---
title: "  ജാമ്യം തേടി കീർത്തന...! വടകരയിലെ അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിൽ അന്വേഷണം ഊർജിതം; ആദ്യം പിടികൂടുക പണമിടപാട് നടത്തിയവരെ"
english_title: "Vadakara MDMA Case: Special Team Probes Teachers' Bank Transactions, Bail Plea of Keerthana Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376279/vadakara-mdma-case-teachers-bank-transactions-investigation"
published_at: "2026-08-03T09:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7014b6c22d5_vadakara-mdma-case-teachers-bank-transactions-investigation.jpg"
keywords: ["Vadakara MDMA Case", "MDMA Case", "Operation Toofan", "Teacher Arrest", "Drug Racket"]
---

#   ജാമ്യം തേടി കീർത്തന...! വടകരയിലെ അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിൽ അന്വേഷണം ഊർജിതം; ആദ്യം പിടികൂടുക പണമിടപാട് നടത്തിയവരെ

> **Lead Summary:** കോഴിക്കോട്: വടകരയിൽ അധ്യാപികമാർ പ്രതികളായ എംഡിഎംഎ പണമിടപാട് കേസിലെ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണസംഘം. അധ്യാപികമാരുമായി ലക്ഷങ്ങളുടെ പണമിടപാട് നടത്തിയവരെ കണ്ടെത്തി ആദ്യം കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന്റെ നീക്കം.

## Article Content

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ പ്രതികളായ എംഡിഎംഎ പണമിടപാട് കേസിലെ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണസംഘം. അധ്യാപികമാരുമായി ലക്ഷങ്ങളുടെ പണമിടപാട് നടത്തിയവരെ കണ്ടെത്തി ആദ്യം കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന്റെ നീക്കം.

കേസിലെ പ്രധാന പ്രതികളിൽ ഒരാളായ പേരാമ്പ്ര ബിആർസി സ്പെഷ്യലിസ്റ്റ് അധ്യാപിക കീർത്തനയുടെ ജാമ്യാപേക്ഷ വടകര എൻഡിപിഎസ് കോടതി ഇന്ന് പരിഗണിക്കും.

സാമ്പത്തിക ഇടപാടുകൾ നടത്തിയ കീർത്തന, കാവ്യ, നീഷ്മ എന്നീ അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺ കോൾ ഡീറ്റൈൽസും ശേഖരിക്കുന്ന നടപടികൾ ആരംഭിച്ചു. കോടതിയിൽ സമർപ്പിക്കാനുള്ള റിപ്പോർട്ടിന്റെ ഭാഗമായി ശാസ്ത്രീയ തെളിവ് ശേഖരണവും അന്വേഷണ സംഘം തുടങ്ങി.

എടിഎം വഴി പണം പിൻവലിച്ചതടക്കമുള്ള ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളും പരിശോധിക്കുന്നുണ്ട്. എടിഎം കൗണ്ടറിൽ നിന്ന് കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചവരുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി തേടി അന്വേഷണ സംഘം ബാങ്കുകൾക്ക് കത്ത് നൽകിയിട്ടുണ്ട്.

ഇതുവഴി പണം പിൻവലിച്ചയാളെ കണ്ടെത്തുകയാണെങ്കിൽ അവരെയും കേസിൽ പ്രതിയാക്കും. ആയിരക്കണക്കിന് ഫോൺ കോളുകളാണ് സൈബർ സെൽ സഹായത്തോടെ പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുന്നത്.

എംഡിഎംഎ കേസിൽ ലഭിച്ച പണം മുഴുവൻ വയനാട് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ലഹരിയുടെ മൊത്ത വിതരണക്കാരനാണ് ഈ യുവാവെന്നാണ് നിഗമനം. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇയാളെ പിടികൂടിയ ശേഷം മാത്രമേ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കുകയുള്ളൂ

.ലഹരി ഇടപാടിന് പിന്നിൽ വലിയ ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376279/vadakara-mdma-case-teachers-bank-transactions-investigation)