---
title: " ഗ്യാലറിയിൽ ഇരുന്ന് കളി കാണുന്നതുപോലെയല്ല കളത്തിൽ ഇറങ്ങി കളിക്കേണ്ടത്, ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി ഓർക്കണമെന്ന് പി. രാജീവ്"
english_title: "Kerala Floods: P Rajeev Criticizes CM VD Satheesan Over Coordination Lapses"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376366/p-rajeev-criticizes-cm-vd-satheesan-kerala-flood-coordination-"
published_at: "2026-08-03T14:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a705d1b96823_p-rajeev-criticizes-cm-vd-satheesan-kerala-flood-coordination.jpg"
keywords: ["P Rajeev", "VD Satheesan", "Kerala Floods", "LDF", "Congress", "Kerala Politics", "Kerala Rain"]
---

#  ഗ്യാലറിയിൽ ഇരുന്ന് കളി കാണുന്നതുപോലെയല്ല കളത്തിൽ ഇറങ്ങി കളിക്കേണ്ടത്, ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി ഓർക്കണമെന്ന് പി. രാജീവ്

> **Lead Summary:** **തിരുവനന്തപുരം: ** കേരളത്തിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ ഏകോപനങ്ങളിൽ സർക്കാരിന് വീഴ്ചയുണ്ടായെന്ന് മുൻ മന്ത്രി പി. രാജീവ് റ വ്യക്തമാക്കി. മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വീകരിക്കേണ്ട നയം ഇതല്ലെന്നും, മുൻ സർക്കാർ സ്വീകരിച്ച നിലപാടുകൾ അദ്ദേഹത്തിന് മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം: ** കേരളത്തിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ ഏകോപനങ്ങളിൽ സർക്കാരിന് വീഴ്ചയുണ്ടായെന്ന് മുൻ മന്ത്രി പി. രാജീവ് റ വ്യക്തമാക്കി. മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വീകരിക്കേണ്ട നയം ഇതല്ലെന്നും, മുൻ സർക്കാർ സ്വീകരിച്ച നിലപാടുകൾ അദ്ദേഹത്തിന് മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ വലിയ ദുരിതമനുഭവിക്കുന്ന ഈ സമയത്തല്ല മുഖ്യമന്ത്രി ഉദ്ഘാടനങ്ങൾക്കും വിരുന്നുകൾക്കും പോകേണ്ടതെന്നും, ഇത്തരം കാര്യങ്ങളെല്ലാം ജനം സൂക്ഷ്മമായി കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും പി. രാജീവ് ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രി സന്ദർശിക്കുന്നിടത്തെല്ലാം ഉയർന്ന ഉദ്യോഗസ്ഥരും ഒപ്പം പോയി നിൽക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു.

ഉദ്യോഗസ്ഥരെല്ലാം കൂടെക്കൂട്ടിയാൽ പിന്നെ ഏകോപന പ്രവർത്തനങ്ങൾ ആരാണ് ചെയ്യുകയെന്നും, ഗ്യാലറിയിൽ ഇരുന്ന് കളി കാണുന്നതുപോലെയല്ല കളത്തിൽ ഇറങ്ങി കളിക്കേണ്ടതെന്നും പി. രാജീവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെയും അദ്ദേഹം രൂക്ഷമായി പരിഹസിച്ചു.

ഇടതുപക്ഷ സർക്കാർ ഹെലികോപ്റ്റർ ഉപയോഗിച്ചപ്പോൾ അത് 'ധൂർത്ത്' എന്ന് ആക്ഷേപിച്ച മുഖ്യമന്ത്രി, അധികാരത്തിൽ എത്തിയപ്പോൾ താൻ പറഞ്ഞ വാക്ക് എന്താണെന്ന് ഓർക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കാതെ കേരളം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണ് ഇപ്പോഴുള്ളതെന്നും പി. രാജീവ് കൂട്ടിച്ചേർത്തു.

അതേസമയം മഴക്കെടുതിയിൽ സംസ്ഥാനത്ത് സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിശദമായി വിലയിരുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി രണ്ട് ഹെലികോപ്റ്ററുകൾ എത്തിച്ചിട്ടുണ്ടെന്നും എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ സേനകളുടെ ശക്തമായ സാന്നിധ്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ 316 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 11,018 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. മഴക്കെടുതിയിൽ ഇതുവരെ 15 പേരുടെ ജീവൻ നഷ്ടപ്പെടുകയും 7 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

മുൻകരുതലിന്റെ ഭാഗമായി കഴിഞ്ഞ 30-ാം തീയതി തന്നെ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 165 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചിട്ടുണ്ട്. പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് താഴ്ന്ന നിലയിലാണുള്ളതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. എന്നാൽ അണക്കെട്ടുകളിൽ നിന്ന് രാത്രി വെള്ളം ഒഴുക്കിവിടുന്നുണ്ടെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്.

ഇത്തരം അടിസ്ഥാനരഹിതമായ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. രാത്രികാലങ്ങളിൽ വെള്ളം തുറന്നുവിടുന്നുണ്ടോ എന്ന് നേരിട്ട് വിലയിരുത്താൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങൾ പ്രത്യേകമായി നിരീക്ഷിക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376366/p-rajeev-criticizes-cm-vd-satheesan-kerala-flood-coordination-)