---
title: "സ്ഥിരം ദുരന്ത നിവാരണ സംവിധാനം നടപ്പാക്കും; പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി, വെളളം കയറിയ വീടുകള്‍ക്ക് ധനസഹായം"
english_title: "CM VD Satheesan Visits Flood Hit Pathanamthitta, Announces 10000 Aid and Permanent Disaster Plan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376569/cm-vd-satheesan-visits-pathanamthitta-flood-relief-10000-aid"
published_at: "2026-08-04T14:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71a8325bcc7_cm-vd-satheesan-visits-pathanamthitta-flood-relief-10000-aid.jpg"
keywords: ["Kerala Rain", "VD Satheesan", "Pathanamthitta Flood", "Kerala Flood", "Relief Camp"]
---

# സ്ഥിരം ദുരന്ത നിവാരണ സംവിധാനം നടപ്പാക്കും; പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി, വെളളം കയറിയ വീടുകള്‍ക്ക് ധനസഹായം

> **Lead Summary:** പത്തനംതിട്ട: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ പ്രളയബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടെത്തി വിലയിരുത്തി. പത്തനംതിട്ട ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളും വെള്ളം കയറിയ പ്രദേശങ്ങളും അദ്ദേഹം സന്ദർശിച്ചു.

## Article Content

പത്തനംതിട്ട: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ പ്രളയബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടെത്തി വിലയിരുത്തി. പത്തനംതിട്ട ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളും വെള്ളം കയറിയ പ്രദേശങ്ങളും അദ്ദേഹം സന്ദർശിച്ചു.

ജില്ലയിൽ സ്ഥിരം ദുരന്തനിവാരണ സംവിധാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ആദ്യഘട്ട പദ്ധതി പത്തനംതിട്ടയിൽ തന്നെ ആരംഭിക്കും. ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയവും ഫലപ്രദവുമായ പ്രതിരോധ സംവിധാനം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

> "സംസ്ഥാന സർക്കാർ പൂർണമായ അധികാരം ജില്ലാ ഭരണകൂടത്തിന് നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും എത്ര രൂപ വേണമെങ്കിലും ചെലവാക്കാനുള്ള സ്വാതന്ത്ര്യം കലക്ടർക്കുണ്ട്. നടപടികൾ വേഗത്തിലാക്കാൻ ഈ അധികാരം ഉപയോഗിക്കണം," മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയിൽ നിലവിൽ 133 ദുരിതാശ്വാസ ക്യാമ്പുകളിലായി ആറായിരത്തിലേറെ പേരുണ്ട്. തിരുവല്ല മേഖലയിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ. അവിടെ വെള്ളം ഇറങ്ങാത്തതാണ് പ്രധാന പ്രശ്നം. ക്യാമ്പുകളിൽ ശുചിത്വമുള്ള ഭക്ഷണം ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ടോയ്‌ലറ്റ് സൗകര്യം കുറവുള്ള ക്യാമ്പുകളിൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിക്കും. സുരക്ഷയ്ക്കായി പൊലീസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. 150-ൽ അധികം ആളുകളുള്ള വലിയ ക്യാമ്പുകൾ രണ്ടായി തിരിക്കാനും നിർദേശം നൽകി. അതിഥി തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേർ ക്യാമ്പുകളിലുണ്ട്.

വെള്ളം ഇറങ്ങി ആളുകൾ വീടുകളിലേക്ക് മടങ്ങുമ്പോൾ വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ അടിയന്തര ധനസഹായമായി നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വനമേഖലയിൽ നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് വലിയ അപകടങ്ങളും ജീവഹാനിയും ഒഴിവായത്.

മുന്നറിയിപ്പിന്റെ ഭാഗമായി രണ്ട് ഹെലികോപ്റ്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, ആർ.ടി.എഫ്, പൊലീസ് സംഘങ്ങളെയും സജ്ജമാക്കി വച്ചിട്ടുണ്ട്. മണ്ണൊലിപ്പും ഉരുൾപൊട്ടലുമാണ് ഇപ്പോഴത്തെ പ്രധാന ഭീഷണിയെന്നും എല്ലായിടത്തും സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376569/cm-vd-satheesan-visits-pathanamthitta-flood-relief-10000-aid)