---
title: "പ്രളയഭീതിയിൽ....!  സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണസംഖ്യ 85 ആയി, ഇന്നുമുതൽ അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം"
english_title: "North India Flood Alert: 85 Dead in Assam, IMD Issues Heavy Rain Warning"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376605/north-india-floods-assam-death-toll-85-imd-red-alert"
published_at: "2026-08-04T15:55:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71c2b4acdf6_north-india-floods-assam-death-toll-85-imd-red-alert.jpg"
keywords: ["North India Floods", "Assam Flood", "IMD Red Alert", "Heavy Rain"]
---

# പ്രളയഭീതിയിൽ....!  സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണസംഖ്യ 85 ആയി, ഇന്നുമുതൽ അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

> **Lead Summary:** ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കനത്ത മഴയെ തുടർന്ന് പ്രളയഭീതിയിലാണ്. അസമിലും ഒഡീഷയിലും അടക്കം ഇന്നുമുതൽ അതിതീവ്ര മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് നൽകി.

## Article Content

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കനത്ത മഴയെ തുടർന്ന് പ്രളയഭീതിയിലാണ്. അസമിലും ഒഡീഷയിലും അടക്കം ഇന്നുമുതൽ അതിതീവ്ര മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് നൽകി.

അസമിലാണ് സ്ഥിതി ഏറ്റവും ഗുരുതരമായി തുടരുന്നത്. സംസ്ഥാനത്ത് മഴക്കെടുതി മൂലമുള്ള മരണസംഖ്യ 85 ആയി ഉയർന്നു. നിരവധി പ്രദേശങ്ങൾ ഇപ്പോഴും പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട നിലയിലാണ്. റോഡുകൾ വെള്ളത്തിൽ മുങ്ങിയതും മണ്ണിടിച്ചിലുണ്ടായതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിട്ടുണ്ട്.

പലയിടത്തേക്കും സഹായമെത്തിക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. അസമിലെ പ്രധാന നദികളിൽ ജലനിരപ്പ് അപകടകരമാംവിധം ഉയരുന്നതായി അധികൃതർ അറിയിച്ചു. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ഉടൻ മാറിത്താമസിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അസമിന് പുറമെ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐ.എം.ഡി അറിയിച്ചു. ഒഡീഷയിലെ നാല് ജില്ലകൾ പൂർണമായും വെള്ളത്തിനടിയിലാണ്.

പ്രധാന റോഡുകളെല്ലാം അടച്ചതോടെ ജനജീവിതം സ്തംഭിച്ചു. ഭക്ഷണവും കുടിവെള്ളവും അടക്കമുള്ള അവശ്യസാധനങ്ങൾക്കായി ജനങ്ങൾ ബുദ്ധിമുട്ടുന്നുണ്ട്. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും മണ്ണിടിച്ചിലിനും മേഘവിസ്ഫോടനത്തിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.

മലയോര മേഖലകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. സാഹചര്യം നിയന്ത്രണവിധേയമാക്കാൻ എൻ.ഡി.ആർ.എഫ് സംഘങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാന സർക്കാരുകൾക്കും പൂർണ പിന്തുണ നൽകുമെന്ന് കേന്ദ്രം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376605/north-india-floods-assam-death-toll-85-imd-red-alert)