---
title: "ആർ സുഗതന് അനുകൂലമായ കത്ത് നൽകിയ സംഭവം; തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി, ഡോ. ചിത്ര പി. അരുണിമയ്ക്ക് സസ്പെൻഷൻ"
english_title: "Thiruvananthapuram Corporation Councillor Sugathan Leave Letter Case: Local Self Govt Under Secretary Suspended"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376446/thiruvananthapuram-councillor-sugathan-leave-case-under-secretary-suspended"
published_at: "2026-08-03T22:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70c880896db_thiruvananthapuram-councillor-sugathan-leave-case-under-secretary-suspended.jpg"
keywords: ["Thiruvananthapuram Corporation", "R Sugathan", "Local Self Government", "Dr Chithra", "Kerala News"]
---

# ആർ സുഗതന് അനുകൂലമായ കത്ത് നൽകിയ സംഭവം; തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി, ഡോ. ചിത്ര പി. അരുണിമയ്ക്ക് സസ്പെൻഷൻ

> **Lead Summary:** തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതന്റെ അവധി അപേക്ഷ സംബന്ധിച്ച ഫയലിൽ വീഴ്ച വരുത്തിയതിന് തദ്ദേശ സ്വയംഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയെ സസ്പെൻഡ് ചെയ്തു.

## Article Content

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതന്റെ അവധി അപേക്ഷ സംബന്ധിച്ച ഫയലിൽ വീഴ്ച വരുത്തിയതിന് തദ്ദേശ സ്വയംഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയെ സസ്പെൻഡ് ചെയ്തു.

കൗൺസിലർ സുഗതന് അവധി അനുവദിക്കുന്നതിനുള്ള മറുപടിക്കത്ത് നൽകിയതിലാണ് വകുപ്പ് നടപടി. ഈ കത്തിൽ മന്ത്രി കെ.എം. ഷാജിയുടെയും വകുപ്പ് സെക്രട്ടറിയുടെയും എതിർപ്പ് മറികടന്നാണ് അണ്ടർ സെക്രട്ടറി ഒപ്പുവച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.കാപ്പാ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന സുഗതന്റെ അയോഗ്യത ഒഴിവാക്കാനാണ് ഈ അവധി അപേക്ഷ ഉപയോഗിച്ചത്. ജയിൽ സൂപ്രണ്ട് വഴി കൗൺസിലർ സുഗതൻ മേയർ വി.വി. രാജേഷിന് കത്ത് നൽകിയിരുന്നു. ഈ വിവരം സൂപ്രണ്ട് ആഭ്യന്തര വകുപ്പിനെ അറിയിക്കുകയും ചെയ്തു.

ഈ കത്ത് ആയുധമാക്കിയാണ് തിരുവനന്തപുരം മേയർ വിഷയം കൗൺസിലിൽ അവതരിപ്പിച്ചത്. ആറ് മാസത്തേക്ക് അവധി നൽകാനുള്ള പ്രമേയം കൗൺസിലിൽ വോട്ടിനിട്ട് പാസാക്കി. അവധി അനുവദിച്ചതോടെ സുഗതന്റെ കൗൺസിലർ സ്ഥാനം നിലനിൽക്കുമെന്ന നിയമോപദേശമാണ് ബിജെപി ഭരണസമിതി മുന്നോട്ട് വച്ചത്.

ഇതോടെ കൗൺസിലറുടെ സ്ഥാനം സുരക്ഷിതമായി. എന്നാൽ അവധി അനുവദിച്ചതിന് പിന്നിൽ സർക്കാർ തലത്തിൽ ഉണ്ടായ ഇടപെടലുകൾ വിവാദമായി. അവധി അപേക്ഷ പരിഗണിക്കുന്നതിൽ ചട്ടങ്ങൾ പാലിക്കാത്തതും ഉന്നതരുടെ നിർദേശങ്ങൾ അവഗണിച്ചതുമാണ് ഡോ. ചിത്രക്കെതിരായ പ്രധാന ആരോപണം.

ഇതേ തുടർന്ന് നടന്ന ആഭ്യന്തര അന്വേഷണത്തിലാണ് അണ്ടർ സെക്രട്ടറിക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടിയിലേക്ക് തദ്ദേശ വകുപ്പ് കടന്നത്.

സംഭവം യുഡിഎഫ് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഒരു കാപ്പാ പ്രതിയെ രക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വകുപ്പ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376446/thiruvananthapuram-councillor-sugathan-leave-case-under-secretary-suspended)