---
title: " മലബാർ മിൽമ ക്ഷീര കർഷകർക്ക് ഓണമധുരം; 5.04 കോടി രൂപ സമ്മാനമായി നൽകുമെന്ന് മിൽമ"
english_title: "Malabar Milma Gives 5.04 Crore to Dairy Farmers as Onam Bonus"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376644/malabar-milma-onam-bonus-5-crore-dairy-farmers"
published_at: "2026-08-04T19:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71ed45d1035_malabar-milma-onam-bonus-5-crore-dairy-farmers.jpg"
keywords: ["Malabar Milma", "Dairy Farmers", "Onam Bonus", "Milk Price", "Cattle Feed Subsidy"]
---

#  മലബാർ മിൽമ ക്ഷീര കർഷകർക്ക് ഓണമധുരം; 5.04 കോടി രൂപ സമ്മാനമായി നൽകുമെന്ന് മിൽമ

> **Lead Summary:** കോഴിക്കോട്: ഓണക്കാലത്ത് മലബാർ മേഖലയിലെ ക്ഷീര കർഷകർക്ക് സമ്മാനവുമായി മലബാർ മിൽമ. ഇക്കുറി 5.04 കോടി രൂപയാണ് ക്ഷീര കർഷകർക്ക് വിതരണം ചെയ്യുന്നത്. അധിക പാൽ വിലയായും കാലിത്തീറ്റ സബ്സിഡിയായുമാണ് തുക നൽകുന്നത്.

## Article Content

കോഴിക്കോട്: ഓണക്കാലത്ത് മലബാർ മേഖലയിലെ ക്ഷീര കർഷകർക്ക് സമ്മാനവുമായി മലബാർ മിൽമ. ഇക്കുറി 5.04 കോടി രൂപയാണ് ക്ഷീര കർഷകർക്ക് വിതരണം ചെയ്യുന്നത്. അധിക പാൽ വിലയായും കാലിത്തീറ്റ സബ്സിഡിയായുമാണ് തുക നൽകുന്നത്.

4.20 കോടി രൂപ അധിക പാൽ വിലയും 84 ലക്ഷം രൂപ കാലിത്തീറ്റ സബ്സിഡിയുമായാണ് ക്ഷീര കർഷകരിലേക്ക് എത്തുക. മലബാർ മേഖലയിലെ ഒരു ലക്ഷത്തോളം വരുന്ന ക്ഷീര കർഷകരും 1200-ഓളം പ്രാഥമിക ആനന്ദ് മാതൃക ക്ഷീര സംഘങ്ങളുമാണ് ഈ ആനുകൂല്യത്തിന്റെ ഗുണഭോക്താക്കൾ.

മലബാർ മേഖലാ യൂണിയൻ ഭരണ സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 2026 ജൂൺ 1 മുതൽ 30 വരെ മേഖലാ യൂണിയന് ആനന്ദ് മാതൃക ക്ഷീര സംഘങ്ങൾ വഴി നൽകിയ നിശ്ചിത ഗുണനിലവാരമുള്ള പാലിനാണ് അധിക വില നൽകുന്നത്.

ഈ ഒരു മാസത്തിനിടെ സംഭരിച്ച 210 ലക്ഷം ലിറ്റർ പാലിനാണ് ലിറ്ററിന് 2 രൂപ വീതം അധിക പാൽവില നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 4.20 കോടി രൂപ വരും ദിവസങ്ങളിൽ മലബാറിലെ ആറ് ജില്ലകളിലെ ക്ഷീര കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് എത്തിച്ചേരും.

കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ കർഷകർക്കാണ് ആനുകൂല്യം ലഭിക്കുക. ക്ഷീര കൃഷി ലാഭകരമാക്കുകയും കർഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മിൽമ ഓരോ ഓണക്കാലത്തും അധിക പാൽവിലയും സബ്സിഡിയും നൽകുന്നത്.

വർധിച്ചുവരുന്ന തീറ്റവിലയും മറ്റ് ചെലവുകളും നേരിടാൻ ഈ തുക കർഷകർക്ക് വലിയ ആശ്വാസമാകുമെന്ന് ഭരണസമിതി വിലയിരുത്തി. മിൽമയുടെ ഈ പ്രഖ്യാപനം ക്ഷീര മേഖലയിൽ സന്തോഷം പരത്തിയിട്ടുണ്ട്. ഗുണനിലവാരമുള്ള പാൽ ഉൽപാദിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കാൻ ഇത് കർഷകർക്ക് പ്രചോദനമാകുമെന്നും അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376644/malabar-milma-onam-bonus-5-crore-dairy-farmers)