---
title: "'ഭാഗ്യം കൊണ്ടാണ് ആളപായമില്ലാതിരുന്നത്'; പാണക്കാട്-മലപ്പുറം റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരിച്ച് റവന്യൂ മന്ത്രി, നിർമാണ പ്രവർത്തനത്തിന് അനുമതി ഇല്ലെങ്കിൽ കർശന നടപടി"
english_title: "Malappuram Landslide: Minister AP Anil Kumar Warns Action, Students Evacuated From School"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376300/malappuram-landslide-panakkad-road-minister-ap-anil-kumar-action"
published_at: "2026-08-03T11:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70279ba0015_malappuram-landslide-panakkad-road-minister-ap-anil-kumar-action.jpg"
keywords: ["Panakkad Landslide", "Kerala Rain", "AP Anil Kumar", "Kerala Revenue Minister"]
---

# 'ഭാഗ്യം കൊണ്ടാണ് ആളപായമില്ലാതിരുന്നത്'; പാണക്കാട്-മലപ്പുറം റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരിച്ച് റവന്യൂ മന്ത്രി, നിർമാണ പ്രവർത്തനത്തിന് അനുമതി ഇല്ലെങ്കിൽ കർശന നടപടി

> **Lead Summary:** മലപ്പുറം: പാണക്കാട്-മലപ്പുറം റോഡിൽ ഉണ്ടായ വലിയ മണ്ണിടിച്ചിലിൽ പ്രതികരിച്ച് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ. സംഭവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറോട് സംസാരിച്ചതായും മന്ത്രി അറിയിച്ചു. അപകടസ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് ലഭിച്ച പ്രാഥമിക വിവരം.

## Article Content

മലപ്പുറം: പാണക്കാട്-മലപ്പുറം റോഡിൽ ഉണ്ടായ വലിയ മണ്ണിടിച്ചിലിൽ പ്രതികരിച്ച് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ. സംഭവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറോട് സംസാരിച്ചതായും മന്ത്രി അറിയിച്ചു. അപകടസ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് ലഭിച്ച പ്രാഥമിക വിവരം.

'നിർമാണ പ്രവർത്തനത്തിന് അനുമതി നൽകിയിരുന്നോ എന്ന് പരിശോധിക്കും. അനുമതി ഇല്ലെങ്കിൽ കർശന നടപടി സ്വീകരിക്കും. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഭാഗ്യം കൊണ്ടാണ് ആളപായമില്ലാതിരുന്നത്. നിലവിൽ സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ട്. മറ്റ് കാര്യങ്ങൾ അന്വേഷിക്കും.

ആദ്യം രക്ഷാപ്രവർത്തനം നടക്കട്ടെ. ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുണ്ട്. വളരെ പെട്ടെന്ന് മണ്ണ് നീക്കം ചെയ്യും' എന്ന് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു.

മണ്ണിടിച്ചിൽ നടന്ന ഭൂമി ആരുടേതാണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് വാർഡ് കൗൺസിലർ ഉമ്മർ പറഞ്ഞു. ഒരു സ്വകാര്യ കമ്പനി ഷോപ്പിംഗ് കോംപ്ലക്സിനു വേണ്ടി വാങ്ങിയ ഭൂമിയാണിതെന്നാണ് വിവരം. ഈ പ്രദേശം മണ്ണിടിച്ചിൽ സാധ്യതയുള്ളതാണെന്ന് നേരത്തെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായും കൗൺസിലർ കൂട്ടിച്ചേർത്തു.

കെട്ടിടത്തിനുള്ള അനുമതി നഗരസഭ നൽകിയിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഈ സ്ഥലം നൗഫൽ എന്നയാളുടെ പേരിലാണെന്ന് നഗരസഭാ ചെയർപേഴ്സൺ റിൻഷ പറഞ്ഞു. തന്റെ ഭരണസമിതി ഇതിന് അനുമതി നൽകിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ നഗരസഭ ബിൽഡിംഗ് പെർമിഷൻ നേരത്തെ നൽകിയിട്ടുണ്ട്.

എന്തിനുവേണ്ടിയാണ് നിർമാണം എന്ന കാര്യവും വ്യക്തമല്ലെന്നും ചെയർപേഴ്സൺ പറഞ്ഞു.

അതേസമയം മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തിന് സമീപമുള്ള സ്ട്രെയ്റ്റ്പാത്ത് അന്താരാഷ്ട്ര സ്കൂളിലെ വിദ്യാർത്ഥികളെ പൂർണമായും മാറ്റിപ്പാർപ്പിച്ചു. ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥികളെയാണ് മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയത്. നാല് വർഷം മുമ്പും സ്കൂളിന് താഴെ ഭാഗത്ത് മണ്ണ് ഇടിഞ്ഞിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

സ്കൂളും ഹോസ്റ്റലും മാത്രമാണ് മണ്ണിടിഞ്ഞ ഭാഗത്തിന് മുകളിൽ സ്ഥിതി ചെയ്യുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് കൈരളി ടിവി മലപ്പുറം ബ്യൂറോ ക്യാമറ പേഴ്സൺ ജയേഷ് വില്ലൊടിക്ക് നേരിയ പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് പോലീസും റവന്യൂ ഉദ്യോഗസ്ഥരും ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിനായി ക്യാമ്പ് ചെയ്തിട്ടുണ്ട്.

റോഡ് ഗതാഗതം പൂർണമായി തടസപ്പെട്ടിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376300/malappuram-landslide-panakkad-road-minister-ap-anil-kumar-action)