---
title: "മഴക്കെടുതി: ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി"
english_title: "Kerala Rain: CM To Chair Emergency Meeting Today At 10 AM To Review Flood Situation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376283/kerala-cm-emergency-meeting-rain-flood-review-"
published_at: "2026-08-03T09:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7017a6ded8a_kerala-cm-emergency-meeting-rain-flood-review.jpg"
keywords: ["Kerala Rain", "CM Meeting", "Emergency", "Flood", "Disaster Management", "Kerala Weather", "VDSatheesan"]
---

# മഴക്കെടുതി: ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്.

ജില്ലാ കളക്ടർമാരും ആഭ്യന്തര- റവന്യൂ മന്ത്രിമാരും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും ചീഫ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കും. ജില്ലകളിലെ മഴക്കെടുതി, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം, മുൻകരുതൽ നടപടികൾ, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ യോഗം പ്രധാനമായും വിലയിരുത്തും. മഴക്കെടുതി നേരിടാൻ ആവശ്യമായ കൂടുതൽ നിർദ്ദേശങ്ങൾ യോഗത്തിൽ മുഖ്യമന്ത്രി നൽകും.

അതേസമയം മലപ്പുറത്ത് പെയ്ത കനത്ത മഴയ്ക്കു പിന്നാലെ പരപ്പനങ്ങാടി- നാടുകാണി സംസ്ഥാന പാതയിൽ വലിയ രീതിയിൽ മണ്ണിടിഞ്ഞുവീണു. റോഡിന്റെ വശങ്ങളിൽ നിന്ന് മണ്ണ് ഇടിഞ്ഞ് വീണതോടൊപ്പം വെള്ളവും വലിയ പാറക്കല്ലുകളും മരങ്ങളും താഴേക്ക് പതിക്കുകയായിരുന്നു.

മുകളിൽ നിന്ന് മണ്ണും വെള്ളവും കുത്തിയൊലിച്ച് റോഡിലേക്ക് വീണതിനെ തുടർന്ന് പ്രദേശത്ത് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. കഴിഞ്ഞ രാത്രി മുതൽ മലപ്പുറത്ത് ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ മുതൽ ചെറിയ തോതിൽ തുടങ്ങിയ മണ്ണിടിച്ചിൽ ഇന്ന് രാവിലെയോടെയാണ് കൂടുതൽ രൂക്ഷമായതെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.

മണ്ണിടിച്ചിലുണ്ടായ പ്രദേശം സ്വകാര്യ വ്യക്തിയുടേതാണെന്നും അവിടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. സംഭവസ്ഥലത്തിന് സമീപത്തായി സ്കൂൾ ഉൾപ്പെടെയുള്ള പ്രധാന കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.

ഇതിനുപുറമേ, മലപ്പുറം കരുവാരക്കുണ്ടിൽ പെയ്ത ശക്തമായ മഴയിൽ നിർമാണത്തിലിരുന്ന ഒരു വീട് തകർന്നു വീണു. പുലർച്ചെ പെയ്ത കനത്ത മഴയിലാണ് വീടിന്റെ മുൻഭാഗവും മുകൾവശവും പൂർണമായി തകർന്നത്. 

അതേസമയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി ഒന്നര മീറ്റർ വരെ കൂടുതൽ ഉയർത്താൻ തീരുമാനം.ഡാമിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതിനാൽ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരങ്ങളിൽ കർശന ജാഗ്രതാ നിർദ്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376283/kerala-cm-emergency-meeting-rain-flood-review-)