---
title: "ചുരം കയറാൻ നിൽക്കേണ്ട ...! ശക്തമായ മഴ മുന്നറിയിപ്പ്; വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ"
english_title: "Wayanad Rain Alert Collector Bans Non Essential Travel Inter State Vehicles Restricted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376658/wayanad-heavy-rain-travel-restrictions-collector"
published_at: "2026-08-04T20:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7202945e405_wayanad-heavy-rain-travel-restrictions-collector.jpg"
keywords: ["Kerala Rain", "Wayanad Rain", "Travel Ban", "D R Meghashree"]
---

# ചുരം കയറാൻ നിൽക്കേണ്ട ...! ശക്തമായ മഴ മുന്നറിയിപ്പ്; വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ

> **Lead Summary:** **തിരുവനന്തപുരം : **കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ. ജില്ലയിൽ നിന്നുള്ള അന്ത‍ർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് നിയന്ത്രണം. കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ നിയന്ത്രണം തുടരാനാണ് പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾക്ക് നിർദേശം.

## Article Content

**തിരുവനന്തപുരം : **കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ. ജില്ലയിൽ നിന്നുള്ള അന്ത‍ർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് നിയന്ത്രണം. കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ നിയന്ത്രണം തുടരാനാണ് പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾക്ക് നിർദേശം.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരും ദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജില്ലയിലേക്കും ജില്ലയ്ക്ക് പുറത്തേക്കും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് അത്യാവശ്യമല്ലാത്ത അന്തർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം ഏ‍ർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. അന്തർ സംസ്ഥാനത്ത് നിന്നും ജില്ലയിലേയ്ക്ക് വരുന്ന വാഹനങ്ങൾക്കും മറ്റ് ഹെവി വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് നീലഗിരി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായും ജില്ലാ കളക്ടർ അറിയിച്ചു. വയനാട്ടിലെ കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ നിയന്ത്രണം തുടരാൻ പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾക്ക് നിർദേശം നൽകി.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 05-08-2026 അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, വയനാട് ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ, അങ്കണവാടികൾ എന്നിവയ്ക്കാണ് അവധി.

കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി നൽകിയിട്ടുണ്ട്. ആലപ്പുഴ, വയനാട് ജില്ലകളിൽ ഇത് സംബന്ധിച്ച ഉത്തരവ് നേരത്തെ പുറത്തിറങ്ങിയിരുന്നു.

**ജില്ലകളിലെ വിശദാംശങ്ങൾ:**

ആലപ്പുഴ: പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി നൽകി ജില്ലാ കളക്ടർ ഷാജി വി നായർ ഉത്തരവിറക്കി. റെസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക് ഇളവ് ബാധകമാണ്.

കാസർകോട്: കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയ്ക്ക് പുറമെ മദ്രസ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും .മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾ, സർവകലാശാല പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കില്ല. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർഥികൾക്ക് യാത്രയിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ അതാത് സ്ഥാപനങ്ങളുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

ഇടുക്കി: കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 5) ബുധനാഴ്ച അവധി ആയിരിക്കും. സ്കൂളുകൾ, മദ്രസകൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ് ഇ സ്‌കൂളുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുഴുവൻ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കോഴ്സുകൾക്ക് അവധി ബാധകമല്ല.

പത്തനംതിട്ട: കനത്ത മഴയെത്തുടർന്നും, പ്രളയ ബാധിത ക്യാമ്പുകൾ സ്‌കുളുകളിൽ പ്രവർത്തിക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാദ്യാസ സ്ഥാപനങ്ങൾക്കും നാളെ (05/08/2026) അവധി.

വയനാട്: ജില്ലയില്‍ ശക്തമായ മഴ തുടരുകയും റെഡ് അലര്‍ട്ട് നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, നാളെ (05-08-2026) ജില്ലയിലെ അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, പരിശീലന സ്ഥാപനങ്ങള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല. എന്നാൽ, റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷ അതത് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണ്. സാഹചര്യത്തിനനുസരിച്ച് വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി അവധി നല്‍കാവുന്നതുമാണ്.

റെഡ് അലര്‍ട്ടുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണം.വിനോദസഞ്ചാരികള്‍ അതീവ ജാഗ്രത പാലിക്കണം. സുരക്ഷിതമായ താമസസ്ഥലങ്ങളില്‍ തന്നെ തുടരുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യണം.

താമരശ്ശേരി ചുരം, ബോയ്‌സ് ടൗണ്‍–പാല്‍ച്ചുരം വഴിയുള്ള യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണം. അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കി, അനിവാര്യമായ യാത്രകള്‍ മാത്രമേ നടത്താവൂ എന്ന് ജില്ലാ കളക്ടർ അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ നിർദേശിച്ചു. കാലാവസ്ഥാ സ്ഥിതി വിലയിരുത്തി ആവശ്യമെങ്കിൽ കൂടുതൽ ദിവസത്തേക്ക് അവധി നീട്ടാനും സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376658/wayanad-heavy-rain-travel-restrictions-collector)