---
title: "മുഖ്യമന്ത്രി നാളെ പത്തനംതിട്ടയിലേക്ക്; പ്രളയബാധിത മേഖലകൾ സന്ദർശിക്കും"
english_title: " CM VD Satheesan to Visit Aranmula and Ranni Tomorrow, Orange Alert in 12 Districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376449/kerala-rain-havoc-cm-visit-aranmula-ranni-orange-alert"
published_at: "2026-08-03T22:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70cfce0318f_kerala-rain-havoc-cm-visit-aranmula-ranni-orange-alert.jpg"
keywords: ["Kerala Rain", "VD Satheesan", "Orange Alert", "IMD", "Flood", "Kerala News"]
---

# മുഖ്യമന്ത്രി നാളെ പത്തനംതിട്ടയിലേക്ക്; പ്രളയബാധിത മേഖലകൾ സന്ദർശിക്കും

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ആറന്മുളയും റാന്നിയും ഉൾപ്പെടെയുള്ള ദുരന്തബാധിത മേഖലകൾ നാളെ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിക്കും. നാളെ ഉച്ചയ്ക്ക് 12 മണിയോടെ മുഖ്യമന്ത്രി ആറന്മുളയിൽ എത്തിച്ചേരും.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ആറന്മുളയും റാന്നിയും ഉൾപ്പെടെയുള്ള ദുരന്തബാധിത മേഖലകൾ നാളെ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിക്കും. നാളെ ഉച്ചയ്ക്ക് 12 മണിയോടെ മുഖ്യമന്ത്രി ആറന്മുളയിൽ എത്തിച്ചേരും.

മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും ആറന്മുളയിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുകയാണ്. പല പ്രദേശങ്ങളിലും ജലനിരപ്പ് ഇപ്പോഴും ഉയരുന്നുണ്ട്. ഒറ്റപ്പെട്ട് കിടക്കുന്ന കുടുംബങ്ങളെ അതിവേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ 12 ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള എല്ലാ ജില്ലകളിലുമാണ് ഓറഞ്ച് അലേർട്ട്.

ഈ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടും നിലനിൽക്കും. തമിഴ്നാടിന് മുകളിൽ നിലനിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനമാണ് മഴയുടെ ശക്തി വർധിക്കാൻ കാരണം. മഴയോടൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.സംസ്ഥാനത്തെ പല ഡാമുകളിലെയും ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുത്തിരിക്കുകയാണ്.

വിവിധ അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ നിർദേശം നൽകി.കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ചെറുവള്ളങ്ങളിൽ പോലും കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376449/kerala-rain-havoc-cm-visit-aranmula-ranni-orange-alert)