---
title: "'ഉണ്ണാൻ വകയില്ലാത്തവൻ ഷാരൂഖ് ഖാനെ നൃത്തം ചെയ്യിക്കാൻ നോക്കുന്നത് പോലെ'; ബ്രസീലിന്‍റെ വരവിനെ കളിയാക്കി ബൂട്ടിയ "
english_title: "Bhaichung Bhutia Criticizes Brazil India Friendly Match Kolkata"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376316/bhaichung-bhutia-criticizes-brazil-india-friendly-match-kolkata"
published_at: "2026-08-03T11:43:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7032ee99610_bhaichung-bhutia-criticizes-brazil-india-friendly-match-kolkata.jpg"
keywords: ["Bhaichung Bhutia", "Brazil India Football", "Kolkata Salt Lake", "AIFF", "Indian Football Crisis"]
---

# 'ഉണ്ണാൻ വകയില്ലാത്തവൻ ഷാരൂഖ് ഖാനെ നൃത്തം ചെയ്യിക്കാൻ നോക്കുന്നത് പോലെ'; ബ്രസീലിന്‍റെ വരവിനെ കളിയാക്കി ബൂട്ടിയ 

> **Lead Summary:** കൊൽക്കത്ത: **[** ഒക്ടോബർ മൂന്നിന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ബ്രസീൽ ടീം ഇന്ത്യക്കെതിരെ സൗഹൃദ മത്സരത്തിന് ഇറങ്ങാനിരിക്കെ, സംഘാടകർക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുംഗ് ബൂട്ടിയ. വലിയ തുക മുടക്കി പ്രമുഖ ടീമുകളെ പ്രദർശന മത്സരങ്ങൾക്ക് എത്തിക്കുന്നതിനേക്കാൾ, തകർന്നുനിൽക്കുന്ന ഇന്ത്യൻ ഫുട്ബോളിന്റെ അടിസ്ഥാന സൗകര്യങ്ങളും ഭരണസംവിധാനവും മെച്ചപ്പെടുത്താനാണ് അധികൃതർ മുൻഗണന നൽകേണ്ടതെന്ന് ബൂട്ടിയ തുറന്നടിച്ചു.

## Article Content

കൊൽക്കത്ത: **[** ഒക്ടോബർ മൂന്നിന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ബ്രസീൽ ടീം ഇന്ത്യക്കെതിരെ സൗഹൃദ മത്സരത്തിന് ഇറങ്ങാനിരിക്കെ, സംഘാടകർക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുംഗ് ബൂട്ടിയ. വലിയ തുക മുടക്കി പ്രമുഖ ടീമുകളെ പ്രദർശന മത്സരങ്ങൾക്ക് എത്തിക്കുന്നതിനേക്കാൾ, തകർന്നുനിൽക്കുന്ന ഇന്ത്യൻ ഫുട്ബോളിന്റെ അടിസ്ഥാന സൗകര്യങ്ങളും ഭരണസംവിധാനവും മെച്ചപ്പെടുത്താനാണ് അധികൃതർ മുൻഗണന നൽകേണ്ടതെന്ന് ബൂട്ടിയ തുറന്നടിച്ചു.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ സമീപനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുംഗ് ബൂട്ടിയ. ഒരുനേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്തയാൾ മകന്റെ കല്യാണത്തിന് ഷാരൂഖ് ഖാനെ നൃത്തം ചെയ്യിക്കാൻ ശ്രമിക്കുന്നത് പോലെയാണ് അധികൃതരുടെ ഈ പബ്ലിസിറ്റി അഭ്യാസങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബ്രസീൽ ഇന്ത്യയിൽ കളിക്കുന്നതിനെ താൻ എതിർക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഇത്തരമൊരു മത്സരത്തിന്റെ യഥാർത്ഥ പ്രസക്തി എന്താണെന്നും ചോദ്യമുയർത്തി.

ബ്രസീലുമായുള്ള സൗഹൃദ മത്സരത്തിനെതിരെയുള്ള ബൈച്ചുംഗ് ബൂട്ടിയയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യൻ ദേശീയ താരം നിഖിൽ പൂജാരി ഉൾപ്പെടെയുള്ള പ്രമുഖ കളിക്കാർ രംഗത്തെത്തി. അടിസ്ഥാന വികസനം മറന്നുള്ള ഇത്തരം പ്രദർശന മത്സരങ്ങൾ ഫുട്ബോളിന് ദീർഘകാല നേട്ടം ഉണ്ടാക്കില്ലെന്നാണ് ഇവരുടെ പക്ഷം. എന്നാൽ മോഹൻ ബഗന്റെ മുൻ ബ്രസീലിയൻ താരം ജോസ് ബരേറ്റോ ഈ നീക്കത്തെ സ്വാഗതം ചെയ്തു. ലോകോത്തര താരങ്ങൾ കൊൽക്കത്തയിൽ പന്ത് തട്ടുന്നത് ആരാധകർക്ക് വലിയ ആവേശവും പുതിയ ഉണർവും നൽകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ഒക്ടോബറിൽ ആസിയാൻ കപ്പ് നിലനിൽക്കെ ബ്രസീലിനെതിരെ രണ്ടാം നിര ടീമിനെയാണോ ഇന്ത്യ അണിനിരത്തുകയെന്ന് ബൂട്ടിയ ചോദ്യമുയർത്തി. സാമ്പത്തിക-ഭരണ പ്രതിസന്ധികൾ കാരണം ജംഷെഡ്പൂർ എഫ്.സി ഐ.എസ്.എല്ലിൽ നിന്ന് പിന്മാറിയതും ഏഷ്യൻ ഗെയിംസിലേക്ക് ടീമിനെ അയക്കേണ്ടെന്ന തീരുമാനവും ചൂണ്ടിക്കാട്ടിയ അദ്ദേഹം, നിലവിൽ ഫിഫ റാങ്കിംഗിൽ ഇന്ത്യ 138-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സാഹചര്യവും ഓർമ്മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376316/bhaichung-bhutia-criticizes-brazil-india-friendly-match-kolkata)