---
title: "ചരിത്രപ്രസിദ്ധമായ ബാബറി മസ്ജിദ് അന്വേഷണ കമ്മിഷൻ മേധാവി; ജസ്റ്റിസ് മൻമോഹൻ സിങ് ലിബർഹാൻ അന്തരിച്ചു"
english_title: "Justice Manmohan Singh Liberhan Head Of Babri Masjid Commission Passes Away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376457/justice-manmohan-singh-liberhan-babri-commission-passes-away"
published_at: "2026-08-04T07:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a714b0f6d457_justice-manmohan-singh-liberhan-babri-commission-passes-away.jpg"
keywords: ["Manmohan Singh Liberhan", "Babri Masjid Commission", "Justice"]
---

# ചരിത്രപ്രസിദ്ധമായ ബാബറി മസ്ജിദ് അന്വേഷണ കമ്മിഷൻ മേധാവി; ജസ്റ്റിസ് മൻമോഹൻ സിങ് ലിബർഹാൻ അന്തരിച്ചു

> **Lead Summary:** **ചണ്ഡീഗഢ്‌: **അയോധ്യയിൽ ബാബറി മസ്ജിദ് തകർത്തതിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിച്ച ഏകാംഗ കമ്മിഷൻ ജസ്റ്റിസ് മൻമോഹൻ സിങ് ലിബർഹാൻ (ജസ്റ്റിസ് എം.എസ്. ലിബർഹാൻ-87) അന്തരിച്ചു. മദ്രാസ്, ആന്ധ്രപ്രദേശ് ഹൈക്കോടതികളുടെ മുൻ ചീഫ് ജസ്റ്റിസാണ്. ഞായറാഴ്ച ചണ്ഡീഗഢിലായിരുന്നു അന്ത്യം.

## Article Content

**ചണ്ഡീഗഢ്‌: **അയോധ്യയിൽ ബാബറി മസ്ജിദ് തകർത്തതിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിച്ച ഏകാംഗ കമ്മിഷൻ ജസ്റ്റിസ് മൻമോഹൻ സിങ് ലിബർഹാൻ (ജസ്റ്റിസ് എം.എസ്. ലിബർഹാൻ-87) അന്തരിച്ചു. മദ്രാസ്, ആന്ധ്രപ്രദേശ് ഹൈക്കോടതികളുടെ മുൻ ചീഫ് ജസ്റ്റിസാണ്. ഞായറാഴ്ച ചണ്ഡീഗഢിലായിരുന്നു അന്ത്യം.

1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനെത്തുടർന്ന്, സംഭവമന്വേഷിക്കാൻ 1992 ഡിസംബർ 16-നാണ് അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവു ജസ്റ്റിസ് ലിബർഹാനെ കമ്മിഷനായി നിയമിച്ചത്. രാജ്യത്തെ സുപ്രധാനമായ അന്വേഷണ കമ്മിഷനുകളിൽ ഒന്നായിട്ടാണ് നിയമവിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്. 17 വർഷം ജസ്റ്റിസ് ലിബർഹാൻ തന്നെയായിരുന്നു കമ്മിഷൻ അധ്യക്ഷൻ.

1964-ൽ പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലാണ് എം.എസ്. ലിബർഹാൻ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1987 ഫെബ്രുവരിയിൽ പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിൽ ജഡ്ജിയായി. 1997 ജൂലായ് ഏഴിന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു. 1998 ഫെബ്രുവരി 28-ന് ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി.

ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിച്ച ശേഷവും ബാബറി മസ്ജിദ് അന്വേഷണകമ്മിഷൻ സ്ഥാനത്ത് അദ്ദേഹം തുടർന്നു. 2009 നവംബറിൽ, അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിങ് മുൻപാകെയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.

അംബാല ജില്ലാ കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന ചൗധരി ബക്തവർസിങ്ങാണ് അച്ഛൻ. ഭാര്യ: പരേതയായ നിർമൽജിത് കൗർ ലിബർഹാൻ. മകൻ: പഞ്ചാബ് മുൻ അഡീഷണൽ അഡ്വ. ജനറൽ ഗൗരവ് ലിബർഹാൻ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376457/justice-manmohan-singh-liberhan-babri-commission-passes-away)