---
title: "ഇടുക്കിയിൽ മഴ ശക്തം; മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും,  തീരങ്ങളിൽ കർശന ജാഗ്രതാ നിർദ്ദേശം"
english_title: "Malankara Dam Shutters To Be Raised In Idukki, Alert Issued For Thodupuzha And Muvattupuzha Rivers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376273/malankara-dam-shutters-raised-idukki-alert-thodupuzha-river-"
published_at: "2026-08-03T09:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a700cc83ccf1_malankara-dam-shutters-raised-idukki-alert-thodupuzha-river.jpg"
keywords: ["Idukki", "Malankara Dam", "Thodupuzha", "Muvattupuzha", "Kerala Flood", "Heavy Rain", "Kerala Rain"]
---

# ഇടുക്കിയിൽ മഴ ശക്തം; മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും,  തീരങ്ങളിൽ കർശന ജാഗ്രതാ നിർദ്ദേശം

> **Lead Summary:** **ഇടുക്കി: **ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി ഒന്നര മീറ്റർ വരെ കൂടുതൽ ഉയർത്താൻ തീരുമാനം.ഡാമിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതിനാൽ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരങ്ങളിൽ കർശന ജാഗ്രതാ നിർദ്ദേശം നൽകി.

## Article Content

**ഇടുക്കി: **ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി ഒന്നര മീറ്റർ വരെ കൂടുതൽ ഉയർത്താൻ തീരുമാനം.ഡാമിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതിനാൽ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരങ്ങളിൽ കർശന ജാഗ്രതാ നിർദ്ദേശം നൽകി.

തൊടുപുഴയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ നേരത്തെ തന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇലാഹിയ നഗർ, കൊച്ചങ്ങാടി എന്നിവിടങ്ങളിൽ വെള്ളക്കെട്ട് വീണ്ടും രൂപപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇറങ്ങിയ വെള്ളം പൂർണ്ണമായി ശുചീകരിച്ച് താമസിക്കാൻ തുടങ്ങുന്നതിനിടയിലാണ് വീണ്ടും വെള്ളം കയറിയത്.

ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ ലഭിക്കുന്നതിനാൽ ചെറുതോണി കട്ടപ്പന പാതയിലും വണ്ണപ്പുറം ചേലച്ചുവട് റോഡിലും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. കൂടാതെ ജില്ലയിലെ പ്രധാന ജലസ്രോതസ്സുകളായ കല്ലാർകുട്ടി, പാമ്പ്ല, കല്ലാർ, ഇരട്ടയാർ തുടങ്ങിയ ഡാമുകളിൽ റെഡ് അലർട്ട് നിലനിൽക്കുന്നുണ്ട്. ഡാമുകളുടെ ജലനിരപ്പ് അധികൃതർ നിരന്തരം നിരീക്ഷിച്ചു വരികയാണ്.

അതേസമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നീളുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ ശക്തമായത്. Placesof Worship

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40-50 കി.മീ വരെ വേഗതയിൽ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

കാലാവസ്ഥ മോശമായതിനാൽ കേരള തീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് കർശന നിർദേശം നൽകി. മഴ ശക്തമായി തുടരുന്നതിനാൽ പമ്പാ നദിയിലെ ജലനിരപ്പ് അതിവേഗം ഉയരുകയാണ്.

റാന്നി, കോഴഞ്ചേരി താലൂക്കുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. കൂടുതൽ പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376273/malankara-dam-shutters-raised-idukki-alert-thodupuzha-river-)