---
title: "എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചത് ആര്? വടകര എംഡിഎംഎ കേസ്:  പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം; കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ"
english_title: "Vadakara MDMA Case: Police Seek Custody of 4 Accused, Money Traced to Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376466/vadakara-mdma-case-custody-application-money-wayanad"
published_at: "2026-08-04T08:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7158b4efc0c_vadakara-mdma-case-custody-application-money-wayanad.jpg"
keywords: ["Vadakara MDMA Case", "Perambra BRC Teachers", "MDMA Money Transaction", "Cyber Cell", "MDMA Case"]
---

# എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചത് ആര്? വടകര എംഡിഎംഎ കേസ്:  പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം; കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ

> **Lead Summary:** **വടകര: **വടകരയിലെ കോളിളക്കം സൃഷ്ടിച്ച എംഡിഎംഎ പണമിടപാട് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബിആർസി സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരെയും ഡെലിവറി ബോയ് ജിജിനെയും ഒരുമിച്ചിരുത്തി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്.

## Article Content

**വടകര: **വടകരയിലെ കോളിളക്കം സൃഷ്ടിച്ച എംഡിഎംഎ പണമിടപാട് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബിആർസി സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരെയും ഡെലിവറി ബോയ് ജിജിനെയും ഒരുമിച്ചിരുത്തി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്.

ഇതിനിടെ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഇടപാടിന്റെ മുഴുവൻ പണവും എത്തിയിരിക്കുന്നത് ഒരു വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്കാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് മൊത്ത വിതരണക്കാരനായ ഇയാളെ സൈബർ സെല്ലിന്റെ സഹായത്തോടെ വലയിലാക്കാനാണ് പോലീസിന്റെ ശ്രമം.

ആവശ്യമെങ്കിൽ ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിക്കും. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആയിരക്കണക്കിന് ഫോൺ രേഖകളും പോലീസ് ഇതിനോടകം പരിശോധിച്ചു വരികയാണ്. എടിഎം വഴി പണം പിൻവലിച്ചവരെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ബാങ്കുകൾക്ക് കത്ത് നൽകിയിട്ടുണ്ട്.

ദൃശ്യങ്ങളിൽ നിന്ന് പണം പിൻവലിച്ചയാളെ കണ്ടെത്തിയാൽ അവരും കേസിൽ പ്രതികളാകും. അതിനിടെ, പ്രതിയായ കീർത്തനയുടെ ജാമ്യാപേക്ഷയിൽ വടകര എൻഡിപിഎസ് കോടതി തിങ്കളാഴ്ച വാദം കേട്ടു. കാവ്യ, നീഷ്‌മ, ജിജിൻ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്ത് അന്വേഷണ സംഘം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376466/vadakara-mdma-case-custody-application-money-wayanad)