---
title: "'ഒരു ഹാളിൽ 250-ഓളം പേരെ അങ്ങനെ നിർത്തിയിരിക്കുകയാണ്; ഒന്നോ രണ്ടോ ഫോൺവിളികളിൽ അവസാനിക്കുന്നതല്ല മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം'- എം വി ഗോവിന്ദൻ"
english_title: "MV Govindan Slams CM VD Satheesan Over Flood Relief Coordination"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376635/mv-govindan-criticizes-cm-vd-satheesan-flood-relief"
published_at: "2026-08-04T17:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71d3e833c21_mv-govindan-criticizes-cm-vd-satheesan-flood-relief.jpg"
keywords: ["Kerala Rain", "MV Govindan", "VD Satheesan", "Kerala Floods", "Relief Camp"]
---

# 'ഒരു ഹാളിൽ 250-ഓളം പേരെ അങ്ങനെ നിർത്തിയിരിക്കുകയാണ്; ഒന്നോ രണ്ടോ ഫോൺവിളികളിൽ അവസാനിക്കുന്നതല്ല മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം'- എം വി ഗോവിന്ദൻ

> **Lead Summary:** തിരുവനന്തപുരം: കാലവർഷക്കെടുതി രൂക്ഷമായിട്ടും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനോ ദുരന്തബാധിതരെ നേരിൽ കാണാനോ മുഖ്യമന്ത്രി വി ഡി സതീശന്‍ തയ്യാറായില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കേന്ദ്രത്തിൽ എത്താൻപോലും മുഖ്യമന്ത്രിക്കായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

## Article Content

തിരുവനന്തപുരം: കാലവർഷക്കെടുതി രൂക്ഷമായിട്ടും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനോ ദുരന്തബാധിതരെ നേരിൽ കാണാനോ മുഖ്യമന്ത്രി വി ഡി സതീശന്‍ തയ്യാറായില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കേന്ദ്രത്തിൽ എത്താൻപോലും മുഖ്യമന്ത്രിക്കായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

'ഒന്നോ രണ്ടോ ഫോൺവിളികളിൽ അവസാനിക്കുന്നതല്ല ഇത്തരം ഘട്ടങ്ങളിൽ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം. ദുരിതബാധിതരേക്കാൾ വിരുന്നിനും ജ്വല്ലറി ഉദ്ഘാടനത്തിനുമാണ് മുഖ്യമന്ത്രി പ്രാധാന്യം നൽകുന്നത്. പിന്നീട് അതുതന്നെയാണ് രീതിയെന്ന് പത്രസമ്മേളനത്തിലും ആവർത്തിക്കുകയാണുണ്ടായത്. ദുരന്തഭൂമിയില്‍ സകലതും നഷ്ടപ്പെട്ട മനുഷ്യരെ പരിഹസിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.'

ആശുപത്രിയിൽ കഴിയുന്ന ഭാര്യാപിതാവിനെ കാണുന്നതിനായി മുഖ്യമന്ത്രി ഹെലികോപ്ടറിൽ പോയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ പേര് വെളിപ്പെടുത്താനാകാത്ത നിക്ഷേപകനെ കാണാനാണ് യാത്ര ചെയ്തതെന്ന വിശദീകരണമാണ് പിന്നീട് മുഖ്യമന്ത്രി നൽകിയത്.

ഒരു കള്ളമെങ്കിലും പറയാതെ ഒരു സമാധാനവും കിട്ടാത്ത മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. നിക്ഷേപകന്‍റെ പേരു പറഞ്ഞാല്‍ നിക്ഷേപത്തിനുള്ള സാധ്യത കുറയും അതുകൊണ്ട് പേര് പറയുന്നില്ല എന്ന് വേറൊരു കളവ്.

ടൂർ പ്രോഗ്രാമിലോ ഔദ്യോഗിക വാഹനങ്ങളുടെ റൂട്ടിലോ ഈ സന്ദർശനം ഉണ്ടായിരുന്നില്ലെന്നും കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

'കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജനങ്ങളുടെ ദുരിതം പരിഹരിക്കുന്നതിനാണ് ഹെലികോപ്ടർ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കുകയാണ്. പ്രതിഷേധം ശക്തമായശേഷമാണ് ദുരിതാശ്വാസ കേന്ദ്രങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി തയ്യാറായത്.'

എട്ട് ജില്ലകളിൽ റെഡ് അലർട്ടും നാലിടത്ത് ഓറഞ്ച് അലർട്ടും രണ്ടിടത്ത് യെല്ലോ അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിൽ രക്ഷാ–ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് രംഗത്തിറങ്ങണമെന്ന് നേരത്തെതന്നെ സിപിഐ എം പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്. ദുരിതബാധിതർക്ക് ഭക്ഷണം, കുടിവെള്ളം, അവശ്യവസ്തുക്കൾ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അപകടഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും പ്രവർത്തകർ ഇടപെടണമെന്നും ഗോവിന്ദൻ പറഞ്ഞു.

'പല ദുരിതാശ്വാസ ക്യാമ്പുകളിലും കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, അവശ്യവസ്തുക്കൾ എന്നിവയുടെ കുറവ് തുടരുകയാണ്. ഇന്നലെ കോഴിക്കോട് പ്രൊവിഡൻസ് കോളേജിലെ ക്യാമ്പിലെ ആളുകളെ സന്ദർശിച്ചപ്പോൽ അവർ പറഞ്ഞത്, അവിടെ താമസത്തിന് കൃത്യമായ ഒരു സംവിധാനവും ഒരുക്കിയിട്ടില്ല എന്നതായിരുന്നു.

ഒരു ഹാളിൽ 250ഓളം പേരെ അങ്ങനെ നിർത്തിയിരിക്കുകയാണ്. കിടക്കാനോ ദൈനംദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങളോ ഒന്നുംതന്നെ അവിടെയില്ല എന്നാണവർ പറഞ്ഞത്. അവർക്കാവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കാൻ സർക്കാരിനോടും അതിനാവശ്യമായ സഹായങ്ങൾ നൽകാൻ പാർടി പ്രവർത്തകരോടും എല്ലാവരോടുമായി അഭ്യർത്ഥിക്കുകയാണ്.'

മുന്നറിയിപ്പ് നൽകുന്നതുമുതൽ രക്ഷാപ്രവർത്തനം, ക്യാമ്പ് നടത്തിപ്പ്, ശുചീകരണം എന്നിവയിൽ സർക്കാർ പരാജയപ്പെട്ടെന്നും പകർച്ചവ്യാധികൾ തടയാൻ പ്രത്യേക ജാഗ്രത വേണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.

കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി കാര്യക്ഷമമായ തെരച്ചിൽ നടത്താനോ നാവികസേനയുടെ സഹായം തേടാനോ സർക്കാർ തയ്യാറായില്ലെന്ന കുടുംബങ്ങളുടെ പരാതി ഗൗരവമുള്ളതാണ്. മന്ത്രിമാരുടെ നിരുത്തരവാദപരമായ പ്രതികരണങ്ങൾ അവസാനിപ്പിച്ച് തെരച്ചിൽ ഊർജിതമാക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376635/mv-govindan-criticizes-cm-vd-satheesan-flood-relief)