---
title: "മഴക്കെടുതി: 'യുഡിഎഫ് സര്‍ക്കാരിന് സങ്കീര്‍ണങ്ങളായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും ഫലപ്രദമായി കൈകാര്യം ചെയ്യാനും കഴിയുന്നില്ല' - എം.വി ഗോവിന്ദന്‍"
english_title: "MV Govindan Slams UDF Govt Over Rain Havoc, Says Failed To Warn People"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376414/mv-govindan-criticizes-udf-govt-rain-havoc-kerala"
published_at: "2026-08-03T18:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a708e1014631_mv-govindan-criticizes-udf-govt-rain-havoc-kerala.jpg"
keywords: ["Kerala Rain", "MV Govindan", "CPM", "UDF Govt", "Flood", "VD Satheesan"]
---

# മഴക്കെടുതി: 'യുഡിഎഫ് സര്‍ക്കാരിന് സങ്കീര്‍ണങ്ങളായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും ഫലപ്രദമായി കൈകാര്യം ചെയ്യാനും കഴിയുന്നില്ല' - എം.വി ഗോവിന്ദന്‍

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഴക്കെടുതിയും സങ്കീർണമായ മറ്റ് പ്രശ്നങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഴക്കെടുതിയും സങ്കീർണമായ മറ്റ് പ്രശ്നങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ.

പ്രളയ സാഹചര്യമുണ്ടായിട്ടും കാലാവസ്ഥാ മുന്നറിയിപ്പ് ജനങ്ങളെ കൃത്യമായി അറിയിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

> സംസ്ഥാനത്തെ അതിരൂക്ഷമായ സാഹചര്യങ്ങൾ മനസിലാക്കി ഇടപെടാനും ജനങ്ങളെ സഹായിക്കാനുമുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി വി.ഡി സതീശൻ നിറവേറ്റണമെന്ന് എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു. "ഇടതുമുന്നണി അധികാരത്തിൽ ഇരുന്നപ്പോൾ യുഡിഎഫ് സ്വീകരിച്ച സമീപനം അല്ല ഇപ്പോൾ ഞങ്ങൾ സ്വീകരിക്കുന്നത്" എന്നും അദ്ദേഹം പറഞ്ഞു.

ദുരന്ത സമയത്ത് രാഷ്ട്രീയം നോക്കാതെ ജനങ്ങൾക്കൊപ്പം നിൽക്കുകയാണ് ഇടതുപക്ഷമെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുഴുവനാളുകളും സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടതായും എം.വി ഗോവിന്ദൻ അറിയിച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യസമയത്ത് ജനങ്ങളിലെത്തിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽഡിഎഫ് സർക്കാർ ഭരിച്ചപ്പോൾ യുഡിഎഫ് എടുത്ത സമീപനം അല്ല തങ്ങൾ സ്വീകരിക്കുന്നത്. മുഴുവനാളുകളും സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങണം. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പത്രക്കാരെ വലിയ രീതിയിൽ പേര് പറഞ്ഞുകൊണ്ട് ചീത്ത പറയുകയാണ്.

എത്ര പേരാണ് മരിച്ചത്, എവിടെയൊക്കെയാണ് ആളുകൾ ദുരിതമനുഭവിക്കുന്നത് എന്ന് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ആവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറിയ ദുരിതം വരുമ്പോഴേക്കും തന്നെ ഒന്നും ചെയ്യാനാവാത്ത സ്ഥിതിയിൽ പകച്ചു നിൽക്കുകയാണ് സർക്കാറെന്നും ഗോവിന്ദൻ  പറഞ്ഞു.

അതേസമയം, ഹെലികോപ്റ്റർ യാത്ര വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി കളവ് പറയുന്നെന്നും മുഖ്യമന്ത്രി ഏത് വാർത്താ സമ്മേളനം നടത്തിയാലും ഒരു കളവുണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു. പിണറായി പാർട്ടി സമ്മേളനത്തിന് ഹെലികോപ്റ്ററിൽ പോയി എന്നത് കളവാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സന്നദ്ധ പ്രവർത്തകർ സ്വന്തം റിസ്‌കിലാണ് വന്നതെന്ന് മന്ത്രി സണ്ണി ജോസഫി​ന്റെ പരാമർശത്തെ വിമർശിച്ച് എംവി ജയരാജൻ. സന്നദ്ധ പ്രവർത്തകരെ അവഹേളിക്കുന്ന പരാമർശം ഉണ്ടാകാൻ പാടില്ലെന്ന് എംവി ജയരാജൻ പറഞ്ഞു.

ദുരന്ത സമയത്ത് അപകടങ്ങളിൽ ഓടിയെത്തുന്നവരാണ് സന്നദ്ധ പ്രവർത്തകർ. ദുരിതാശ്വാസ പ്രവർത്തനത്തിന് വരുന്നവരെ അകറ്റുകയല്ല ചേർത്തുനിർത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മഴക്കെടുതികൾക്കിടയിലെ പൊന്നാനി വിരുന്നിനെ മുഖ്യമന്ത്രി ന്യായീകരിച്ച സംഭവത്തെയും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്നതിനെ ആരും എതിർക്കുന്നില്ല. മറ്റു പരിപാടികൾ റദ്ധാക്കി തിരുവനന്തപുരത്തു നിന്ന് കാര്യങ്ങൾ ഏകോപിപ്പിക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ സാന്നിധ്യം തിരുവനന്തപുരത്ത് ഉണ്ടാകണമായിരുന്നു. ഭക്ഷണം കഴിക്കാതിരിക്കണമെന്ന് ആരും പറയുന്നില്ല. ഡിസാസ്റ്റർ മാനേജ്മെൻറ് പ്രോട്ടോകോൾ അനുസരിച്ചാണ് കാര്യങ്ങൾ ചെയ്യേണ്ടതെന്നും വ്യാപകമായി ജനങ്ങൾക്കിടയിൽ പ്രതിഷേധം ഉയർന്നു വന്നതാണെന്നും എംവി ജയരാജൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376414/mv-govindan-criticizes-udf-govt-rain-havoc-kerala)