നത് എങ്ങനെ മാറി...? മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; രഹസ്യമൊഴി നൽകിയ ദൃക്സാക്ഷി കൂറുമാറി"
english_title: "KM Basheer Case Key Witness Turns Hostile High Court Notice To Govt"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376673/km-basheer-case-witness-turns-hostile-high-court"
published_at: "2026-08-04T22:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7219fecd85d_km-basheer-case-witness-turns-hostile-high-court.jpg"
keywords: ["KM Basheer Accident Case", "Sriram Venkitaraman", "Kerala High Court"]
---

# താടിവെച്ച ശ്രീറാം വെങ്കിട്ടരാമനെന്നത് എങ്ങനെ മാറി...? മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; രഹസ്യമൊഴി നൽകിയ ദൃക്സാക്ഷി കൂറുമാറി

> **Lead Summary:** **തിരുവനന്തപുരം: **സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന മാധ്യമപ്രവർത്തകൻ കെ.എം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ പ്രോസിക്യൂഷന് തിരിച്ചടി. കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെ നിർണായക ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവർ ഷഫീഖ് കോടതിയിൽ കൂറുമാറി.

## Article Content

**തിരുവനന്തപുരം: **സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന മാധ്യമപ്രവർത്തകൻ കെ.എം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ പ്രോസിക്യൂഷന് തിരിച്ചടി. കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെ നിർണായക ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവർ ഷഫീഖ് കോടതിയിൽ കൂറുമാറി.

പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് അനുകൂലമായാണ് തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ ഇദ്ദേഹം മൊഴി മാറ്റിയത്.

അപകടം നടന്നയുടൻ പൊലീസിനും മജിസ്ട്രേറ്റിനും നൽകിയ രഹസ്യമൊഴിയാണ് ഷഫീഖ് വിചാരണവേളയിൽ മാറ്റിയത്. അപകടം നടക്കുമ്പോൾ കാർ അമിതവേഗതയിൽ വന്ന് കെ.എം ബഷീറിന്റെ ബൈക്കിൽ ഇടിക്കുന്നത് താൻ നേരിട്ട് കണ്ടെന്നായിരുന്നു ഷഫീഖ് നേരത്തെ നൽകിയിരുന്ന മൊഴി.

അന്ന് വാഹനം ഓടിച്ചിരുന്നത് താടിവെച്ച ശ്രീറാം വെങ്കിട്ടരാമൻ ആയിരുന്നുവെന്ന് കൃത്യമായി തിരിച്ചറിഞ്ഞെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ വിചാരണ ആരംഭിച്ചതോടെ ഈ നിലപാട് മാറ്റി പ്രതിഭാഗത്തിന് അനുകൂലമായ മൊഴിയാണ് ഇദ്ദേഹം നൽകിയിരിക്കുന്നത്.

അപകടം നടന്ന സമയത്ത് വലിയ ശബ്ദം കേട്ട് പുറത്തുവന്നപ്പോൾ കാർ ബൈക്കിൽ ഇടിച്ചു കിടക്കുന്നതാണ് കണ്ടതെന്നാണ് സാക്ഷി ഇപ്പോൾ കോടതിയെ അറിയിച്ചിരിക്കുന്നത്. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് വാഹനം ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് പറയുന്നത് താൻ കേട്ടതാണെന്നും ഇദ്ദേഹം കോടതിയിൽ മൊഴിമാറ്റിപ്പറഞ്ഞു. കേസിൽ ഇതുവരെ നാല് സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാറിടിച്ചാണ് കെ.എം ബഷീർ കൊല്ലപ്പെടുന്നത്. വഫ ഫിറോസിന്റെ പേരിലുളളതായിരുന്നു അപകടമുണ്ടാക്കിയ വാഹനം. സംഭവത്തിൽ ആദ്യം വഫയാണ് വാഹനമോടിച്ചതെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നെങ്കിലും ദൃക്സാക്ഷികളുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലോടെ ഇത് പൊളിയുകയായിരുന്നു.

കേസിൽ നിലവിൽ സ്കിൽസ് എക്സലൻസി അക്കാദമി മാനേജിങ് ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമൻ മാത്രമാണ് ഏക പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ നേരത്തെ കോടതി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. മനഃപൂർവ്വമല്ലാത്ത നരഹത്യ, മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. അപകടം നടന്ന് ആറു വർഷത്തിന് ശേഷമാണ് കേസിൽ ഇപ്പോൾ വിചാരണ ആരംഭിച്ചിരിക്കുന്നത്.

അതേസമയം, കേസിന്റെ വിചാരണ കോടതി മാറ്റിയതിനെതിരെ കെ.എം ബഷീറിന്റെ ഭാര്യ സി. ജസീല നൽകിയ ഹരജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ല സെഷൻസ് കോടതിയിൽ നിശ്ചയിച്ചിരുന്ന വിചാരണ പ്രതിഭാഗം അഭിഭാഷകന്റെ ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി നാലാം കോടതിയിലേക്ക് മാറ്റിയ നടപടി റദ്ദാക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.

വിചാരണ കോടതി മാറ്റം പ്രതിഭാഗം അഭിഭാഷകന്റെ താല്പര്യപ്രകാരമാണെന്നും, നിലവിലെ സാഹചര്യത്തിൽ വിചാരണ നീതിപൂർവം നടക്കുമോ എന്നതിൽ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376673/km-basheer-case-witness-turns-hostile-high-court)