---
title: " ശ്രദ്ധയിൽപ്പെടുത്തിയിട്ടും  മുഖവിലയ്ക്കെടുത്തില്ല...;  നായയുടെ കടിയേറ്റ് എത്തിയ രണ്ടര വയസുകാരന്റെ ശരീരത്തിൽ കുത്തിവെപ്പിനിടെ സിറിഞ്ച് സൂചി ഒടിഞ്ഞു കയറിയതായി പരാതി"
english_title: "Syringe Needle Breaks Inside 2.5 Year Old Child in Kalyan Hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376648/kalyan-hospital-syringe-needle-broken-child-surgery"
published_at: "2026-08-04T19:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71f51424099_kalyan-hospital-syringe-needle-broken-child-surgery.jpg"
keywords: ["Medical Negligence", "Syringe Needle", "Dog Bite", "KDMC Hospital"]
---

#  ശ്രദ്ധയിൽപ്പെടുത്തിയിട്ടും  മുഖവിലയ്ക്കെടുത്തില്ല...;  നായയുടെ കടിയേറ്റ് എത്തിയ രണ്ടര വയസുകാരന്റെ ശരീരത്തിൽ കുത്തിവെപ്പിനിടെ സിറിഞ്ച് സൂചി ഒടിഞ്ഞു കയറിയതായി പരാതി

> **Lead Summary:** മുംബൈ: നായയുടെ കടിയേറ്റ് ചികിത്സയ്ക്കെത്തിയ രണ്ടര വയസുകാരന്റെ ശരീരത്തിൽ കുത്തിവെപ്പിനിടെ സിറിഞ്ച് സൂചി ഒടിഞ്ഞു കയറിയതായി പരാതി. മുംബൈയ്ക്കടുത്തുള്ള കല്യാൺ ഈസ്റ്റ് സ്വദേശി കാവേഷ് എന്ന കുട്ടിക്കാണ് ദുരനുഭവമുണ്ടായത്.

## Article Content

മുംബൈ: നായയുടെ കടിയേറ്റ് ചികിത്സയ്ക്കെത്തിയ രണ്ടര വയസുകാരന്റെ ശരീരത്തിൽ കുത്തിവെപ്പിനിടെ സിറിഞ്ച് സൂചി ഒടിഞ്ഞു കയറിയതായി പരാതി. മുംബൈയ്ക്കടുത്തുള്ള കല്യാൺ ഈസ്റ്റ് സ്വദേശി കാവേഷ് എന്ന കുട്ടിക്കാണ് ദുരനുഭവമുണ്ടായത്.

ഞായറാഴ്ചയായിരുന്നു സംഭവം. കളിക്കുന്നതിനിടെ വളർത്തുനായ കാവേഷിനെ കടിക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ കല്യാൺ-ഡോംബിവ്ലി മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള രുഗ്മിണിഭായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പേവിഷബാധ തടയാൻ ഡോക്ടർമാർ കുത്തിവെപ്പ് നിർദേശിച്ചു.ഇതനുസരിച്ച് നഴ്സ് മൂന്ന് കുത്തിവെപ്പ് നൽകി. രണ്ടെണ്ണം കൈകളിലും ഒന്ന് കാലിലുമാണ് എടുത്തത്. അവസാനത്തേത് ഇടുപ്പിന് സമീപം എടുക്കുന്നതിനിടെയാണ് സിറിഞ്ച് സൂചി ഒടിഞ്ഞ് കുട്ടിയുടെ ശരീരത്തിൽ തുളഞ്ഞു കയറിയത്.

സൂചി ഒടിഞ്ഞ വിവരം മാതാപിതാക്കൾ ഉടൻ തന്നെ ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ ഡോക്ടർമാരോ നഴ്സോ ഇത് ഗൗനിച്ചില്ലെന്നാണ് ആരോപണം. ഒടിഞ്ഞ ഭാഗം തറയിൽ വീണിട്ടുണ്ടാകുമെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി.

മാതാപിതാക്കൾ തറ പരിശോധിച്ചെങ്കിലും സൂചിയുടെ ഭാഗം കണ്ടെത്താനായില്ല. കുട്ടിയെ വിശദമായി പരിശോധിക്കണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ചുവെന്നും തുടർന്ന് വീട്ടിലേക്ക് മടക്കി അയച്ചുവെന്നും കുടുംബം പറയുന്നു.എന്നാൽ വീട്ടിലെത്തിയതോടെ കുട്ടിക്ക് കടുത്ത വേദന അനുഭവപ്പെട്ടു.

പരിഭ്രാന്തരായ മാതാപിതാക്കൾ പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ കാവേഷിനെ എത്തിച്ചു. അവിടെ നടത്തിയ എക്സ് റേ പരിശോധനയിലാണ് സൂചി ശരീരത്തിനുള്ളിൽ തറച്ചിരിക്കുന്നതായി കണ്ടെത്തിയത്.തുടർന്ന് ശസ്ത്രക്രിയയിലൂടെ ഒടിഞ്ഞ സൂചി പുറത്തെടുത്തു.

ഇപ്പോൾ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ രുഗ്മിണിഭായ് ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയുണ്ടായതായി മാതാപിതാക്കൾ പരാതിപ്പെട്ടു. കെഡിഎംസി അധികൃതർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376648/kalyan-hospital-syringe-needle-broken-child-surgery)