---
title: "പോരാട്ടങ്ങൾ അവസാനിക്കില്ല; പാറ്റകൾ തുടർ സമരം ആലോചിക്കുന്നു; 5 ന് അഭിജിത് ദീപ്കെ യുടെ വീട്ടിൽ യോഗം"
english_title: "CJP to Plan Further Agitation After Ending 36-Day Jantar Mantar NEET Protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376276/cjp-plan-further-agitation-neet-protest-jantar-mantar"
published_at: "2026-08-03T09:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70111f6358b_cjp-plan-further-agitation-neet-protest-jantar.jpg"
keywords: ["NEET paper leak", "CJP", "Cockroach Janata Party", "Abhijit Deepke", "Jantar Mantar protest", "student cases withdrawal", "Dharmendra Pradhan resignation", "NEET controversy"]
---

# പോരാട്ടങ്ങൾ അവസാനിക്കില്ല; പാറ്റകൾ തുടർ സമരം ആലോചിക്കുന്നു; 5 ന് അഭിജിത് ദീപ്കെ യുടെ വീട്ടിൽ യോഗം

> **Lead Summary:** മുംബൈ: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ 36 ദിവസമായി നടത്തിയ സമരം അവസാനിപ്പിച്ചതിന് പിന്നാലെ, തുടർ സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ കോക്‌റോച്ച് ജനത പാർട്ടി (സി.ജെ.പി) ഒരുങ്ങുന്നു.

## Article Content

മുംബൈ: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ 36 ദിവസമായി നടത്തിയ സമരം അവസാനിപ്പിച്ചതിന് പിന്നാലെ, തുടർ സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ കോക്‌റോച്ച് ജനത പാർട്ടി (സി.ജെ.പി) ഒരുങ്ങുന്നു.

ഈ മാസം അഞ്ചിന് മുംബൈ ഛത്രപതി സംഭാജി നഗറിൽ സ്ഥിതി ചെയ്യുന്ന പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെയുടെ വസതിയിൽ സി.ജെ.പിയുടെ പ്രധാന നേതാക്കൾ യോഗം ചേരും. സമരത്തിൽ പങ്കെടുത്തവർക്കെതിരെ സ്വീകരിച്ച നിയമനടപടികൾ ചെറുക്കുന്നതിനുള്ള മാർഗങ്ങൾ, സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, വരാനിരിക്കുന്ന തുടർ സമരങ്ങളുടെ രൂപരേഖ എന്നിവയാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക.

യോഗത്തിന് മുന്നോടിയായി സംസ്ഥാനത്തിന് പുറത്തും അകത്തുമുള്ള വളണ്ടിയർമാരിൽ നിന്നും വിദ്യാർഥികളിൽ നിന്നും അഭിപ്രായങ്ങൾ ശേഖരിക്കാൻ നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. യോഗം പൂർത്തിയായ ഉടൻ നേതാക്കൾ വാർത്താസമ്മേളനം നടത്തി പുതിയ സമര പരിപാടികൾ പ്രഖ്യാപിക്കുമെന്നും പാർട്ടി അറിയിച്ചു.

അതിനിടെ ദീപ്‌കെ തന്റെ വസതിയിൽ സമീപ ജില്ലകളിൽ നിന്നെത്തുന്ന പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഫ്രണ്ട്ഷിപ് ഡേ ദിനത്തിൽ കൊച്ചുകുട്ടികൾക്കൊപ്പം അദ്ദേഹം സമയം ചെലവഴിക്കുകയും ചെയ്തു.

> നേരത്തെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കേസുകളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദീപ്‌കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. തന്നെ അധിക്ഷേപിച്ചവരോട് ക്ഷമിക്കുന്നുവെന്ന് മോദി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയ്ക്ക് പിന്നാലെയായിരുന്നു ഈ ആവശ്യം. "ഇൻസ്റ്റഗ്രാമിലൂടെ ക്ഷമിച്ചുവെന്ന് പറയുന്നതിൽ മാത്രം ഒതുങ്ങരുത്. വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ പൊലീസിന് നേരിട്ട് നിർദേശം നൽകണം" എന്നാണ് ദീപ്‌കെ ആവശ്യപ്പെട്ടത്.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിനെ തുടർന്നാണ് ജന്തർ മന്തറിലെ അനിശ്ചിതകാല സമരം സി.ജെ.പി അവസാനിപ്പിച്ചത്. എന്നാൽ വിദ്യാർഥികളുടെ ആവശ്യങ്ങൾ പൂർണമായി പരിഹരിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് പാർട്ടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376276/cjp-plan-further-agitation-neet-protest-jantar-mantar)