---
title: "നിയന്ത്രണം വിട്ട സ്കൂട്ടർ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ചു; പാലായിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്"
english_title: "Two Youths Killed In Pala Scooter Crash With Parked Lorry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376455/pala-scooter-accident-lorry-two-dead"
published_at: "2026-08-04T07:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7147479e2a9_pala-scooter-accident-lorry-two-dead.jpg"
keywords: ["Pala Accident", "Scooter Crash", "Kavalang", "Road Safety"]
---

# നിയന്ത്രണം വിട്ട സ്കൂട്ടർ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ചു; പാലായിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

> **Lead Summary:** **പാലാ: ** നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിന് സാരമായ പരിക്കേറ്റു. കാവാലം സ്വദേശികളായ ശരത് ലാൽ , നിധിൻ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം സഞ്ചരിച്ചിരുന്ന കാവാലം സ്വദേശി മനീഷിനെ സാരമായ പരിക്കുകളോടെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**പാലാ: ** നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിന് സാരമായ പരിക്കേറ്റു. കാവാലം സ്വദേശികളായ ശരത് ലാൽ , നിധിൻ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം സഞ്ചരിച്ചിരുന്ന കാവാലം സ്വദേശി മനീഷിനെ സാരമായ പരിക്കുകളോടെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലാ-പൊൻകുന്നം റോഡിൽ പച്ചാത്തോട് സി.എസ്.കെ പമ്പിന് മുന്നിൽ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. പൈക ഭാഗത്ത് നിന്ന് വരികയായിരുന്ന സ്‌കൂട്ടർ റോഡരികിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ശരത് ലാൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

നിധിനെയും മനീഷിനെയും ഉടൻ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ നിധിൻ മരിച്ചു. മനീഷ് കൂടുതൽ ചികിത്സയ്ക്കായി അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരും പരിക്കേറ്റവരും കുമ്പാനിയിലെ ഒരു ക്രെയിൻ സർവീസ് സ്ഥാപനത്തിലെ ഓപ്പറേറ്റർമാരാണ്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. മൂന്ന് പേരും യാത്രയ്ക്കിടെ ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്ന് പാലാ പോലീസ് പറഞ്ഞു. റോഡരികിൽ മതിയായ മുന്നറിയിപ്പ് ബോർഡുകളോ റിഫ്ലക്ടറുകളോ ഇല്ലാതെ ലോറി നിർത്തിയിട്ടതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നു.

ശരത് ലാലിന്റെയും നിധിന്റെയും മൃതദേഹങ്ങൾ പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ലോറി ഡ്രൈവറുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.മേഖലയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ റോഡരികിൽ വാഹനങ്ങൾ നിർത്തിയിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376455/pala-scooter-accident-lorry-two-dead)