---
title: "'കസ്റ്റമറെ' തിരഞ്ഞു നടന്ന കള്ളന്മാർ! ജോലിക്ക് നിന്ന വീട്ടിൽനിന്ന് മോഷ്ടിച്ച വജ്രം വാട്സ്ആപ്പിലൂടെ 'വിൽപനയ്ക്ക് വച്ചു; വീട്ടുജോലിക്കാരനും കൂട്ടാളിയും അറസ്റ്റിൽ"
english_title: "Delhi Domestic Worker Arrested For Stealing Diamond Police Recover Jewellery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376607/delhi-house-help-arrested-diamond-theft"
published_at: "2026-08-04T15:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71bfd5ae985_delhi-house-help-arrested-diamond-theft.jpg"
keywords: ["Diamond Theft", "South Campus", "House Help Arrest", "Delhi Police"]
---

# 'കസ്റ്റമറെ' തിരഞ്ഞു നടന്ന കള്ളന്മാർ! ജോലിക്ക് നിന്ന വീട്ടിൽനിന്ന് മോഷ്ടിച്ച വജ്രം വാട്സ്ആപ്പിലൂടെ 'വിൽപനയ്ക്ക് വച്ചു; വീട്ടുജോലിക്കാരനും കൂട്ടാളിയും അറസ്റ്റിൽ

> **Lead Summary:** **ന്യൂഡൽഹി: **തൊഴിലുടമയുടെ വീട്ടിൽനിന്ന് വിലയേറിയ വജ്രം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരനും കൂട്ടാളിയും അറസ്റ്റിൽ. 22കാരനായ മനീഷ് ചന്ദ്ര, കൂട്ടാളി അങ്കിത് കുമാർ എന്നിവരെയാണ് ഡൽഹി പൊലീസ് പിടികൂടിയത്. മോഷ്ടിച്ച വജ്രവും മൂന്ന് മൊബൈൽ ഫോണുകളും ഇവരിൽനിന്ന് കണ്ടെടുത്തു.

## Article Content

**ന്യൂഡൽഹി: **തൊഴിലുടമയുടെ വീട്ടിൽനിന്ന് വിലയേറിയ വജ്രം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരനും കൂട്ടാളിയും അറസ്റ്റിൽ. 22കാരനായ മനീഷ് ചന്ദ്ര, കൂട്ടാളി അങ്കിത് കുമാർ എന്നിവരെയാണ് ഡൽഹി പൊലീസ് പിടികൂടിയത്. മോഷ്ടിച്ച വജ്രവും മൂന്ന് മൊബൈൽ ഫോണുകളും ഇവരിൽനിന്ന് കണ്ടെടുത്തു.

തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ പരാതിക്കാരിയുടെ വീട്ടിൽനിന്ന് വജ്രം നഷ്ടപ്പെട്ടതിനെ തുടർന്ന് ജൂലൈ 10ന് സൗത്ത് ക്യാമ്പസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വീട്ടുജോലിക്കാരനായ മനീഷ് ചന്ദ്രയാണ് മോഷണത്തിന് പിന്നിലെന്നായിരുന്നു പരാതി. മോഷണത്തിനുശേഷം ജോലി ഉപേക്ഷിച്ച മനീഷ് ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു. വജ്രം വിൽക്കാൻ ശ്രമിച്ചെങ്കിലും വാങ്ങാൻ ആളെ കണ്ടെത്താനായില്ല. തുടർന്ന് അങ്കിത് കുമാറിന്റെ സഹായം തേടി.

വാങ്ങാൻ താൽപര്യമുള്ളവരെ കണ്ടെത്തുന്നതിനായി അങ്കിത് മോഷ്ടിച്ച വജ്രത്തിന്റെ ചിത്രങ്ങൾ മൊബൈൽ ഫോണിലൂടെ പ്രചരിപ്പിച്ചതായും പൊലീസ് അറിയിച്ചു. മോട്ടിബാഗിലെ നാനക്പുരയിൽനിന്നാണ് ഇരുവരെയും പിടികൂടിയത്. ചോദ്യംചെയ്യലിൽ മനീഷ് കുറ്റം സമ്മതിച്ചതായും ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വജ്രം കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376607/delhi-house-help-arrested-diamond-theft)