---
title: "'ഉറങ്ങിക്കിടക്കുന്ന ആളെ വിളിച്ചുണർത്തി മുഖത്ത് കാർക്കിച്ചു തുപ്പുന്നതാണ് മന്ത്രി കാണിച്ചത്'; ഗതാഗത മന്ത്രി സി.പി. ജോണിനെതിരെ പി. രാജീവ്"
english_title: "CP John Remarks Against Women P Rajeev Slams Kerala Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376589/cp-john-women-remarks-p-rajeev-criticism"
published_at: "2026-08-04T15:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71b396eee30_cp-john-women-remarks-p-rajeev-criticism.jpg"
keywords: ["Priyadarshini bus insult", "CP John", "P Rajeev", "Priyadarshini Bus"]
---

# 'ഉറങ്ങിക്കിടക്കുന്ന ആളെ വിളിച്ചുണർത്തി മുഖത്ത് കാർക്കിച്ചു തുപ്പുന്നതാണ് മന്ത്രി കാണിച്ചത്'; ഗതാഗത മന്ത്രി സി.പി. ജോണിനെതിരെ പി. രാജീവ്

> **Lead Summary:** > **തിരുവനന്തപുരം: ഗ**താഗത മന്ത്രി സി.പി. ജോണിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ കടുത്ത വിമർശനവുമായി മുൻ മന്ത്രി പി. രാജീവ്. "ഉറങ്ങിക്കിടക്കുന്ന ആളെ വിളിച്ചുണർത്തി മുഖത്ത് കാർക്കിച്ചു തുപ്പുന്നതാണ് മന്ത്രി കാണിച്ചത്" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

## Article Content

> **തിരുവനന്തപുരം: ഗ**താഗത മന്ത്രി സി.പി. ജോണിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ കടുത്ത വിമർശനവുമായി മുൻ മന്ത്രി പി. രാജീവ്. "ഉറങ്ങിക്കിടക്കുന്ന ആളെ വിളിച്ചുണർത്തി മുഖത്ത് കാർക്കിച്ചു തുപ്പുന്നതാണ് മന്ത്രി കാണിച്ചത്" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

> കേരള സ്ത്രീ സമൂഹത്തെ ഇത്രയും പരസ്യമായി ആക്ഷേപിച്ച മറ്റൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പി. രാജീവ് ചൂണ്ടിക്കാട്ടി. സ്ത്രീകളോട് അഭിമാനത്തോടെ യാത്ര ചെയ്യാൻ പറഞ്ഞ സർക്കാർ ഇന്ന് അവരെ തന്നെ അധിക്ഷേപിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീകൾക്കായുള്ള പ്രിയദർശിനി ബസ് പദ്ധതി അവസാനിപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഈ പരാമർശമെന്നും അദ്ദേഹം ആരോപിച്ചു. "സ്ത്രീകളെ അധിക്ഷേപിച്ച മന്ത്രി തുടരേണ്ടതുണ്ടോ എന്ന് കേരളം ചർച്ച ചെയ്യണം" എന്നും പി. രാജീവ് ആവശ്യപ്പെട്ടു.

> സ്വകാര്യ ആശുപത്രികൾക്ക് ഫണ്ടിങ് നടത്തിയവരുടെ താൽപര്യങ്ങൾക്ക് അനുസരിച്ചുള്ളതാണ് മന്ത്രിയുടെ പ്രതികരണമെന്ന് പി. രാജീവ് ആരോപിച്ചു. എല്ലാ മേഖലകളും സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കാനുള്ള പദ്ധതിയാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. "കുറഞ്ഞ കാലം കൊണ്ട് തന്നെ ജനങ്ങളെ വഞ്ചിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സർക്കാരായി യുഡിഎഫ് മാറി" എന്നും അദ്ദേഹം വിമർശിച്ചു.

> മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും പി. രാജീവ് വിമർശനം ഉന്നയിച്ചു. നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി രഹസ്യ യാത്ര നടത്തിയെന്നും മറ്റ് മന്ത്രിമാരെ എന്തുകൊണ്ട് കൂടെ കൊണ്ടുപോയില്ലെന്നും അദ്ദേഹം ചോദിച്ചു. "ഇൻവെസ്റ്റേഴ്സ് അപ്പോയിന്റ്മെന്റ് ചോദിച്ചാൽ ഓഫീസിലെത്തി കാണുന്നതാണ് പതിവ്. ഒരു നുണ പറഞ്ഞ് പിടിച്ചുനിൽക്കാൻ ആയിരം നുണകൾ പറയേണ്ടി വരുന്നു. സംഭവത്തിൽ ദുരൂഹതകൾ നിലനിൽക്കുകയാണ്. ആരെ എവിടെ കണ്ടു എന്നതിൽ വ്യക്തതയില്ല" എന്ന് പി. രാജീവ് പറഞ്ഞു.

> ബസിന് കാശില്ലാത്ത സ്ത്രീകൾ ഫീസ് കൊടുക്കേണ്ട സ്കൂളിലേക്ക് കുട്ടികളെ വിടുന്നുവെന്നായിരുന്നു സി.പി. ജോണിന്റെ വിവാദ പരാമർശം. "സർക്കാർ സ്കൂളിൽ സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. ഫീസ് കൊടുക്കേണ്ടതില്ലാത്ത പ്രൈവറ്റിൽ പോലും കുട്ടികളെ വിടാതെ ഫീസ് കൊടുക്കേണ്ട സ്കൂളിലേക്ക് വിടുന്നു" എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

> "ഇതേ സ്ത്രീ അച്ഛനെയും ഭർത്താവിനെയും കൊണ്ട് സർക്കാർ ആശുപത്രിയിലെ വരാന്തയിൽ കിടക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുന്നു. സ്വകാര്യ ആശുപത്രിയിൽ നൽകാൻ പണമില്ല. ബസ് വന്നാൽ കാശ് കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും.

> പ്രിയദർശിനി വന്നപ്പോൾ സ്വകാര്യ ബസ് വിട്ട് അതിൽ തിക്കിത്തിരക്കി പോകുന്നതിന്റെ കാരണം സ്വകാര്യ ബസിനോടുള്ള വിരോധമോ എന്നോടുള്ള സ്നേഹമോ അല്ല. കുടുംബിനികൾക്ക് കയ്യിൽ കാശ് ഇല്ലാത്തത് കൊണ്ടാണ്" എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.മന്ത്രിയുടെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376589/cp-john-women-remarks-p-rajeev-criticism)