---
title: "'മന്ത്രിയുടെ പുരുഷ മേധാവിത്വ ചിന്തയിൽ നിന്നാണ് പ്രസ്താവന ഉണ്ടായത്, അപമാനിക്കുന്ന പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം'; സി പി ജോണിനെതിരെ എം വി ഗോവിന്ദൻ"
english_title: "MV Govindan Slams Minister CP John Over Women Remarks Demands Apology"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376639/mv-govindan-slams-cp-john-women-remarks-helicopter-controversy"
published_at: "2026-08-04T18:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71e11b3e078_mv-govindan-slams-cp-john-women-remarks-helicopter-controversy.jpg"
keywords: ["Priyadarshini Bus Insult", "MV Govindan", "CP John", "Kerala Politics"]
---

# 'മന്ത്രിയുടെ പുരുഷ മേധാവിത്വ ചിന്തയിൽ നിന്നാണ് പ്രസ്താവന ഉണ്ടായത്, അപമാനിക്കുന്ന പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം'; സി പി ജോണിനെതിരെ എം വി ഗോവിന്ദൻ

> **Lead Summary:** തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിന്റെ പ്രസ്താവന കേരളത്തിലെ സ്ത്രീകളെയാകെ അപമാനിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രസ്താവന പിന്‍വലിച്ച് സി പി ജോണ്‍ മാപ്പ് പറയണം. ശാക്തീകരിച്ച മലയാളി സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒരാളെയും പൊതുസമൂഹം അനുവദിക്കില്ല.

## Article Content

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിന്റെ പ്രസ്താവന കേരളത്തിലെ സ്ത്രീകളെയാകെ അപമാനിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രസ്താവന പിന്‍വലിച്ച് സി പി ജോണ്‍ മാപ്പ് പറയണം. ശാക്തീകരിച്ച മലയാളി സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒരാളെയും പൊതുസമൂഹം അനുവദിക്കില്ല.

മന്ത്രിയുടെ പുരുഷ മേധാവിത്വ ചിന്തയില്‍ നിന്നാണ് പ്രസ്താവന ഉണ്ടായത്. സ്ത്രീകള്‍ക്ക് ഔദാര്യം നല്‍കുന്ന രീതിയിലാണ് യാത്രയെ ഗതാഗത മന്ത്രി അവതരിപ്പിച്ചത്. തങ്ങളുടെ നികുതിപ്പണം കൊണ്ടാണ് യാത്രയ്ക്ക് പണം കണ്ടെത്തുന്നതെന്ന് മന്ത്രി മറക്കരുത്.

വോട്ട് കിട്ടാന്‍ വേണ്ടി യുഡിഎഫ് നടത്തിയ പദ്ധതിയാണത്. എന്നിട്ടും എന്തിനാണ് ഇപ്പോള്‍ സ്ത്രീകളെ അപമാനിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആശുപത്രിയുമായി ബന്ധപ്പെട്ട സി പി ജോണിന്റെ പ്രസ്താവനയ്‌ക്കെതിരെയും എം വി ഗോവിന്ദന്‍ രംഗത്തെത്തി.

സ്വകാര്യ ആശുപത്രിക്ക് വേണ്ടിയാണ് സി പി ജോണ്‍ അത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

ഹെലികോപ്റ്റര്‍ യാത്രയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രതികരണത്തിലും എം വി ഗോവിന്ദന്‍ വിമര്‍ശനം ഉന്നയിച്ചു. പേരുപോലും പറയാത്ത നിക്ഷേപകരെ കാണാന്‍ പോയി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിക്ക് ഒരു കളവുപോലും പറയാതെ പറ്റില്ലെന്ന സ്ഥിതി.

പുറത്ത് പറയാനാവാത്ത എന്ത് ഡീല്‍ ആണ് ഉണ്ടാക്കിയത്. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പിണറായി വിജയന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വി ഡി സതീശന്‍ നടത്തുന്നത് തെറ്റായ പ്രചാരണമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പിണറായി ഹെലികോപ്റ്ററില്‍ പാര്‍ട്ടി സമ്മേളനത്തിന് പോയെന്ന ആരോപണം ശരിയല്ല. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രം എത്തിയിരുന്നു. അപ്പോള്‍ അവരുമായി ചര്‍ച്ച നടത്താന്‍ തൃശൂരില്‍ നിന്ന് ഹെലികോപ്റ്ററില്‍ വരികയാണ് ഉണ്ടായത്.

പാര്‍ട്ടി സമ്മേളനത്തിലേക്ക് ഹെലികോപ്റ്ററില്‍ വരികയല്ല ചെയ്തത്. കൂടുതല്‍ പറയിപ്പിക്കരുത് എന്ന് പറഞ്ഞ് മുഖ്യമന്ത്രി എന്തിനാണ് പറയാതിരിക്കുന്നത്. അദ്ദേഹം കാര്യങ്ങള്‍ പറയുകയാണ് വേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376639/mv-govindan-slams-cp-john-women-remarks-helicopter-controversy)