---
title: "വധശ്രമക്കേസ് നിലനിൽക്കില്ലെന്ന്....; റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസ്: ഒൻപത് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി"
english_title: "Kerala High Court Grants Bail to 9 Accused in ED Officials Attack Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376346/kerala-hc-bail-ed-officials-attack-case-pinarayi-house-raid"
published_at: "2026-08-03T13:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70456c19d24_kerala-hc-bail-ed-officials-attack-case-pinarayi-house-raid.jpg"
keywords: ["ED Officials Attack Case", "Kerala High Court", "Enforcement Directorate", "Bail", "Kochi"]
---

# വധശ്രമക്കേസ് നിലനിൽക്കില്ലെന്ന്....; റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസ്: ഒൻപത് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

> **Lead Summary:** കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി.

## Article Content

കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി.

പ്രതികളുടേത് ഗൗരവമുള്ള കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിൽ ഇഡി പരിശോധന നടത്താൻ എത്തിയപ്പോഴുണ്ടായ ആക്രമണ കേസിലെ പ്രതികളാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. 5-ാം പ്രതി ശ്രീജിത്ത്, 7-ാം പ്രതി അനിൽകുമാർ, ഷഫീഖ്, കിരൺ, നിഷാദ്, ജീവൻ ഉൾപ്പെടെ 11 പ്രതികളാണ് ജാമ്യഹർജി നൽകിയത്.

65 ദിവസത്തിലധികമായി ജയിലാണെന്നും അന്വേഷണം അവസാനഘട്ടത്തിലായതിനാൽ ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്നും ആർക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.

എന്നാൽ പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ ഇഡി ശക്തമായി എതിർത്തു. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാണ് ആക്രമണം നടത്തിയതെന്നും അന്വേഷണം തടസ്സപ്പെടുത്താനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നും ഇഡി കോടതിയെ അറിയിച്ചു.

ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നതെന്നും ഇത് ഗുരുതര കുറ്റമാണെന്നും ഇഡി വാദിച്ചു.

ഇരുകക്ഷികളുടെയും വാദങ്ങൾ കേട്ട ശേഷമാണ് 9 പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിട്ട് പോകരുത് തുടങ്ങിയ ഉപാധികൾ കോടതി മുന്നോട്ട് വച്ചു. കേസിൽ ഇനിയും രണ്ട് പ്രതികൾ കൂടി ജാമ്യം ലഭിക്കാതെ ജയിലിൽ തുടരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376346/kerala-hc-bail-ed-officials-attack-case-pinarayi-house-raid)