---
title: "ആ ഉമ്മയെങ്ങനെ ഫാത്തൂട്ടിയെ കാണും? ഉള്ളുപിടഞ്ഞ് വളയം കുയ്തേരി ഗ്രാമം, മക്കൾ നനയാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചത് ദുരന്തമായി"
english_title: "Kozhikode: 8-Year-Old Girl Fatima Dies in Scooter-Bus Accident at Valayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376535/valayam-girl-fatima-dies-scooter-bus-accident-"
published_at: "2026-08-04T12:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a718df3059a5_valayam-girl-fatima-dies-scooter-bus-accident.jpg"
keywords: ["Valayam Accident", "Kozhikode News", "Scooter Bus Collision", "Fatima Muhammad", "Child Death"]
---

# ആ ഉമ്മയെങ്ങനെ ഫാത്തൂട്ടിയെ കാണും? ഉള്ളുപിടഞ്ഞ് വളയം കുയ്തേരി ഗ്രാമം, മക്കൾ നനയാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചത് ദുരന്തമായി

> **Lead Summary:** **കോഴിക്കോട് (വളയം): **കളിചിരികൾ മായാത്ത പൊന്നോമനയുടെ ജീവനറ്റ കുഞ്ഞു ദേഹം അൽപ സമയത്തിനകം ഉറ്റവരുടെ അടുത്തെത്തും. ആ ഉമ്മയെങ്ങനെ ഫാത്തൂട്ടിയെ കാണും? ഉള്ളുപിടഞ്ഞ് കണ്ണീരൊഴുക്കുകയാണ് വളയം കുയ്തേരി ഗ്രാമം. മക്കളുടെ കാൽ നനയാതിരിക്കാൻ വെള്ളക്കെട്ടിൽ നിന്ന് സ്കൂട്ടർ വെട്ടിച്ചതാണ് വലിയ ദുരന്തമായി മാറിയത്.

## Article Content

**കോഴിക്കോട് (വളയം): **കളിചിരികൾ മായാത്ത പൊന്നോമനയുടെ ജീവനറ്റ കുഞ്ഞു ദേഹം അൽപ സമയത്തിനകം ഉറ്റവരുടെ അടുത്തെത്തും. ആ ഉമ്മയെങ്ങനെ ഫാത്തൂട്ടിയെ കാണും? ഉള്ളുപിടഞ്ഞ് കണ്ണീരൊഴുക്കുകയാണ് വളയം കുയ്തേരി ഗ്രാമം. മക്കളുടെ കാൽ നനയാതിരിക്കാൻ വെള്ളക്കെട്ടിൽ നിന്ന് സ്കൂട്ടർ വെട്ടിച്ചതാണ് വലിയ ദുരന്തമായി മാറിയത്.

വളയം കുയ്തേരിയിലെ കോയോളിന്റെ വീട്ടുകുന്നിൽ മുഹമ്മദിന്റെ മകൾ ഫാത്തിമ മുഹമ്മദ് (8) ആണ് ഇന്നലെ ഉമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ സ്വകാര്യ ബസ് ഇടിച്ച് മരിച്ചത്. കുയ്തേരി സഹറ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്.

ഉമ്മ സൽമയ്ക്കും മറ്റ് രണ്ട് സഹോദരങ്ങൾക്കുമൊപ്പം സ്കൂട്ടറിൽ കുയ്തേരിയിലെ വീട്ടിൽ നിന്ന് ഉമ്മയുടെ വീടായ താനക്കോട്ടൂർ കോമത്ത് വീട്ടിലേക്ക് പോകവേയാണ് അപകടം. റോഡിലെ വെള്ളക്കെട്ട് കാരണം സ്കൂട്ടർ വലതുവശത്തുകൂടി എടുത്തപ്പോൾ എതിർദിശയിൽ നിന്ന് വന്ന സ്വകാര്യ ബസ്സിൽ ഇടിച്ച് സ്കൂട്ടർ ബസ്സിനടിയിൽപ്പെട്ടു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ഉടൻ വളയം ഗവ. ആശുപത്രിയിൽ എത്തിച്ചു. ഇവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി ആംബുലൻസിൽ തലശ്ശേരിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. അപകടത്തിൽ ഉമ്മ സൽമയ്ക്കും മറ്റ് രണ്ട് മക്കൾക്കും പരിക്കുണ്ട്.

ഫാത്തിമയുടെ മൃതദേഹം ഇന്നലെ തലശ്ശേരി ജില്ലാ ഗവ. ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ വളയം പോലീസ് ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം ചെറുമോത്ത് വലിയ പള്ളി ഖബറിസ്ഥാനിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376535/valayam-girl-fatima-dies-scooter-bus-accident-)