---
title: " ചുരം കയറാൻ നിൽക്കേണ്ട...! താമരശ്ശേരി ചുരത്തിൽ നിയന്ത്രണം തുടരുന്നു; ക്യാമ്പുകളുടെ എണ്ണം ഉയരുന്നു, മരണസംഖ്യ 11 ആയി ഉയർന്നു"
english_title: "Rain Eases In North Kerala, 7674 People In 273 Relief Camps Across State"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376265/north-kerala-rain-eases-7674-people-relief-camps-"
published_at: "2026-08-03T08:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7007e7e36fe_north-kerala-rain-eases-7674-people-relief-camps-.jpg"
keywords: ["Kerala Rain", "Flood", "Relief Camps", "Kozhikode", "Malappuram", "Wayanad", "Pathanamthitta", "Kerala Weather"]
---

#  ചുരം കയറാൻ നിൽക്കേണ്ട...! താമരശ്ശേരി ചുരത്തിൽ നിയന്ത്രണം തുടരുന്നു; ക്യാമ്പുകളുടെ എണ്ണം ഉയരുന്നു, മരണസംഖ്യ 11 ആയി ഉയർന്നു

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം അനുഭവപ്പെട്ടുതുടങ്ങി. മലപ്പുറത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും വയനാട്ടിൽ മഴ മാറിനിൽക്കുന്ന സ്ഥിതിയാണുള്ളത്. എങ്കിലും താമരശ്ശേരി ചുരത്തിലും വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുകയാണ്.

## Article Content

**കോഴിക്കോട്: **സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം അനുഭവപ്പെട്ടുതുടങ്ങി. മലപ്പുറത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും വയനാട്ടിൽ മഴ മാറിനിൽക്കുന്ന സ്ഥിതിയാണുള്ളത്. എങ്കിലും താമരശ്ശേരി ചുരത്തിലും വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുകയാണ്.

കോഴിക്കോട് നഗരത്തിൽ മഴയ്ക്ക് ശമനമുണ്ടായെങ്കിലും പല ഭാഗങ്ങളും വെള്ളക്കെട്ടിലമർന്നിരിക്കുകയാണ്. തീരദേശത്തും മലയോര മേഖലയിലും ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതിനിടെ, മഴക്കെടുതികളുടെ ഔദ്യോഗിക കണക്കുകൾ പുറത്തുവന്നു. സംസ്ഥാനത്താകെ 273 ദുരിതാശ്വാസ ക്യാമ്പുകളിലായി 7674 പേരെയാണ് ഇതിനകം മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് (75 എണ്ണം). കോട്ടയത്ത് 64 ക്യാമ്പുകളും കോഴിക്കോട് 36 ക്യാമ്പുകളും സജീവമാണ്.

ഇന്നലെ വൈകീട്ട് വരെയുള്ള കണക്കുകൾ പ്രകാരം മഴക്കെടുതികളിൽ സംസ്ഥാനത്ത് 11 പേർ മരിച്ചതായാണ് സർക്കാർ സ്ഥിരീകരണം. കൂടാതെ 30 വീടുകൾ പൂർണമായും 293 വീടുകൾ ഭാഗികമായും തകർന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർമാരാണ് അവധി സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അവസാനമായി ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കനത്ത മഴയും ജലനിരപ്പ് ഉയരുന്നതും കണക്കിലെടുത്താണ് ഈ തീരുമാനം.

നേരത്തെ തന്നെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ 12 ജില്ലകളിലാണ് ഇന്ന് ക്ലാസുകൾ ഉണ്ടാകാത്തത്.

സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. റെസിഡൻഷ്യൽ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികൾ ഉറപ്പുവരുത്തണമെന്ന് ജില്ലാ ഭരണകൂടങ്ങൾ നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376265/north-kerala-rain-eases-7674-people-relief-camps-)