---
title: "മഴ മാറിനിന്നാലും ആശങ്കയൊഴിയാതെ ഇടുക്കി, ജലനിരപ്പ് ഉയർന്ന നിലയിൽ, ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു"
english_title: "Idukki Dam Water Level High: Malankara Shutters Lowered, 13 Relief Camps Open"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376469/idukki-dam-water-level-high-malankara-shutter-relief-camp"
published_at: "2026-08-04T08:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a715a759ef3f_idukki-dam-water-level-high-malankara-shutter-relief-camp.jpg"
keywords: ["Idukki Rain", "Dam Water Level", "Malankara Dam", "Idukki Dam", "Kerala Floods", "Orange Alert"]
---

# മഴ മാറിനിന്നാലും ആശങ്കയൊഴിയാതെ ഇടുക്കി, ജലനിരപ്പ് ഉയർന്ന നിലയിൽ, ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

> **Lead Summary:** **ഇടുക്കി: ** ഇടുക്കി ജില്ലയിൽ കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്ന നിലയിൽ തുടരുന്നത് കനത്ത ആശങ്കയ്ക്കിടയാക്കുന്നു. മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ തുറന്ന പശ്ചാത്തലത്തിൽ മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവർ കനത്ത ജാഗ്രത പുലർത്തണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.

## Article Content

**ഇടുക്കി: ** ഇടുക്കി ജില്ലയിൽ കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്ന നിലയിൽ തുടരുന്നത് കനത്ത ആശങ്കയ്ക്കിടയാക്കുന്നു. മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ തുറന്ന പശ്ചാത്തലത്തിൽ മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവർ കനത്ത ജാഗ്രത പുലർത്തണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.

നിലവിൽ മലങ്കര, കല്ലാർകുട്ടി, പാമ്പള അണക്കെട്ടുകളാണ് തുറന്നുവിട്ടിരിക്കുന്നത്. ഇടുക്കി അണക്കെട്ടിൽ 2346.84 അടിയും മലങ്കരയിൽ 40.96 അടിയും കല്ലാർകുട്ടിയിൽ 456.50 അടിയുമാണ് നിലവിലെ ജലനിരപ്പ്. എങ്കിലും, മലങ്കര അണക്കെട്ടിലെ ജലനിരപ്പ് ഭാഗികമായി ക്രമീകരിക്കാൻ സാധിച്ചതിനെത്തുടർന്ന് ഇന്ന് പുലർച്ചെയോടെ ചില ഷട്ടറുകൾ താഴ്ത്തിയിട്ടുണ്ട്.

സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നതിനാൽ ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ സജീവമാക്കിയിട്ടുണ്ട്. ഇവിടങ്ങളിലായി ഇരുനൂറോളം പേരാണ് ഇപ്പോൾ കഴിയുന്നത്. ജില്ലയിൽ ഓറഞ്ച് അലർട്ട് തുടരുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ, കലക്ടറും ജനപ്രതിനിധികളും നേരിട്ടെത്തി ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം വിലയിരുത്തുന്നുണ്ടെന്നും ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് 12 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്. AtmosphericScience

തമിഴ്നാടിന് മുകളിലുള്ള ചക്രവാതചുഴിയുടെ സ്വാധീനമാണ് സംസ്ഥാനത്ത് മഴയുടെ ശക്തി വർധിക്കാൻ കാരണം. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി തുടരും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376469/idukki-dam-water-level-high-malankara-shutter-relief-camp)