---
title: "വിമർശനങ്ങൾക്കിടെ ദുരന്തമേഖലയിലേക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ; ആറൻമുള, റാന്നി സന്ദർശിക്കും"
english_title: "CM VD Satheesan To Visit Pathanamthitta Flood Areas Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376453/cm-vd-satheesan-visit-pathanamthitta-flood-areas"
published_at: "2026-08-04T07:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6e06bad3a13_kerala-rain-havoc-6-dead-65-relief-camps-cm-relief-announced-v-d-satheesan.jpg"
keywords: ["Kerala Rain", "VD Satheesan", "Pathanamthitta Flood", "Aranmula", "Ranni"]
---

# വിമർശനങ്ങൾക്കിടെ ദുരന്തമേഖലയിലേക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ; ആറൻമുള, റാന്നി സന്ദർശിക്കും

> **Lead Summary:** **തിരുവനന്തപുരം: **പത്തനംതിട്ടയിലെ പ്രളയബാധിത മേഖലകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ദുരന്തമേഖലയിലേക്ക്.റാന്നി, ആറൻമുള ഉൾപ്പെടെയുള്ള പ്രളയക്കെടുതി രൂക്ഷമായ പ്രദേശങ്ങളാണ് മുഖ്യമന്ത്രി സന്ദർശിക്കുക. ഉച്ചയ്ക്ക് 12 മണിക്ക് ആറൻമുളയിലായിരിക്കും മുഖ്യമന്ത്രിയുടെ ആദ്യ സന്ദർശനം.

## Article Content

**തിരുവനന്തപുരം: **പത്തനംതിട്ടയിലെ പ്രളയബാധിത മേഖലകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ദുരന്തമേഖലയിലേക്ക്.റാന്നി, ആറൻമുള ഉൾപ്പെടെയുള്ള പ്രളയക്കെടുതി രൂക്ഷമായ പ്രദേശങ്ങളാണ് മുഖ്യമന്ത്രി സന്ദർശിക്കുക. ഉച്ചയ്ക്ക് 12 മണിക്ക് ആറൻമുളയിലായിരിക്കും മുഖ്യമന്ത്രിയുടെ ആദ്യ സന്ദർശനം.

ദുരന്തനിവാരണ പ്രവർത്തനങ്ങളുടെയും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനത്തിന്റെയും പുരോഗതി മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തും. ദുരിതബാധിതരുമായി സംസാരിച്ച് അവരുടെ ആവശ്യങ്ങൾ കേൾക്കാനും സഹായങ്ങൾ വേഗത്തിൽ എത്തിക്കാനുള്ള നിർദേശങ്ങൾ നൽകാനുമാണ് സന്ദർശനം. രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം, അവശ്യസാധനങ്ങളുടെ വിതരണം, ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും മുഖ്യമന്ത്രി പരിശോധിക്കും.

> ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ ഏകോപനത്തിൽ സർക്കാരിന് വീഴ്ചയുണ്ടായെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ദുരന്തമേഖലാ സന്ദർശനം. റാന്നിയിൽ വെള്ളം ഉയർന്ന സമയത്ത് മുഖ്യമന്ത്രി ഒരു കടയുടെ ഉദ്ഘാടനത്തിന് പങ്കെടുത്തതും പൊന്നാനിയിൽ സ്വകാര്യ വിരുന്നിൽ പങ്കെടുത്തതും എൽ.ഡി.എഫ് നേതാക്കൾ വിമർശിച്ചിരുന്നു. "ദുരന്ത സമയത്ത് ജനങ്ങളോടൊപ്പം നിൽക്കാതെ ആഘോഷ പരിപാടികളിൽ പങ്കെടുത്തു" എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഈ വിമർശനങ്ങൾക്ക് മറുപടി എന്നോണമാണ് മുഖ്യമന്ത്രി ഇന്ന് നേരിട്ട് പ്രളയമേഖലകളിൽ എത്തുന്നത്.

ദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണമെന്നും രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്നും ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് മുൻകരുതൽ നൽകുന്നതും അടിയന്തര സഹായങ്ങൾ എത്തിക്കുന്നതും സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കും കൃഷി നാശം സംഭവിച്ചവർക്കും ഉടൻ നഷ്ടപരിഹാരം നൽകാനുള്ള നടപടികളും ചർച്ച ചെയ്യും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376453/cm-vd-satheesan-visit-pathanamthitta-flood-areas)