---
title: "അരയിൽ പ്ലാസ്റ്റിക് ചാക്ക് കെട്ടിയത് വിനയായി..! പുഴയിലൂടെ ഒഴുകിവരുന്ന തേങ്ങ ശേഖരിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി"
english_title: "Peravoor: Body of V.P Haneef Found in Kanjirappuzha River After 4 Days"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376545/peravoor-kanjirapuzha-body-found-vp-haneef-"
published_at: "2026-08-04T13:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a719709ad37d_peravoor-kanjirapuzha-body-found-vp-haneef.jpg"
keywords: ["Peravoor News", "River Accident", "V.P Haneef", "Kerala Rain"]
---

# അരയിൽ പ്ലാസ്റ്റിക് ചാക്ക് കെട്ടിയത് വിനയായി..! പുഴയിലൂടെ ഒഴുകിവരുന്ന തേങ്ങ ശേഖരിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **പേരാവൂർ: **കാഞ്ഞിരപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി.പി. ഹനീഫയുടെ മൃതദേഹം ഒടുവിൽ കണ്ടെത്തി. കാണാതായി നാലാം ദിവസമാണ് ഫയർഫോഴ്സിന്റെ നേതൃത്വത്തിലുള്ള തിരച്ചിൽ സംഘം മൃതദേഹം കണ്ടെടുത്തത്. കാഞ്ഞിരപുഴ സൻവിസ് സ്റ്റേഷന് പിറകുവശത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**പേരാവൂർ: **കാഞ്ഞിരപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി.പി. ഹനീഫയുടെ മൃതദേഹം ഒടുവിൽ കണ്ടെത്തി. കാണാതായി നാലാം ദിവസമാണ് ഫയർഫോഴ്സിന്റെ നേതൃത്വത്തിലുള്ള തിരച്ചിൽ സംഘം മൃതദേഹം കണ്ടെടുത്തത്. കാഞ്ഞിരപുഴ സൻവിസ് സ്റ്റേഷന് പിറകുവശത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇത് ഹനീഫ ഒഴുക്കിൽപ്പെട്ട സ്ഥലത്തുനിന്നും ഏകദേശം 100 മീറ്ററോളം അകലെയാണെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. പുഴയിലൂടെ ഒഴുകിവരുന്ന തേങ്ങ ശേഖരിക്കുന്നതിനിടയിലാണ് ഹനീഫ ശക്തമായ ഒഴുക്കിൽപ്പെട്ടത്.

തേങ്ങയിടാനായി അരായിൽ പ്ലാസ്റ്റിക് ചാക്ക് കെട്ടിയിരുന്നത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചതായും, ഇതാകാം അ​പ​ക​ട​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​തെ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. സംഭവസ്ഥലത്ത് ഇരിട്ടി തഹസിൽദാർ എൻ. സീമ, ഡെപ്യൂട്ടി തഹസിൽദാർ ബിജി ജോൺ, വില്ലേജ് ഓഫിസർമാരായ റോയ് ചാക്കോ, എം. രാജീവൻ, പേരാവൂർ ഡിവൈ.എസ്.പി. പി. ചന്ദ്രമോഹനൻ, അഗ്നിരക്ഷാനിലയം ഓഫിസർ കെ.എ. ജിനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ശക്തമായ തിരച്ചിൽ സംഘമാണ് പരിശോധനകളും തുടർനടപടികളും ഏകോപിപ്പിച്ചത്. 

വയൽപീടിക പരേതനായ ഇബ്രാഹിമിന്റെയും ആസിയയുടെയും മകനാണ് ഹനീഫ. കൊട്ടംചുരത്തെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഇദ്ദേഹത്തിന്റെ താമസം. ജ്യേഷ്ഠൻ അലിയും അനുജൻ ആരിഫും വിദേശത്താണ് ജോലി ചെയ്യുന്നത്. ഹസീന, അൻസീന എന്നിവരാണ് സഹോദരിമാർ. ഉമ്മ നിലവിൽ സഹോദരിയുടെ കൂടെയാണ് താമസം വരുന്നത്.

അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് 12 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്.

തമിഴ്നാടിന് മുകളിലുള്ള ചക്രവാതചുഴിയുടെ സ്വാധീനമാണ് സംസ്ഥാനത്ത് മഴയുടെ ശക്തി വർധിക്കാൻ കാരണം. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി തുടരും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376545/peravoor-kanjirapuzha-body-found-vp-haneef-)