---
title: "ആ ചിരി മാഞ്ഞു; നാദാപുരം വളയത്ത് സ്‌കൂട്ടർ ബസിനടിയിൽപ്പെട്ട് മരിച്ച ഫാത്തിമയുടെ മൃതദേഹം കബറടക്കി "
english_title: "Valayam Kuytheri Fatima Muhammed 8 Year Old Dies Bus Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376603/valayam-kuytheri-fatima-muhammed-bus-accident-death"
published_at: "2026-08-04T15:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71bd00894c3_valayam-kuytheri-fatima-muhammed-dies-bus-accident.jpg"
keywords: ["Valayam Accident", "Bus Accident", "Kozhikode", "Child Death"]
---

# ആ ചിരി മാഞ്ഞു; നാദാപുരം വളയത്ത് സ്‌കൂട്ടർ ബസിനടിയിൽപ്പെട്ട് മരിച്ച ഫാത്തിമയുടെ മൃതദേഹം കബറടക്കി 

> **Lead Summary:** **കോഴിക്കോട് (വളയം): [truevisionnews.com] **സ്‌കൂൾ അവധിയായതിനാൽ തറവാട്ട് വീട്ടിലെ കൂട്ടുകാരൊത്ത് കളിക്കാൻ പുറപ്പെട്ട ഫാത്തിമ മോളുടെ ആ യാത്ര അന്ത്യയാത്രയാകുമെന്ന് ആരും കരുതിയില്ല. നേരത്തോട് നേരം എത്തുമുമ്പെ ആ പൊന്നോമന മടങ്ങി. അവസാന യാത്ര. ഇനി ചെറുമോത്ത് വലിയ പള്ളിയിൽ കബറിസ്ഥാനിലെ മൈലാഞ്ചി ചോട്ടിൽ അവളുറങ്ങും.

## Article Content

**കോഴിക്കോട് (വളയം): [truevisionnews.com] **സ്‌കൂൾ അവധിയായതിനാൽ തറവാട്ട് വീട്ടിലെ കൂട്ടുകാരൊത്ത് കളിക്കാൻ പുറപ്പെട്ട ഫാത്തിമ മോളുടെ ആ യാത്ര അന്ത്യയാത്രയാകുമെന്ന് ആരും കരുതിയില്ല. നേരത്തോട് നേരം എത്തുമുമ്പെ ആ പൊന്നോമന മടങ്ങി. അവസാന യാത്ര. ഇനി ചെറുമോത്ത് വലിയ പള്ളിയിൽ കബറിസ്ഥാനിലെ മൈലാഞ്ചി ചോട്ടിൽ അവളുറങ്ങും.

നെഞ്ചുപൊട്ടി കണ്ണീരൊഴുക്കി വളയം കുയ്തേരി ഗ്രാമം ഫാത്തിമക്ക് യാത്ര നൽകി. വളയം കുയ്തേരി കോയോളിന്റെ വീട്ടുകുന്നിൽ മുഹമ്മദിന്റെയും സൽമയുടെയും എട്ടുവയസ്സുകാരിയായ മകൾ ഫാത്തിമ മുഹമ്മദ് എന്ന എട്ടുവയസ്സുകാരി ഇന്നലെ ഉമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ സ്വകാര്യ ബസ് ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്.

മക്കളുടെ കാൽ വെള്ളത്തിൽ നനയാതിരിക്കാൻ വെള്ളക്കെട്ടിൽ നിന്ന് സ്കൂട്ടർ വെട്ടിച്ച് മാറ്റിയതാണ് ഒരു കുടുംബത്തിന്റെ തീരാനഷ്ടമായി മാറിയത്. പഠനത്തിൽ മിടുക്കിയും കുയ്തേരി സഹറ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ഫാത്തിമയുടെ വിയോഗം ഇനിയും ഉൾക്കൊള്ളാനാവാതെ വിങ്ങുകയാണ് നാട്.

ഉമ്മ സൽമയ്ക്കൊപ്പം താനക്കോട്ടൂരിലെ തറവാട്ടു വീട്ടിലേക്ക് പോകവേ റോഡിലെ വെള്ളക്കെട്ടിൽ നിന്ന് സ്കൂട്ടർ വെട്ടിച്ചപ്പോഴാണ് ദാരുണ സംഭവമുണ്ടായത്. എതിർദിശയിൽ വന്ന സ്വകാര്യ ബസ് സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ വളയം ഗവ. ആശുപത്രിയിലും തുടർന്ന് തലശ്ശേരിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ പരിക്കേറ്റ ഉമ്മ സൽമയും സഹോദരങ്ങളും ആ ദുരന്തത്തിന്റെ ഞെട്ടലിലാണ്. തലശ്ശേരി ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ കുഞ്ഞു മൃതദേഹം ചെറുമോത്ത് വലിയ പള്ളിയിൽ ഖബറടക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376603/valayam-kuytheri-fatima-muhammed-bus-accident-death)